Wednesday, February 13, 2013
പൊതുവിദ്യാഭ്യാസം തകര്‍ക്കാന്‍ അനുവദിക്കരുത്: പാലോളി
മലപ്പുറം: പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ നീക്കം അംഗീകരിക്കാനാവില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പാലോളി മുഹമ്മദ്കുട്ടി പറഞ്ഞു. കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പണം സമ്പാദിക്കാനുള്ള കച്ചവടച്ചരക്കായി വിദ്യാഭ്യാസത്തെ മാറ്റുകയാണ്. ഇതിനെതിരായി ജനങ്ങളൊന്നാകെ രംഗത്തുവരണമെന്ന് അദ്ദേഹം പറഞ്ഞു.
സ്ത്രീസമൂഹം പ്രതികരിക്കാന്‍ തയ്യാറാവണം: കെ കെ ശൈലജ
മലപ്പുറം: വര്‍ധിക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പോരാടാനുള്ള ശക്തി സ്ര്തീകള്‍ സ്വയം ആര്‍ജിക്കണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ അഭിപ്രായപ്പെട്ടു. വൈകാരിക കൂടിച്ചേരല്‍കൊണ്ട് സ്ത്രീകള്‍ ഇന്നനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാവില്ല. അതിന് രാഷ്ട്രീയ ധാരണ അനിവാര്യമാണ്. കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള മഹിളാ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അവര്‍. ഡല്‍ഹി സംഭവത്തിനുശേഷമുണ്ടായ ഒത്തുചേരല്‍ വെറും വൈകാരികമായിരുന്നു. ഇത്തരത്തിലുള്ള കൂട്ടായ്മകൊണ്ടുമാത്രം പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ല. സാമൂഹ്യവ്യവസ്ഥ മാറണം. നെറികേടിനെതിരെയുള്ള പോരാട്ടമാണ് വേണ്ടത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും പരസ്യമായി അപമാനിച്ച രജത്കുമാറിനെതിരെ നടപടിയുണ്ടാവാത്തത് നിര്‍ഭാഗ്യകരമാണ്. സ്ത്രീവിരുദ്ധരെ ഭരണാധികാരികള്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നതിന് തെളിവാണിത്. സദസ്സില്‍ ഇതിനെതിരെ പ്രതികരിക്കാന്‍ ഒരു പെണ്‍കുട്ടി മാത്രമേ ഉണ്ടായുള്ളൂ എന്നത് നിരാശാജനകമാണ്. പ്രതിഷേധിച്ച പെണ്‍കുട്ടി സമൂഹത്തില്‍ ആദരിക്കപ്പെടേണ്ടവളാണ്. സ്ത്രീ ജന്മനാ മന്ദബുദ്ധിയാണെന്ന കാന്തപുരത്തിന്റെയടക്കം പ്രസ്താവനകള്‍ അവള്‍ ആക്രമിക്കപ്പെടേണ്ടവളാണ് എന്ന ധ്വനിയാണ് ഉയര്‍ത്തുന്നത്. പുരുഷമേധാവിത്വമനസ്സില്‍നിന്ന് പുറപ്പെടുന്ന ഇത്തരം പ്രസ്താവനകള്‍ അംഗീകരിക്കാനാവില്ല-അവര്‍ പറഞ്ഞു.
സൂര്യനെല്ലി കേസിലെ നിയമോപദേശം നേരത്തെ തയ്യാറാക്കിയ തിരക്കഥ: പന്ന്യന്‍
മലപ്പുറം: സൂര്യനെല്ലി കേസില്‍ പുനരന്വേഷണം ആവശ്യമില്ലെന്ന നിയമോപദേശം നേരത്തെ തയ്യാറാക്കിയ തിരക്കഥയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ഉപദേശം നല്‍കിയ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആസിഫലി ആരാണെന്നും ആ സ്ഥാനത്തേക്ക് വന്ന വഴിയും എല്ലാവര്‍ക്കും അറിയാം. കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിന് പഴക്കമുണ്ടെന്ന് കരുതി കുറ്റവാളി കുറ്റവാളിയല്ലാതാവുന്നില്ല. കുര്യനെ പുറത്താക്കാനുള്ള തന്റേടം സോണിയ കാണിക്കണം. സൂര്യനെല്ലി പെണ്‍കുട്ടിയെ ബാലവേശ്യയെന്ന് വിളിച്ച ജസ്റ്റിസ് ബസന്ത് ആ പദവിയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്നും പന്ന്യന്‍ പറഞ്ഞു.
മന്ത്രിമാര്‍ തരംതാഴുന്നു: കെ കെ ഷാഹിന
മലപ്പുറം: കലുങ്കിലിരുന്ന് കമന്റടിക്കുന്ന നാടന്‍ വായ്നോക്കികളെപ്പോലെയാണ് കേന്ദ്രമന്ത്രിമാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തക കെ കെ ഷാഹിന. അഞ്ച് വര്‍ഷത്തേയ്ക്ക് ജനങ്ങള്‍ നല്‍കിയ ഇരിപ്പിടമാണ് അധികാരമെന്ന് ഓര്‍ക്കാതെയുള്ള വഷളന്‍ ചിരിയാണ് വയലാര്‍ രവിയുടേത്. മാധ്യമ പ്രവര്‍ത്തകയായ പെണ്‍കുട്ടിയ്ക്കുനേരെപ്പോലും ധാര്‍ഷ്ട്യത്തോടെ സംസാരിക്കാന്‍ കേന്ദ്രമന്ത്രി ധൈര്യപ്പെടുന്നുവെന്നത് ഭീതിദമാണ്. കെഎസ്ടിഎ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മഹിളാ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍. 156 പേജുകളുള്ള സൂര്യനെല്ലി കേസിന്റെ വിധിന്യായത്തില്‍ ഒരിടത്തുപോലും നിയമമില്ലെന്ന് മനസ്സിലാക്കാന്‍ സാമാന്യബോധമുള്ളവര്‍ക്ക് സാധിക്കും. വിധിപ്രഖ്യാപിച്ച ഹൈക്കോടതി ബെഞ്ചില്‍ ഒരു സ്ത്രീയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു വിധി വരില്ലായിരുന്നു. സ്ത്രീയായി പിറന്നവര്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്ത ന്യായങ്ങളാണ് വിധിയിലുള്ളതെന്നും ഷാഹിന പറഞ്ഞു.
മതസംഘടനകളുടെ ഇടപെടല്‍ അജന്‍ഡയോടെ: പി കെ സൈനബ
മലപ്പുറം: കൃത്യമായ അജന്‍ഡയോടെയുള്ള ഇടപെടലാണ് മതസംഘടനകള്‍ സ്ത്രീപ്രശ്നങ്ങളില്‍ നടത്തുന്നതെന്ന് സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം പി കെ സൈനബ പറഞ്ഞു. ഒരുമിച്ചിരുന്ന് പഠിക്കുന്നതുകൊണ്ടാണ് പീഡനം നടക്കുന്നത് എന്നാണ് ഒരുവിഭാഗം പ്രചരിപ്പിക്കുന്നത്. ഇത് അടിസ്ഥാനമില്ലാത്ത പ്രചാരണമാണ്. അതിക്രമങ്ങളെ ചോദ്യംചെയ്യാന്‍ സ്ത്രീകള്‍ കരുത്താര്‍ജിക്കണം. വിദ്യാഭ്യാസമേഖലയിലും ജാതിമത സംഘടനകളുടെ ഇടപെടല്‍ വര്‍ധിക്കുകയാണ്. വിദ്യാഭ്യാസമേഖല ജാതിമത സംഘടനകള്‍ വീതിച്ചെടുക്കുകയാണെന്നും ഇതിനെതിരെ അധ്യാപക സമുഹം രംഗത്തുവരണമെന്നും സൈനബ പറഞ്ഞു.
കുര്യന്റെ കാര്യത്തില്‍ ഇരട്ടനീതി: പ്രേമചന്ദ്രന്‍
മലപ്പുറം: പി ജെ കുര്യന്റെ കാര്യത്തില്‍ സര്‍ക്കാരിന് ഇരട്ട നീതിയാണെന്ന് ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എം എം മണിയുടെ കാര്യത്തിലും ജയകൃഷ്ണന്‍ വധക്കേസിലും പുനരന്വേഷണമാവാം, പി ജെ കുര്യന്റെ കാര്യത്തില്‍ അതാവില്ലെന്ന് പറയുന്നത് ശരിയല്ല. സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ സൂര്യനെല്ലി കേസില്‍ കുര്യന്റെ പങ്ക് പകല്‍പോലെ വ്യക്തമാണ്. നിയമവാഴ്ച ഭരണകൂടത്തിനുവേണ്ടി വഴിമാറുകയാണെന്ന് ഇതിലൂടെ വ്യക്തമാവുന്നതായും അദ്ദേഹം പറഞ്ഞു.
deshabhimani 130213
Subscribe to:
Post Comments (Atom)
No comments:
Post a Comment