Saturday, February 16, 2013

ഒരു നക്ഷത്രംകൂടി നിലത്തുവീണു


പ്രിട്ടോറിയ: കഴിഞ്ഞ ആഗസ്തിലെ തെളിഞ്ഞ പ്രഭാതത്തില്‍ ലണ്ടനിലെ ഒളിമ്പിക്സ് ട്രാക്കിലിറങ്ങുമ്പോള്‍ മറ്റൊരാളായിരുന്നു ഓസ്കാര്‍ പിസ്റ്റോറിയസ്. അസാധ്യം എന്ന വാക്ക് എന്റെ നിഘണ്ടുവിലുമില്ലെന്ന് നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിനെപ്പോലെ 400ന്റെ ട്രാക്കില്‍നിന്ന് പിസ്റ്റോറിയസ് പ്രഖ്യാപിച്ചു. പൊയ്ക്കാലുകളില്‍ പറന്ന ഈ ദക്ഷിണാഫ്രിക്കക്കാരന്‍ സെമിയിലെത്തി. 400ന്റെ മുന്‍ ലോകചാമ്പ്യന്‍ മൈക്കല്‍ ജോണ്‍സണ്‍ പിസ്റ്റോറിയസിനെ എതിര്‍ത്തു. "ഇത് ശരിയല്ല, പിസ്റ്റോറിയസിന്റെ കാര്‍ബണ്‍ ഫൈബര്‍ കാലുകള്‍ക്ക് കൃത്രിമമായി വേഗംകൂട്ടാനാവുമെങ്കിലോ?". ഈ ചോദ്യം ആരും ശ്രദ്ധിച്ചില്ല. പിസ്റ്റോറിയസ് അപ്പോഴേക്കും മഹാത്ഭുതമായി മാറി. വൈകല്യവും പൂര്‍ണതയും തമ്മിലുള്ള വേര്‍തിരിവ് പിസ്റ്റോറിയസിന്റെ വിയര്‍പ്പില്‍ മാഞ്ഞു. വൈകല്യങ്ങളുടെ ഭാരം ചുമക്കുന്നവര്‍ക്ക് വഴിവിളക്കായി ജ്വലിച്ചു ഈ ഓട്ടക്കാരന്‍. നൂറ്റാണ്ടുകളായി വര്‍ണവിവേചനത്തിന്റെ ചാട്ടവാറില്‍ പുളഞ്ഞ രാജ്യത്തിന്റെ നക്ഷത്രവുമായി പിസ്റ്റോറിയസ്. ആ നക്ഷത്രം കെട്ടു.

പ്രിട്ടോറിയയിലെ കോടതിമുറിയില്‍ മുഖം കുനിച്ചു നിന്ന പിസ്റ്റോറിയസ് ഇതൊന്നുമായിരുന്നില്ല. കാമുകിയെ വെടിവച്ചുകൊന്ന കൊലയാളി. മനഃപൂര്‍വമായ നരഹത്യ എന്ന് പൊലീസ് കുറ്റപത്രം വായിച്ചു. മുഖം പൊത്തി വിതുമ്പി പിസ്റ്റോറിയസ്. കളിമുറിയിലെ വാതിലിനിടയിലൂടെയാണ് വെടി. പോസ്റ്റ്മാര്‍ട്ടം കഴിഞ്ഞു. റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല പിസ്റ്റോറിയസ് ഇനി ചൊവ്വാഴ്ചവരെ പൊലീസ്കസ്റ്റഡിയില്‍. പ്രണയദിനത്തില്‍ അത്ഭുതപ്പെടുത്താനായി പുലര്‍ച്ചെ വീട്ടിലെത്തിയ കാമുകിയെ കള്ളനെന്നു തെറ്റിദ്ധരിച്ച് പിസ്റ്റോറിയസ് വെടിവച്ചുകൊല്ലുകയായിരുന്നെന്ന റിപ്പോര്‍ട്ടുകള്‍ പൊലീസ് കോടതിയില്‍ തള്ളി. പിസ്റ്റോറിയസിന് ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. പിസ്റ്റോറിയസിന്റെ അഭിഭാഷകന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് കോടതിനടപടി തത്സമയം സംപ്രേഷണംചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കി.

വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു ഈ ഇരുപത്താറുകാരന്റെ ജീവിതം. ഒരുവയസ്സായപ്പോള്‍ കാലുകള്‍ രണ്ടും നഷ്ടമായി. ആറുവയസ്സായപ്പോള്‍ അച്ഛനും അമ്മയും വേര്‍പിരിഞ്ഞു. 15 വയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു. തളര്‍ന്നില്ല പിസ്റ്റോറിയസ്. വിധിക്കെതിരെ നീന്തി. വേഗത്തെ പുണര്‍ന്നു. വേഗമുള്ള കാറുകള്‍, വേഗമുള്ള ബൈക്കുകള്‍, വേഗമുള്ള ബോട്ടുകള്‍... പിസ്റ്റോറിയസിന്റെ ദൗര്‍ബല്യമായി. ദക്ഷിണാഫ്രിക്കയിലെ ഒരു പുഴയില്‍ പിസ്റ്റോറിയസിന്റെ ബോട്ട് അപകടത്തില്‍ പെട്ടു. സ്റ്റിയറിങ്ങില്‍ ഞെരുങ്ങിപ്പോയ പിസ്റ്റോറിയസിന്റെ താടിയെല്ല് ഒടിഞ്ഞു, രണ്ടു വാരിയെല്ലും ഒടിഞ്ഞു. 172 തുന്നിക്കെട്ടുകള്‍ മുഖത്തു മാത്രം വേണ്ടിവന്നു, പിന്നെയും സുന്ദരനാവാന്‍. പണത്തിന്റെയും പ്രതാപത്തിന്റെയും വിസ്മയലോകത്തായി പിസ്റ്റോറിയസ്. ഐശ്വര്യത്തിന്റെ പിന്നില്‍ ഗ്രഹണത്തിന്റെ നിഴലുകള്‍ ഉണ്ടായി. ഒരു പത്തൊമ്പതുകാരിയുടെ പേരില്‍ ഒരാളുമായി വഴക്കിട്ടു. അടിച്ച് കാലൊടിക്കുമെന്ന് ഭീഷണിപ്പെടുത്തി. വിരുന്നിനിടെ ഒരു സ്ത്രീയോട് മോശമായി പെരുമാറിയതിന് പൊലീസ് കൊണ്ടുപോയി. കനത്ത സുരക്ഷയിലായിരുന്നു താമസം. രമ്യഹര്‍മ്യത്തിനു ചുറ്റും വൈദ്യുതക്കമ്പികള്‍ പാകി. കിടപ്പുമുറിയിലെ വാതിലിനടുത്ത് ക്രിക്കറ്റ്ബാറ്റും, ബേസ്ബോള്‍ ബാറ്റും. കട്ടിലില്‍ തോക്ക്. ജനലിനരികില്‍ മെഷീന്‍ ഗണ്‍. തോക്ക് പ്രിയപ്പെട്ടതായി. ലക്ഷ്യം തെറ്റാതെ വെടിവയ്ക്കുന്നതില്‍ അഭിമാനംകൊണ്ടു. ഇതൊന്നും അറിയപ്പെടാത്ത പിസ്റ്റോറിയസ് ആയിരുന്നു. കോടിക്കണക്കിന് മനുഷ്യരുടെ ആരാധ്യപുരുഷന്‍ പൊലീസ് വാഹനത്തിന്റെ പിന്‍സീറ്റില്‍ ജാക്കറ്റുകൊണ്ട് മുഖംമറച്ചിരുന്നു. തറയില്‍ വീണു ചിതറിയ പൂജാവിഗ്രഹം. കായികലോകത്തിന്റെ ഞെട്ടല്‍ അവസാനിച്ചിട്ടില്ല. ലാന്‍സ് ആംസ്ട്രോങ്ങിന് പിന്നാലെ മറ്റൊരു ബിബം തകരുന്നു. അര്‍ബുദത്തോട് പൊരുതിയ വീരനായ ആംസ്ട്രോങ് ചരിത്രത്തിലെ ഏറ്റവും വലിയ മരുന്നടിക്കാരനായി ചവറ്റുകുട്ടയില്‍ വീണു.

deshabhimani

No comments:

Post a Comment