സി-ഡിറ്റില്‍ ചട്ടംലംഘിച്ച് 65 പേര്‍ക്ക് സ്ഥിരനിയമനം നല്‍കാന്‍ രഹസ്യനീക്കം. ഗതാഗതവകുപ്പിനുവേണ്ടി സി-ഡിറ്റ് ഏറ്റെടുത്ത പദ്ധതിയുടെ മറവില്‍ 300 പേരെ അനധികൃതമായി നിയമിക്കാന്‍ കോപ്പ് കൂട്ടുന്നതിനു പിന്നാലെയാണ് താല്‍ക്കാലിക, കരാര്‍ ജീവനക്കാരായ 65 പേര്‍ക്ക് രാഷ്ട്രീയപ്രേരിതമായി സ്ഥിരനിയമനം നല്‍കുന്നത്. മതിയായ യോഗ്യതയും പരിചയസമ്പന്നരുമായ 30 പേരെ ഒഴിവാക്കിയാണ് സ്ഥിരനിയമനത്തിനുള്ള പട്ടിക സര്‍ക്കാരിന് അയച്ചത്. സ്ഥിരനിയമന പട്ടികയില്‍ ഉള്‍പ്പെടുത്തിയ 65 പേരില്‍ 38 പേരും കോണ്‍ഗ്രസുകാരാണെന്നതും പുറത്തുവന്നു. ടെക്നിക്കല്‍, അഡ്മിനിസ്ട്രേറ്റീവ് വിഭാഗങ്ങളിലായാണ് സ്ഥിര നിയമനം നല്‍കാന്‍ നീക്കം. സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍, ടെക്നിക്കല്‍ അസിസ്റ്റന്റ്, പ്രോഗ്രാമര്‍, ഓഫീസ് അസിസ്റ്റന്റ്, അക്കൗണ്ടന്റ്, ഹെല്‍പ്പര്‍, സ്വീപ്പര്‍ എന്നിങ്ങനെയുള്ള തസ്തികകളിലെ താല്‍ക്കാലിക, കരാര്‍ജീവനക്കാരെയാണ് സ്ഥിരപ്പെടുത്തുന്നത്. എന്നാല്‍, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍, പ്രോഗ്രാമര്‍, അക്കൗണ്ടന്റ് തസ്തികകളില്‍ മതിയായ യോഗ്യതയും വര്‍ഷങ്ങളുടെ പരിചയസമ്പത്തുമുള്ളവരെ ഒഴിവാക്കിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സ്ഥിരപ്പെടുത്തുന്നത്. പ്രതിമാസം 9000 മുതല്‍ 15,000 രൂപവരെയാണ് ഈ തസ്തികകളിലെ ശമ്പളം. 65 പേരെ ഒറ്റയടിക്ക് സ്ഥിരപ്പെടുത്തുകവഴി ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമടക്കം ഒമ്പതര ലക്ഷത്തോളം രൂപയാണ് മാസം സര്‍ക്കാര്‍ ഖജനാവിന് അധികബാധ്യത.
മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കരാര്‍ നിയമനം ലഭിച്ചവര്‍ക്കുമാത്രമാണ് സ്ഥിരനിയമനം നല്‍കുന്നത്. 2008 വരെ താല്‍ക്കാലിക, കരാര്‍ അടിസ്ഥാനത്തില്‍ ജോലിലഭിച്ച 150 പേരെ ഘട്ടംഘട്ടമായി സ്ഥിരപ്പെടുത്താന്‍ മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പരിചയസമ്പത്ത് കണക്കിലെടുത്ത് മുന്‍ഗണനാക്രമത്തില്‍ പട്ടിക തയ്യാറാക്കി സര്‍ക്കാരിലേക്ക് അയക്കാന്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ രജിസ്ട്രാറെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍, ഉന്നത ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച ഫയല്‍ പൂഴ്ത്തിവച്ചു. തുടര്‍ന്ന് അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാരിന് ജീവനക്കാര്‍ നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസുകാരായ 38 പേരടക്കം 65 പേരെ സ്ഥിരപ്പെടുത്താന്‍ തീരുമാനമെടുത്തത്. സ്ഥിരനിയമനം നല്‍കുന്നതില്‍ കാട്ടുന്ന വിവേചനത്തിനെതിരെ ഒരു വിഭാഗം ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പരാതി നിലനില്‍ക്കെ, കോടതി ഉത്തരവ് ഉണ്ടാകുന്നതിനുമുമ്പ് സ്വന്തക്കാരെ തിരുകിക്കയറ്റാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസുകാര്‍ക്കുമാത്രം സ്ഥിരനിയമനം നല്‍കുന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ലക്ഷങ്ങള്‍ കോഴ വാങ്ങി 300 പേരെ വിവിധ തസ്തികകളില്‍ താല്‍ക്കാലികമായി നിയമിക്കാനുള്ള നീക്കവും സജീവമാണ്. നേരിട്ട് നിയമനം നടത്തരുതെന്ന സര്‍ക്കാര്‍ ഉത്തരവ് നിലവിലിരിക്കെയാണ് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങി വീണ്ടും കരാര്‍ അടിസ്ഥാനത്തില്‍ 300 പേരെ നിയമിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നീക്കം ആരംഭിച്ചത്.
deshabhimani 150213
No comments:
Post a Comment