Saturday, February 16, 2013

സത്നാമിന്റെ മരണം സിബിഐ അന്വേഷിക്കണം: പിതാവ്


"എന്റെ മകനെക്കുറിച്ച് എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത്. അവന്‍ അക്രമം കാണിച്ചെങ്കില്‍ അവനെ കൊല്ലേണ്ട ആവശ്യമുണ്ടായിരുന്നോ. അതിനാല്‍ അവന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണം"-സത്നാംസിങ്ങിന്റെ പിതാവായ ഹരീന്ദ്രകുമാര്‍സിങ് വിതുമ്പിക്കൊണ്ട് ആവശ്യപ്പെട്ടു. വള്ളിക്കാവ് അമൃതാനന്ദമയി ആശ്രമത്തില്‍ അക്രമം കാണിച്ചുവെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത ബിഹാര്‍ സ്വദേശി സത്നാംസിങ് കഴിഞ്ഞ വര്‍ഷം ആഗസ്ത് നാലിനാണ് മരിച്ചത്. സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയെന്നും ഹരീന്ദ്രകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന സത്നാംസിങ്-നാരായണന്‍കുട്ടി ആക്ഷന്‍ കമ്മിറ്റി ബിഹാറിലേക്ക് സത്യഗ്രഹ യാത്ര നടത്തിയിരുന്നു. അവിടെയെത്തിയ എട്ടംഗ സംഘം സത്നാമിന്റെ കുടുംബത്തോട് മാപ്പുപറഞ്ഞു. തുടര്‍ന്നാണ് കുടുംബാംഗങ്ങള്‍ കേരളത്തിലേക്കു വന്നത്. സത്നാം താമസിച്ച ശിവഗിരിയിലെ ഗുരുകുലം, പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രം എന്നിവ ഇവര്‍ സന്ദര്‍ശിച്ചു. അവന്‍ ആക്രമിച്ചതായി ആരും പറഞ്ഞിട്ടില്ല. പിന്നെയെങ്ങനെ പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. ജാമ്യം കൊടുക്കാതിരിക്കാന്‍ ഉന്നതതലത്തില്‍ സമ്മര്‍ദമുണ്ടായെന്നാണ് അറിഞ്ഞത്. അതിനാല്‍ സിബിഐതന്നെ അന്വേഷിക്കണം- ഒപ്പമുണ്ടായിരുന്ന സാമൂഹ്യപ്രവര്‍ത്തക ദയാഭായി പറഞ്ഞു. ആശ്രമത്തിന്റെ ചുമതലക്കാര്‍ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം. മനോരോഗാശുപത്രിയില്‍ സിംഗിള്‍ സെല്ലില്‍ കഴിഞ്ഞ ഒരാള്‍ക്കു മര്‍ദനമേറ്റത് എങ്ങനെയാണെന്നും ദയാഭായി ചോദിച്ചു.

സത്നാമിന്റെ ഉപദ്രവത്തില്‍, മാനസികാരോഗ്യ കേന്ദ്രത്തില്‍ ഇയാളുടെ ഒപ്പമുണ്ടായിരുന്ന ആര്‍ക്കും പരിക്കേറ്റിട്ടില്ല. സത്നാമിന്റെ ശരീരത്തില്‍ 77 മുറിവുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതെങ്ങനെ സംഭവിച്ചുവെന്ന കാര്യത്തില്‍ അന്വേഷണം നടന്നില്ല. സത്നാം പൊലീസ് കസ്റ്റഡിയിലാണ് മരിച്ചത്. അതിനാല്‍ ഉത്തരവാദിത്തം സര്‍ക്കാരിനുമുണ്ട്. മാതാ അമൃതാനന്ദമയിയെ കൊല്ലാന്‍ ശ്രമിച്ചു എന്ന കുറ്റം ആരോപിച്ചാണ് കേസെടുത്തത്. എന്നാല്‍, വള്ളിക്കാവിലെ ഒരു സാക്ഷിയെപ്പോലും കേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മാനസികാരോഗ്യകേന്ദ്രത്തിലേക്ക് അയക്കേണ്ട ഗൗരവമുള്ള പ്രശ്നം സത്നാമിനുണ്ടായിരുന്നില്ല. ഇത് സത്നാമിനെ കൊലചെയ്യാന്‍ മുന്‍കൂട്ടി നടന്ന ഗൂഢാലോചനയാണെന്നും ദയാഭായി പറഞ്ഞു. സത്നാമിന്റെ കുടുംബത്തിന് നീതിയും അര്‍ഹമായ നഷ്ടപരിഹാരവും നല്‍കുക, മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി മാപ്പുപറയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആക്ഷന്‍കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ചെയര്‍മാന്‍ ടി കെ വിജയന്‍ പറഞ്ഞു. സത്നാമിന്റെ സഹോദരന്‍ കരണ്‍ദീപ്സിങ്, അമ്മാവന്‍ കരണ്‍ദീപ്സിങ്, സഹപാഠി ലോംഗിരി സിവോ, പ്രതിരോധ കമ്മിറ്റി ഭാരവാഹികളായ നിസാമുദീന്‍ അന്‍സാരി, യുക്തിവാദി സംഘം സംസ്ഥാന സെക്രട്ടറി രാജഗോപാല്‍ വാകത്താനം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

1 comment:

  1. പോലീസേര്‍ക്കെന്ത ഈ വീട്ടില്‍ കാര്യം
    ഈ ദൈവത്തിനെന്ത് പറ്റി പോലീസുകാരോട് സഹായം ചോദിയ്ക്കാനു

    ReplyDelete