Thursday, February 14, 2013
അഫ്സല്‍ ഗുരുവിന്റെ കുടുംബത്തിന് കത്ത് വൈകിപ്പിച്ചത് ബോധപൂര്‍വം
അഫ്സല്‍ഗുരുവിന്റെ ദയാഹര്‍ജി തള്ളിയെന്ന് അറിയിക്കുന്ന കത്ത് കശ്മീരിലെ കുടുംബാംഗങ്ങള്‍ക്ക് അയച്ചത് വധശിക്ഷ നടപ്പാക്കുന്ന വിവരം അവര്‍ അറിയരുതെന്ന കണക്കുകൂട്ടലോടെ. കഴിഞ്ഞ ആഴ്ച ആറിനുതന്നെ കത്ത് തയ്യാറാക്കിയെങ്കിലും പോസ്റ്റ് ചെയ്തത് വധശിക്ഷയുടെ തലേന്നായ എട്ടിനാണ്. ഡല്‍ഹിയില്‍ നിന്ന് സ്പീഡ് പോസ്റ്റ് കശ്മീരിലെത്താന്‍ രണ്ടു ദിവസം വേണം. ഇതനുസരിച്ച് വധശിക്ഷ നടത്തിയ ഒമ്പതിന് ശേഷം മാത്രമേ കുടുംബത്തിന് കത്ത് ലഭിക്കൂ എന്ന് കേന്ദ്രസര്‍ക്കാരിന് അറിയാമായിരുന്നു. ഒരാളെ വധശിക്ഷയ്ക്ക് വിധേയനാക്കുംമുമ്പ് അദ്ദേഹത്തിന്റെ കുടുംബത്തെ വിവരം അറിയിക്കണമെന്നാണ് ജയില്‍ചട്ടം. അഫ്സലിന്റെ കാര്യത്തില്‍ ചട്ടം ബോധപൂര്‍വം ലംഘിച്ചു. ആറിന് തയ്യാറാക്കിയ കത്ത് അന്നുതന്നെ ഡല്‍ഹിയില്‍നിന്ന് അയച്ചിരുന്നെങ്കില്‍ എട്ടിന് കശ്മീരില്‍ കിട്ടുമായിരുന്നു. എന്നാല്‍,അത് സംഭവിക്കരുതെന്ന് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ദയാഹര്‍ജി തള്ളിയ വിവരം കുടുംബത്തെ സ്പീഡ് പോസ്റ്റിലൂടെ അറിയിച്ചിരുന്നെന്നാണ് പിന്നാലെ ആഭ്യന്തര സെക്രട്ടറി അവകാശപ്പെട്ടത്.
അഫ്സല്‍ഗുരുവിന്റെ കബറിടം കാണാന്‍ കുടുംബാംഗങ്ങളെ അനുവദിക്കും
തിഹാര്‍ ജയിലില്‍ അഫ്സല്‍ ഗുരുവിനെ സംസ്കരിച്ച സ്ഥലം സന്ദര്‍ശിക്കാന്‍ കുടുംബാംഗങ്ങള്‍ക്ക് അനുമതി നല്‍കുമെന്ന് ആഭ്യന്തര സെക്രട്ടറി ആര്‍ കെ സിങ് അറിയിച്ചു. കുടുംബാംഗങ്ങളെപ്പോലും അറിയിക്കാതെ കഴിഞ്ഞ ശനിയാഴ്ചയാണ് അഫ്സല്‍ ഗുരുവിനെ രഹസ്യമായി തൂക്കിക്കൊന്നത്. അതേസമയം, മൃതദേഹം കശ്മീരിലെ ജന്മഗ്രാമത്തില്‍ സംസ്കരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തിലാണ് അഫ്സലിന്റെ കുടുംബം. ഈ ആവശ്യത്തോട് കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. കബറിടം അഫ്സല്‍ ഗുരുവിന്റെ അടുത്ത ബന്ധുക്കള്‍ സന്ദര്‍ശിക്കുന്നതില്‍ തടസ്സമില്ലെന്ന് ആര്‍ കെ സിങ് പറഞ്ഞു. അഫ്സലിന്റെ ഭാര്യ തബസം, മകന്‍ ഗാലിബ്, മറ്റ് ബന്ധുക്കള്‍ എന്നിവര്‍ക്കാണ് സന്ദര്‍ശനാനുമതി നല്‍കുക. സന്ദര്‍ശന തീയതി ജയില്‍ അധികൃതര്‍ തീരുമാനിക്കും. മൃതദേഹം മറവ് ചെയ്തിടത്ത് പ്രാര്‍ഥന നടത്താനുള്ള കുടുംബാംഗങ്ങളുടെ ആഗ്രഹം കണക്കിലെടുത്താണ് അനുമതി.ജയിലില്‍ അഫ്സല്‍ ഗുരുവിന്റേതായി അവശേഷിക്കുന്ന സാധനസാമഗ്രികള്‍ കുടുംബാംഗങ്ങള്‍ക്ക് വിട്ടുനല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ജയില്‍ സന്ദര്‍ശിക്കാന്‍ കുടുംബാംഗങ്ങള്‍ ആഗ്രഹം പ്രകടിപ്പിച്ചാല്‍ പരിഗണിക്കുമെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ജയില്‍ സന്ദര്‍ശനത്തേക്കാള്‍ തങ്ങള്‍ ആഗ്രഹിക്കുന്നത് മൃതദേഹം കശ്മീരിലെ സോപോറില്‍ കൊണ്ടുവന്ന് സംസ്കരിക്കാനാണെന്ന് അഫ്സലിന്റെ അര്‍ധ സഹോദരന്‍ മൊഹമ്മദ് യാസില്‍ പറഞ്ഞു. വധശിക്ഷ വിവരം അറിഞ്ഞയുടന്‍ ഇക്കാര്യം തിഹാര്‍ ജയില്‍ അധികൃതരെയും ബാരാമുള്ള ഡെപ്യൂട്ടി കമീഷണറെയും അറിയിച്ചിട്ടുണ്ട്.
deshabhimani
Subscribe to:
Post Comments (Atom)
No comments:
Post a Comment