Friday, February 15, 2013
ഹെലികോപ്ടര്‍ ഇടപാട് രണ്ടാം ബൊഫോഴ്സിലേക്ക്
ഇറ്റാലിയന്‍ കമ്പനിയില്‍നിന്ന് 12 ഹെലികോപ്ടര്‍ വാങ്ങിയതില്‍ ഉയര്‍ന്ന വന്‍അഴിമതി ആരോപണം രണ്ടാം ബൊഫോഴ്സായി മാറുന്നു. ആയിരം കോടിയുടെ മേലെയുള്ള ഇടപാടായതിനാല്‍ കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതിയുടെ അനുമതിയോടെയാണ് പ്രതിരോധ മന്ത്രാലയം കരാറില്‍ ഒപ്പിത്. പ്രധാനമന്ത്രി മുതല്‍ സര്‍ക്കാരിലെ മുതിര്‍ന്ന മന്ത്രിമാരുടെ അറിവോടെയാണ് കരാര്‍ നടപ്പായത്. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ വിവിഐപികളുടെ സഞ്ചാരത്തിനായാണ് 12 ഹെലികോപ്ടര്‍ വാങ്ങാന്‍ 2010ല്‍ കരാര്‍ ഒപ്പിട്ടത്. ഇതേ ഹെലികോപ്ടര്‍ വാങ്ങുന്നതിന് അമേരിക്കയും ആലോചിച്ചിരുന്നെങ്കിലും അമിതവിലയാണെന്ന കാരണത്താല്‍ ഒബാമ ഭരണകൂടം പിന്‍വാങ്ങുകയായിരുന്നു. എന്നാല്‍, യുപിഎ സര്‍ക്കാര്‍ ഹെലികോപ്ടറിന്റെ അമിതമായ വിലയൊന്നും കണക്കാക്കാതെ കരാറില്‍ ഒപ്പിട്ടു. ഒരു ഹെലികോപ്ടറിന് ഏതാണ്ട് 300 കോടി രൂപയാണ് ഇന്ത്യ മുടക്കുന്നത്. രാജ്യത്തിന്റെ പ്രതിരോധ ആവശ്യങ്ങള്‍ക്കല്ല ഈ ഹെലികോപ്ടറുകള്‍ വാങ്ങിയതെന്ന പ്രത്യേകതയുമുണ്ട്. യഥാര്‍ഥത്തില്‍ ഒരു പരിശോധനയും കൂടാതെ പൊതുജനങ്ങളുടെ നികുതിപ്പണം ധൂര്‍ത്തടിക്കുകയാണ് യുപിഎ സര്‍ക്കാര്‍ ചെയ്തത്. ആകെ 12 ഹെലികോപ്ടര്‍ വാങ്ങാനാണ് തീരുമാനമെങ്കിലും ഇതുവരെ മൂന്ന് ഹെലികോപ്ടര്‍ മാത്രമാണ് ഇറ്റാലിയന്‍ കമ്പനി കൈമാറിയിട്ടുള്ളത്.
ഇടപാടിന് പിന്നില്‍ അഴിമതിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ വര്‍ഷംതന്നെ പുറത്തുവന്നിരുന്നു. ഇറ്റലി ഈ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതും കഴിഞ്ഞ വര്‍ഷമാണ്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ഈ ഘട്ടത്തിലൊന്നും ഒരു നടപടിക്കും മുതിര്‍ന്നില്ല. മാധ്യമവാര്‍ത്തകളെ കുറിച്ച് ഇറ്റലിയോടും ബ്രിട്ടനോടും വിവരങ്ങള്‍ ആരാഞ്ഞിരുന്നെങ്കിലും ഒന്നും ലഭ്യമായില്ലെന്ന ഒഴുക്കന്‍ മറുപടിയാണ് പ്രതിരോധമന്ത്രാലയം നല്‍കിയത്. ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആന്റണിയുടെ നിലപാടും ഇതുതന്നെയായിരുന്നു. കമ്പനി ഉടമയെ അറസ്റ്റുചെയ്ത് ഇറ്റാലിയന്‍ അധികൃതര്‍ നടപടി സ്വീകരിച്ചശേഷമാണ് സിബിഐ അന്വേഷണപ്രഖ്യാപനം ഉണ്ടായതുപോലും. സിബിഐ അന്വേഷണത്തില്‍ ക്രമക്കേട് തെളിഞ്ഞാല്‍ കുറ്റക്കാരെ വിടില്ലെന്നും നടപടി സ്വീകരിക്കുമെന്നും ആന്റണി പറഞ്ഞു. ഇറ്റാലിയന്‍ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തും. കരാര്‍ റദ്ദാക്കുന്നത് പരിഗണിക്കും. കോഴ നല്‍കി കരാര്‍ നേടാന്‍ ശ്രമിക്കുന്ന ഏതു കമ്പനിക്കെതിരെയും നടപടിയുണ്ടാകും. സിബിഐയുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടി സ്വീകരിക്കും. മുന്‍ സേനാമേധാവിയുടെ പങ്കാളിത്തത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അതേ കുറിച്ച് അറിയില്ലെന്നായിരുന്നു ആന്റണിയുടെ പ്രതികരണം.
deshabhimani 140213
Labels:
അഴിമതി
Subscribe to:
Post Comments (Atom)
No comments:
Post a Comment