Thursday, February 14, 2013

ഹെലികോപ്റ്റര്‍ അഴിമതി: മുന്‍ വ്യോമസേനാമേധാവി പ്രതിക്കൂട്ടില്‍


വിവിഐപികളുടെ യാത്രയ്ക്കുള്ള ആഡംബര ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിലെ വന്‍ അഴിമതി യുപിഎ സര്‍ക്കാരിന് പുതിയ തലവേദനയാകുന്നു. 362 കോടിരൂപ കോഴയായി കൈമാറിയ ഇടപാടില്‍ മുന്‍ വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ എസ് പി ത്യാഗിയുടെ പേരാണ് ഇറ്റാലിയന്‍ അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ പുറത്തുവന്നിട്ടുള്ളത്. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് അഴിമതി ഇടപാടില്‍ ഏതെങ്കിലും സേനാമേധാവിയുടെ പങ്കാളിത്തം പുറത്താകുന്നത്.

ഇടപാടിനെക്കുറിച്ച് കഴിഞ്ഞദിവസം സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അഗസ്തവെസ്റ്റ്ലാന്‍ഡ് കമ്പനിയുമായുള്ള കരാര്‍ മരവിപ്പിച്ചതായി പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. 1000 കോടി രൂപയ്ക്കുമേലുള്ള പ്രതിരോധ ഇടപാടുകളെല്ലാം കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാസമിതിയുടെ അനുമതിയോടെ മാത്രമേ ഒപ്പുവയ്ക്കാനാകൂ. ഹെലികോപ്റ്റര്‍ ഇടപാട് 2010ല്‍ ഒപ്പുവച്ചതായതിനാല്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, പ്രതിരോധമന്ത്രി എ കെ ആന്റണി, അന്ന് ധനമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജി, ആഭ്യന്തരമന്ത്രിയായിരുന്ന പി ചിദംബരം, വിദേശമന്ത്രിയായിരുന്ന എസ് എം കൃഷ്ണ എന്നിവര്‍ക്ക് ഇതില്‍ ഉത്തരവാദിത്തമുണ്ട്.

ഇറ്റലിയിലെ ഫിന്‍മെക്കാനിക്ക കമ്പനിയുടെ ഉപകമ്പനിയായ അഗസ്തവെസ്റ്റ്ലാന്‍ഡ് കമ്പനിയില്‍നിന്ന് 12 എഡബ്ല്യു 101 ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള കരാറിലാണ് വന്‍അഴിമതി അരങ്ങേറിയത്. 3600 കോടിയുടെ ഇടപാടില്‍ 362 കോടി രൂപ കോഴപ്പണമായി ഫിന്‍മെക്കാനിക്ക കമ്പനി ഇന്ത്യയില്‍ ചെലവഴിച്ചെന്നാണ് ഇറ്റാലിയന്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. രാജ്യത്തെ ഉന്നത രാഷ്ട്രീയനേതൃത്വത്തിനും പ്രതിരോധമന്ത്രാലയത്തിലെ ഉന്നതര്‍ക്കും പണം ലഭിച്ചെന്നാണ് സൂചന. കരാറിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ച ജൂലി ത്യാഗി, ദോക്സ ത്യാഗി, സന്ദീപ് ത്യാഗി എന്നിവര്‍ മുന്‍ വ്യോമസേനാ മേധാവി എസ് പി ത്യാഗിയുടെ അടുത്ത ബന്ധുക്കളാണ്. ത്യാഗി വ്യോമസേനാ മേധാവിയായിരിക്കെയാണ് ഇടപാടിന്റെ പ്രാരംഭ ചര്‍ച്ചകള്‍ നടന്നത്. എസ് പി ത്യാഗി കോഴ വാങ്ങിയിട്ടുണ്ടെന്നാണ് ഇറ്റാലിയന്‍ പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. 64 പേജ് വരുന്ന റിപ്പോര്‍ട്ട് ഇറ്റലിയിലെ ബുസ്റ്റോ അര്‍സിസിയോ നഗരത്തിലെ ട്രിബ്യൂണല്‍ മുമ്പാകെയാണ് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഫിന്‍മെക്കാനിക്ക കമ്പനിയുടെ സിഇഒ ഗിസപ്പെ ഒര്‍സിയെ അറസ്റ്റുചെയ്തത്. ത്യാഗി പണം കൈപ്പറ്റിയിട്ടുണ്ടെങ്കിലും ഇത് എത്രയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല.

ലേലപ്രക്രിയയില്‍ അഗസ്തവെസ്റ്റ്ലാന്‍ഡ് കമ്പനിയെ കടത്തിവിടുന്നതിന് സാങ്കേതിക ആവശ്യകതകളില്‍ ഇന്ത്യന്‍ അധികൃതര്‍ തിരിമറി നടത്തിയതായി ഇറ്റാലിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനാണ് കോഴ കൈമാറിയത്. പണം ഇടനിലക്കാര്‍ വഴിയാണ് വേണ്ടപ്പെട്ട ഉദ്യോഗസ്ഥരിലെത്തിയത്. 2004 മുതല്‍ 2007 വരെയുള്ള കാലയളവിലാണ് എസ് പി ത്യാഗി സേനാ തലപ്പത്തിരുന്നത്. ത്യാഗിയുടെ ബന്ധുക്കള്‍ക്കു പുറമെ ബ്രിട്ടീഷ് കണ്‍സള്‍ട്ടന്റ് ക്രിസ്ത്യന്‍ മിച്ചലിന്റെ പേരും ഇടനിലക്കാരനായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടപാടില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച കാര്‍ലൊ ഗെരാസെ എന്ന വ്യക്തിയെ ബന്ധുവീട്ടില്‍ കണ്ടിട്ടുണ്ടെന്ന് ത്യാഗി സമ്മതിച്ചു. എന്നാല്‍, അഴിമതി നടത്തിയിട്ടില്ല. കരാറുമായി ബന്ധപ്പെട്ട വിലയിരുത്തല്‍, പരീക്ഷണങ്ങള്‍, കരാര്‍ ഒപ്പിടല്‍ എന്നിവ താന്‍ വിരമിച്ചശേഷമാണ് നടന്നത്- ത്യാഗി പറഞ്ഞു.
(എം പ്രശാന്ത്)

ഹെലികോപ്റ്റര്‍ അഴിമതി : കര്‍ശന നടപടിയെടുക്കുമെന്ന് ആന്റണി

ന്യൂഡല്‍ഹി: ഇറ്റലിയുമായുള്ള ഹെലികോപ്റ്റര്‍ ഇടപാടില്‍ അഴിമതി നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചൊവ്വാഴ്ച തന്നെ സിബിഐ അന്വേഷണത്തിനുത്തരവിട്ടു. വേഗത്തില്‍ പൂര്‍ത്തിയാക്കി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. അതിനുമുന്‍പ് മുന്‍ധാരണയോടെ ഒന്നും പറയാന്‍ കഴിയില്ല. കരാറിന്റെ ഒരു ഘട്ടത്തിലും അഴിമതി ദൃശ്യമായിട്ടില്ല.

പത്തുവര്‍ഷം നീണ്ട വലിയപ്രക്രിയയായിരുന്നു കരാര്‍. പതിനൊന്നു മാസം മുന്‍പ് ചില കാര്യങ്ങള്‍ അന്വേഷിച്ചതല്ലാതെ അന്വേഷണം സംബന്ധിച്ച് ഇറ്റലി കൂടുതല്‍ കാര്യങ്ങള്‍ ഇന്ത്യയെ അറിയിച്ചിട്ടില്ലെന്നും ആന്റണി പറഞ്ഞു. ഇറ്റലിയിലെ ഇന്ത്യന്‍ അംബാസിഡറെ കൂടുതല്‍ കാര്യങ്ങള്‍ക്കായി ചുമതല ഏല്‍പിച്ചു. ആറു കമ്പനികള്‍ക്കെതിരെ സിബിഐ റിപ്പോര്‍ട്ടു നല്‍കി. അഴിമതി നടത്തിയതായി തെളിഞ്ഞ കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തും. രണ്ട് അന്വേഷണമാണ് നടക്കുന്നത് ഒന്ന് ഇന്ത്യയുടെയും മറ്റൊന്ന് ഇറ്റലിയുടെയും. പ്രതിരോധവകുപ്പില്‍ അഴിമതി വെച്ചുപൊറുപ്പിക്കില്ല. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്താണ് കരാര്‍ ഒപ്പിട്ടത്. നടപടികള്‍ നീണ്ടു. നിലവില്‍ ഇതൊരു രാഷ്ട്രീയപ്രശ്നമായി കാണാന്‍ ആഗ്രഹിക്കുന്നില്ല. മുന്‍ വ്യോമസേനാമേധാവി എസ് പി ത്യാഗിയുടെ ഇടപെടലിനെക്കുറിച്ചറിയില്ല. ഈ ഘട്ടത്തില്‍ അത്തരമൊരു പരാമര്‍ശത്തിന് പ്രസക്തിയില്ലെന്നും ആന്റണി അറിയിച്ചു.

ഇന്ത്യയിലെ വിഐപികള്‍ക്ക് സഞ്ചരിക്കാന്‍ ഇറ്റാലിയന്‍ കമ്പനിയില്‍നിന്ന് ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിന് പ്രതിരോധമന്ത്രാലയത്തിലെ ചിലര്‍ 362 കോടി രൂപയോളം കോഴ കൈപ്പറ്റിയെന്ന് കഴിഞ്ഞ ദിവസം തെളിഞ്ഞു. ഇടപാടുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രതിരോധ സ്ഥാപനമായ ഫിന്‍മെക്കാനിക്ക എസ്പിഎയുടെ തലവന്‍ ഗ്യുസെപ്പെ ഓര്‍സിയെ ഇറ്റലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. താന്‍ വിരമിച്ച ശേഷമാണ് കരാര്‍ ഒപ്പിട്ടതെന്ന് ത്യാഗി വ്യക്തമാക്കിയിട്ടുണ്ട്.

deshabhimani 140313

No comments:

Post a Comment