Thursday, February 21, 2013

ഗോഡൗണുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ കുമിഞ്ഞുകൂടുന്നു ദരിദ്രര്‍ക്ക് നല്‍കാന്‍ ഒരുപിടിപോലുമില്ല്


സര്‍ക്കാര്‍ ഗോഡൗണുകളില്‍ അരിയും ഗോതമ്പും ഉള്‍പ്പെടെയുള്ള ധാന്യങ്ങള്‍ കുമിഞ്ഞുകൂടുമ്പോഴും രാജ്യത്തെ ദരിദ്രനാരായണന്മാരായ ആളുകളുടെ ചട്ടിയില്‍ ഒരുമണി അരിയിടാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശ്രമം നടക്കുന്നില്ല. കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രി കെ വി തോമസ് ഭക്ഷ്യസുരക്ഷാബില്ലിന്റെ പേരില്‍ കുറേ സെമിനാറുകള്‍ സംഘടിപ്പിച്ചതല്ലാതെ രാജ്യത്തെ വിവിധ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ 2011ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ വിതരണംചെയ്യാനുള്ള പദ്ധതികള്‍ കടലാസില്‍പോലും ആരംഭിച്ചുകഴിഞ്ഞിട്ടില്ല.

2013 ജനുവരി ഒന്നിലെ കണക്ക്പ്രകാരം 671 ലക്ഷം ടണ്ണാണ് ഗോഡൗണുകളില്‍ സ്‌റ്റോക്കുള്ളത്.  ഗവണ്‍മെന്റ് നയപ്രകാരം 200 ലക്ഷം ടണ്‍ ഗോഡൗണുകളില്‍ സ്‌റ്റോക്ക് എല്ലായ്‌പ്പോഴും ഉണ്ടാകണം.  ഇതിനുപുറമെ 50 ലക്ഷം ടണ്‍ അടിയന്തര സാഹചര്യങ്ങളില്‍ വിനിയോഗത്തിനായി മാറ്റിവെയ്ക്കണമെന്നാണ്. ഇതിനുശേഷമുള്ളവ പൊതുവിതരണസമ്പ്രദായംവഴി ജനങ്ങളിലെത്തിക്കണമെന്നാണ് കീഴ്‌വഴക്കം.

കഴിഞ്ഞവര്‍ഷത്തെ കണക്കുകള്‍പ്രകാരം രാജ്യത്തെ 200 മില്യണ്‍ ജനങ്ങള്‍ കടുത്ത ദാരിദ്ര്യത്തിന്റെ പിടിയിലാണ്. ഇന്ത്യയിലെ 43 ശതമാനം കുഞ്ഞുങ്ങള്‍ പോഷകാഹാരക്കുറവ്മൂലം വിവിധ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നു. കടുത്ത ദാരിദ്ര്യവും പോഷകാഹാരക്കുറവുമുള്ള ലോകത്തിലെ 79 രാജ്യങ്ങളില്‍ 65-ാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ഇന്ത്യ ഇക്കാര്യത്തില്‍ എത്യോപ്യക്കും ബംഗ്ലാദേശിനും താഴെയാണ് എന്ന സ്ഥിതിവിവരക്കണക്കും വികസനപ്രേമികളായ കേന്ദ്രമന്ത്രിമാര്‍ പുറത്തുപറയാറില്ല.സര്‍ക്കാരിന്റെ ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമായി ഉയര്‍ന്നുവന്ന നയങ്ങളാണ് ഇത്തരമൊരു അവസ്ഥയിലേക്ക് രാജ്യത്തെ തള്ളിവിട്ടത്. കേരളത്തിലടക്കം പൊതുവിതരണസമ്പ്രദായത്തെ കഴുത്തുഞെരിച്ച്‌കൊല്ലുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്.

സംസ്ഥാനത്ത് ഭരണകൂടത്തിലും ഉദ്യോഗസ്ഥതലത്തിലും നടക്കുന്ന അഴിമതികൂടിയാവുന്നതോടെ ദരിദ്രന്റെ കാര്യം കടലാസില്‍മാത്രമായി ഒതുങ്ങുന്നു. 1991-ലെ സെന്‍സസ്പ്രകാരമുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ദരിദ്രജനവിഭാഗത്തെ അടയാളപ്പെടുത്തുന്നത്.

 കഴിഞ്ഞ 12 വര്‍ഷ കാലയളവിനുള്ളില്‍ സുപ്രീംകോടതി ഭക്ഷ്യധാന്യങ്ങളുടെ വിതരണം സംബന്ധിച്ച് 92 നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഭക്ഷ്യധാന്യങ്ങള്‍ കത്തിച്ചുകളയുകയും കടലില്‍ ഒഴുക്കുകയുംചെയ്യുന്ന നടപടിക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും ഇക്കാര്യത്തില്‍ കേന്ദ്രീകൃതവും ശക്തവുമായ ഒരു നടപടി ഉണ്ടായിട്ടില്ല.

കേന്ദ്രത്തിന്റെ കൈവശം ഭക്ഷ്യധാന്യങ്ങളുടെ കനത്ത സ്‌റ്റോക്ക് നിലവിലുണ്ടെങ്കിലും ഇവ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന കാര്യത്തില്‍ കൃത്യമായ ഒരു നടപടിക്രമം പാലിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. സംസ്ഥാനങ്ങള്‍ക്കായി അരിയും ഗോതമ്പും അനുവദിച്ചുകൊണ്ടുള്ള ഉത്തരവുകള്‍ പെട്ടെന്ന് പുറപ്പെടുവിക്കുമ്പോള്‍ ഇവ വാങ്ങുന്നതിനായുള്ള ഫണ്ട് കണ്ടെത്തുന്നതിന് സംസ്ഥാനങ്ങള്‍ക്ക് പലപ്പോഴും കഴിയാറില്ല.ആഗോളതലത്തില്‍ ഗോതമ്പിനടക്കം വിലവര്‍ധന അനുഭവപ്പെടുമ്പോള്‍ ഉയര്‍ന്നവിലയ്ക്ക് ഈ ഭക്ഷ്യധാന്യങ്ങള്‍ കയറ്റുമതിചെയ്യുന്നതിനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം 77.25 ലക്ഷം ടണ്‍ ഗോതമ്പും കയറ്റി അയക്കപ്പെട്ടു.

 ഈ മാര്‍ച്ച് 31ന് മുന്‍പ് 6.50 ലക്ഷം ടണ്‍ ഗോതമ്പ് ഉത്പന്നങ്ങള്‍ക്കും കയറ്റുമതിയനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. ലോകബാങ്കിന്റെ കണക്കുപ്രകാരം 2011 മുതല്‍ 2012 വരെയുളള കാലഘട്ടത്തില്‍ ഗോതമ്പിന്റെ വിലയില്‍മാത്രം 33 ശതമാനമാണ് വര്‍ധനയുണ്ടായിട്ടുള്ളത്.

വിലക്കയറ്റം ഒരു നിത്യപ്രതിഭാസമായി മാറുമ്പോള്‍ ഭക്ഷ്യധാന്യങ്ങള്‍ക്കുമേല്‍ അടയിരിക്കുന്ന സര്‍ക്കാര്‍ നയം മാറാന്‍ ശക്തമായ പ്രക്ഷോഭംതന്നെ ആവശ്യമായിവരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

സര്‍ക്കാരിന്റെ കോടികള്‍ വിപണിയില്‍ കാണുന്നില്ല അവശ്യസാധന വില കുതിക്കുന്നു

കോട്ടയം: വിലക്കറ്റം നിയന്ത്രിക്കാനെന്ന പേരില്‍ കോടികള്‍ ചെലവഴിക്കുമ്പോഴും അരി ഉള്‍പ്പടെ ആവശ്യസാധനങ്ങളുടെ വില കുതിക്കുന്നു.  വിലകുറയ്ക്കാന്‍ കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ചെലവഴിച്ചെന്ന് അവകാശപ്പെടുമ്പോഴാണ് സാധാനങ്ങളുടെ വില വര്‍ധിച്ചുകൊണ്ടിരിക്കുന്നത്.

അരി വില കഴിഞ്ഞ ഒരാഴ്ചയായി വീണ്ടും വര്‍ധിച്ചു. സുരേഖ, ജയ, മട്ട എന്നീ ഇനങ്ങള്‍ക്കെല്ലാം കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ മൂന്ന് രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. സുരേഖ, ജയ എന്നീ ഇനങ്ങള്‍ക്ക് കൊച്ചിയിലെ മൊത്തവ്യാപാരത്തില്‍ കഴിഞ്ഞദിവസം 50 പൈസയുടെ വര്‍ധനയുണ്ടായി. സുരേഖ കിലോയ്ക്ക്  ഇന്നലെ 28.50 ആയും ജയ അരിക്ക് 29- 30 രൂപയായി വര്‍ധിച്ചു. ഇത് ചില്ലറ വ്യാപാരത്തിലെത്തുമ്പോള്‍ മൂന്ന് രൂപ മുതല്‍ നാല് രുപയുടെ വര്‍ധന  കൂടിയുണ്ടാകും.

മധ്യകേരളത്തിലെ  പ്രധാനമായും വിറ്റുപോകുന്ന മട്ട അരിയുടെ മൊത്തവില 36 രൂപയായി ഇന്നലെ വര്‍ധിച്ചു. പച്ചരിയുടെ വില 23 ല്‍ നിന്ന് 26 ലേക്ക് ഉയര്‍ന്നു. ആന്ധ്രയില്‍ നിന്നുള്ള അരിയുടെ വരവ് കുറഞ്ഞതാണ് വില കൂടാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ കയറ്റുമതിയിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതും കാര്‍ഷിക മേഖലയോട് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാടുകളുമാണ് ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നത്.

പഞ്ചസാര, മല്ലി, മുളക് , പയര്‍, കടല, ജീരകം  തുടങ്ങിയവയുടെയെല്ലാം വില ഉയര്‍ന്നു തന്നെയാണ്. പച്ചക്കറി , പഴവര്‍ഗങ്ങള്‍ തുടങ്ങിയവയുടെ വിലയിലും കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. ഇറച്ചി, മല്‍സ്യം, മുട്ട എന്നിവയുടെ വിലകളും വര്‍ദ്ധിച്ചിട്ടുണ്ട്. കോഴിയിറച്ചി വില ഇടയ്ക്ക് കുറഞ്ഞെങ്കിലും ഇപ്പോള്‍ വീണ്ടും വര്‍ധിച്ചു കിലോയ്ക്ക് ജീവനോടെ 117 ലും ഇറച്ചി മാത്രമായി 200 ലും എത്തി നില്‍ക്കുകയാണ്. ആട്ടിറച്ചി കിലോയ്ക്ക് 420 രൂപയും മാട്ടിറച്ചി 180 മുതല്‍ 200 വരെയുമെത്തിയിരിക്കുകയാണ്. കോഴി മുട്ട വില നാല് രുപയ്ക്ക് മുകളിലെത്തി നില്‍ക്കുകയാണ്. കോഴിമുട്ടയുടെ മൊത്ത വ്യാപാര വില 3.90 ലെത്തി.

ജീരകവില 115 ല്‍ നിന്ന് 220 ലേക്ക് കുതിച്ചതോടെ സപ്‌ളൈകോ ശൃഖലയിലും സബ്‌സിഡി ഒഴിവാക്കിയാണ് വില്‍ക്കുന്നത്. പഞ്ചാസാര വില 35 ന് മുകളിലേക്ക് ഉയര്‍ന്നു. ഉഴുന്ന് വില 65 ലെത്തി. കഴിഞ്ഞ സര്‍ക്കാര്‍ വിലക്കയറ്റം തടയാന്‍ അവശ്യസാധനങ്ങളില്‍ 13 എണ്ണം സബ്‌സിഡിയായി നല്‍കിയെങ്കിലും ഇപ്പോള്‍ എണ്ണം ഒമ്പതായി ചുരുങ്ങിയിയിരിക്കുകയാണ്. ഇവയില്‍ പലതും സപ്ലൈകോയുടെയും കണ്‍സ്യുമര്‍ ഫെഡിന്റെയും വിപണശാലകളില്‍ ലഭ്യവുമല്ല.  അരി സബ്‌സിഡി നിരക്കില്‍ ലഭ്യമാകുന്നത് പ്രധാന വിപണനശാലകളില്‍ മാത്രമാണ്. സുരേഖ, മട്ട എന്നിവയ്ക്ക് സബ്‌സിഡി നല്‍കുന്നുമില്ല. പച്ചരിയുടെ സബ്‌സിഡി വില 16 ല്‍ നിന്ന് സപ്ലൈകോയില്‍ 21 ആയും കണ്‍സ്യുമര്‍ ഫെഡില്‍ 22 ആയും കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധിപ്പിച്ചു. നേരത്തെ കടലയുടെ സബ്‌സിഡി നിരക്ക് 27 ഉം ചെറുപയറിന്റെ വില കിലേയ്ക്ക് 28 രൂപയുമായിരുന്നെങ്കില്‍ ഇപ്പോള്‍ സബ്‌സിഡി നിരക്ക് 45 ഉം 50 മായും വര്‍ധിപ്പിച്ചിരിക്കുകയാണ്.

വില വര്‍ധന തടയാന്‍ സപ്‌ളൈകോ വഴി മാത്രം കഴിഞ്ഞ പത്ത് മാസത്തിനിടയില്‍ 135 കോടി രൂപ സര്‍ക്കാര്‍ ചെലവഴിച്ചതായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന കണക്ക്.
ആവശ്യസാധനങ്ങളുടെ വിലയില്‍ കാര്യമായ കുറവ് സംഭവിക്കാതിരിക്കുമ്പോള്‍ സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കിയ  പണം എവിടേക്ക് പോയെന്ന ചോദ്യവും ഉയരുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയും പിടിപ്പുകേടുമാണ് വില വര്‍ധനക്ക് കാരണമായിരിക്കുന്നത്.
(ജലീല്‍ അരൂക്കുറ്റി)

JANAYUGOM 210213

No comments:

Post a Comment