Tuesday, February 5, 2013

ഹയര്‍ സെക്കന്ററി ഡയറക്ടറുടെ ദേഹത്ത് കെ എസ് യുക്കാര്‍ കരിഓയിലൊഴിച്ചു

ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ഓഫീസില്‍ അതിക്രമിച്ച് കയറിയ എട്ടംഗ കെ എസ് യു സംഘം ഡയറക്ടര്‍ കേശവേന്ദ്രകുമാറിനെ കരി ഓയിലില്‍ കുളിപ്പിച്ചു. ചൊവാഴ്ച പകല്‍ 1.45നായിരുന്നു ചില ദൃശ്യമാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ആക്രമണം. ജില്ലാ സെക്രട്ടറി സി പി നൂറുദ്ദീന്റെ നേതൃത്വത്തില്‍ ഓഫീസിലെത്തിയ കെ എസ് യു സംഘം നേരെ ഡയറക്ടറുടെ റൂമിലേക്ക് പ്രവേശിക്കുകയായിരുന്നു. ഹയര്‍ സെക്കന്‍ഡറി ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കാനാണ് എത്തിയതെന്ന് സംഘം പറഞ്ഞു. സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ച ഫീസ് കുറയ്ക്കാന്‍ തിങ്കളാഴ്ച ഉത്തരവായിട്ടുണ്ടെന്നും ഉത്തരവ് പരിശോധിച്ചാല്‍ ഫീസില്‍ വരുത്തിയിട്ടുള്ള കുറവ് മനസിലാക്കാമെന്നും ഡയറക്ടര്‍ അറിയിച്ചതോടെ കൂടുതല്‍ സംസാരിക്കാതെ സംഘം ആക്രമണം ആരംഭിക്കുകയായിരുന്നു.

രണ്ടുപേര്‍ ഡയറക്ടറുടെ കൈയില്‍ പടിച്ചുനിര്‍ത്തിയശേഷം കുപ്പിയില്‍ ബാഗില്‍ കരുതിയിരുന്ന കരി ഓയില്‍ ഒരാള്‍ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. അക്രമികള്‍ക്കൊപ്പം എത്തിയ മാധ്യമപ്രവര്‍ത്തകര്‍ അക്രമം തത്സമയം ക്യാമറയില്‍ പകര്‍ത്തി. ഉടന്‍ അദേഹത്തിന്റെ പിഎ പി ലാലു അക്രമികളെ തടയാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ദേഹത്തേക്കും കരി ഓയി ഒഴിച്ചു. ഓടിയെത്തിയ സൂപ്രണ്ട് പ്രേമചന്ദ്രബാബു. അക്രമികളെ ഓഫീസ് റൂമിനകത്തുനിന്ന് പുറത്താക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥന്‍ അജിയെ കെ എസ്യുകാര്‍ തള്ളി വീഴ്ത്തി. ദേഹാസ്വാസഥ്യം അനുഭവപ്പെട്ട കേശവേന്ദ്രകുമാറിനെ മറ്റു ജീവനക്കാര്‍ ബാത്തുറൂമിലേക്ക് കൊണ്ടുപോയി. കുളി കഴിഞ്ഞ് വന്ന അദ്ദേഹം ഒന്നും പ്രതികരിക്കാതെ വീട്ടിലേക്ക് പോയി.

കെ എസ്യുവിന്റെ പതാകകളുമായി എത്തിയായിരുന്നു അക്രമം.  അക്രമികളെ ഉടന്‍ മറ്റ് ജീവനക്കാര്‍ പിടിച്ച് വച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. തമ്പാനൂര്‍ സിഐ ഷീന്‍ തറയിലിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി കരി ഓയിലില്‍ വീണ ഷര്‍ട്ടും കരി ഓയില്‍ നിറച്ച കുപ്പിയും ബാഗും കസ്റ്റഡിയിലെടുത്തു. അക്രമികള്‍ പൊലീസ് കസ്റ്റഡിയിലാണ്.

deshabhimani

No comments:

Post a Comment