Thursday, February 21, 2013

ഡീസല്‍ നികുതി ഒഴിവാക്കില്ലെന്ന് മുഖ്യമന്ത്രി


കെഎസ്ആര്‍ടിസിക്ക് ഡീസല്‍ നികുതിയിളവ് നല്‍കാനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഡീസല്‍ വിലവര്‍ധനയെത്തുടര്‍ന്ന് കടുത്ത പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കി. ബജറ്റ് വിഹിതത്തിനുപുറമെ 25 കോടി കൂടി ഈ സാമ്പത്തികവര്‍ഷം കെഎസ്ആര്‍ടിസിക്ക് അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

താല്‍ക്കാലിക സഹായമായി രണ്ടുമാസം 14 കോടി രൂപ വീതം നല്‍കാന്‍ മന്ത്രിസഭായോഗം നേരത്തെ തീരുമാനിച്ചിരുന്നു. ഇതു നല്‍കിയെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. വന്‍കിട ഉപയോക്താക്കളുടെ പട്ടികയില്‍പെടുത്തി കെഎസ്ആര്‍ടിസിയില്‍നിന്ന് എണ്ണക്കമ്പനികള്‍ അധികവില ഈടാക്കുന്നതുമൂലമുണ്ടായ പ്രശ്നങ്ങള്‍ എല്ലാ മന്ത്രിസഭായോഗത്തിലും ചര്‍ച്ചചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച് ചില തീരുമാനങ്ങള്‍ എടുത്തിട്ടുമുണ്ട്. ഡീസലിന് ഈടാക്കുന്ന 24 ശതമാനം നികുതി ഒഴിവാക്കണമെന്ന് കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചില്ല. ധനസഹായം പ്രഖ്യാപിച്ചെങ്കിലും അനുവദിച്ചിട്ടുമില്ല. പ്രതിസന്ധി പഠിച്ച് നിര്‍ദേശം നല്‍കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചതാണ്. എന്നാല്‍, ആശ്വാസനടപടിയൊന്നും ഉണ്ടായില്ല. ഇതുസംബന്ധിച്ച കൂടുതല്‍ ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല.

വൈദ്യുതിബോര്‍ഡിനായി കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച സാമ്പത്തിക പുനഃസംഘടനാ പദ്ധതിയില്‍ ചേരാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍, ഫ്രാഞ്ചൈസിയോ സ്വകാര്യ പങ്കാളിത്തമോ അനുവദിക്കില്ലെന്ന് കേന്ദ്രത്തെ അറിയിക്കും. അബ്കാരി നിയമത്തില്‍ വീണ്ടും ഭേദഗതി വരുത്തി ഓര്‍ഡിനന്‍സ് അംഗീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. മദ്യം വാങ്ങാനും വില്‍ക്കാനുമുള്ള പ്രായപരിധി 18ല്‍ നിന്ന് 21 ആയി ഉയര്‍ത്തും. സിനിമയിലും ദൃശ്യമാധ്യമങ്ങളിലും മദ്യപാനരംഗങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ നിയമപ്രകാരമുള്ള മുന്നറിയിപ്പ് കാണിക്കണമെന്ന വ്യവസ്ഥ നിയമംമൂലം നടപ്പാക്കും. ബിവറേജസ് കോര്‍പറേഷന്‍ സര്‍ക്കാരിന് അടയ്ക്കേണ്ട ഗ്യാലനേജ് ഫീസ് വര്‍ധിപ്പിക്കാനും ഓര്‍ഡിനന്‍സ് വ്യവസ്ഥചെയ്യുന്നു.

deshabhimani 210213

No comments:

Post a Comment