കണ്ണൂര്‍ ജില്ലാബാങ്കില്‍ അധികാരമേറ്റത് സഹകരണ മേഖല കൊള്ളയടിക്കാന്‍ നിയോഗിക്കപ്പെട്ട തട്ടിപ്പ് സംഘം. എല്‍ഡിഎഫിന്റെ കരുത്തില്‍ പടര്‍ന്നുപന്തലിച്ച ജില്ലയിലെ സഹകരണ സംഘങ്ങളുടെ സമ്പത്ത് ഊറ്റിക്കുടിക്കുന്ന പരാന്ന ജീവികളാണ് ഇനി ജില്ലാബാങ്കിന്റെ ഭരണം കൈയാളുക. ബാങ്ക് നിയമന അഴിമതിക്കേസില്‍ വിജിലന്‍സ് കോടതി ശിക്ഷിച്ച എം നാരായണന്‍കുട്ടിയും വായ്പാ കുടിശ്ശിക വരുത്തിയ എം എന്‍ രവീന്ദ്രനും സഹകരണ സംഘം അംഗമല്ലാത്ത വി ആര്‍ ഭാസ്ക്കരനും നയിക്കുന്ന ഭരണസമിതിയില്‍നിന്ന് നന്മ പ്രതീക്ഷിക്കാനാവില്ല. എല്ലാം സമാന്യവത്കരിക്കുന്ന ചില മാധ്യമങ്ങള്‍ക്കേ ജില്ലാബാങ്ക് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കാട്ടിയ കൃത്രിമവും അട്ടിമറിയും ന്യായീകരിക്കാനാവൂ. ഇന്നലെയുടെ കണക്കു പറയുന്നവര്‍ കണ്ണുതുറന്ന് ഇന്നിന്റെ കണക്കുകള്‍ കൂട്ടി നോക്കുന്നത് നന്നാകും. ജില്ലയില്‍ എത്ര സഹകരണസംഘങ്ങളുണ്ടെന്നും അതില്‍ ലിക്വിഡേറ്റ് ചെയ്തവയും കടലാസ് സംഘങ്ങളും പ്രവര്‍ത്തന രഹിതമായതേതെന്നും സഹകരണ ഡിപ്പാര്‍ട്ട്മെന്റില്‍ അന്വേഷിച്ചാല്‍ കിട്ടും. യുഡിഎഫിന്റെ അപൂര്‍വം സംഘങ്ങളേ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. ഇവയൊഴിച്ചുള്ള യുഡിഎഫ് സംഘങ്ങളെ സമീപിക്കാന്‍പോലും ജനങ്ങള്‍ക്ക് ഭയമാണ്. ഏത് സമയത്താണ് പൊളിയുന്നതെന്ന് പറയാനാവില്ല. ഇതെല്ലാം ബോധ്യമുള്ള മാധ്യമങ്ങളാണ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിനെ വെള്ളപൂശാന്‍ ചരിത്രവും വര്‍ത്തമാനവും ചികയുന്നത്.
അന്തിമ വോട്ടര്‍ പട്ടിക പ്രകാരം ജില്ലാബാങ്കില്‍ 1267 വോട്ടര്‍മാരാണുള്ളത്. വോട്ടുരേഖപ്പെടുത്താന്‍ അധികാരപത്രം വാങ്ങിയത് 1118 സംഘങ്ങളാണ്. 203 ലിക്വിഡേറ്റ് സംഘങ്ങളുള്‍പ്പെടെ 550 പ്രവര്‍ത്തന രഹിതമായ സംഘങ്ങളുടെ ബലത്തിലാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് നേരിടാനിറങ്ങിയത്. യുഡിഎഫിന്റെ യഥാര്‍ഥ വോട്ട് നൂറോളമാണ്. കൃത്രിമം കാണിച്ചാലേ യുഡിഎഫിന് ജയിക്കാനാവൂവെന്ന് സാമാന്യ വിവരമുള്ളവര്‍ക്കെല്ലാം അറിയാം. ലിക്വിഡേറ്റ് സംഘങ്ങളുടെയും പ്രവര്‍ത്തനരഹിതമായ സംഘങ്ങളുടെയും വോട്ടുചെയ്താല്‍ കോടതി കയറേണ്ടി വരുമെന്നുറപ്പായതിനാല്‍ വോട്ടര്‍പട്ടികയില്‍ എല്‍ഡിഎഫ് വോട്ടര്‍മാരുടെ ഫോട്ടോ മാറ്റിയാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്ക് യുഡിഎഫ് കളമൊരുക്കിയത്. തെരഞ്ഞെടുപ്പ് നീതി പൂര്‍വമായിരുന്നെങ്കില്‍ നൂറ്റമ്പതില്‍ താഴെ വോട്ടേ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിക്കുമായിരുന്നുള്ളൂ. എല്‍ഡിഎഫ് ബഹിഷ്ക്കരണത്തോടെ സംഘടിതമായി കള്ളവോട്ടുചെയ്തെന്ന് യുഡിഎഫിന് ലഭിച്ച വോട്ടുനില തെളിവാണ്. ബഹിഷ്ക്കരിക്കുന്ന സമയത്ത് എല്‍ഡിഎഫ് പക്ഷത്തുനിന്ന് 25 വോട്ടാണ് ചെയ്തത്. എന്നാല്‍ എല്‍ഡിഎഫിന് 37 വോട്ട് കിട്ടിയത് യുഡിഎഫിനെ ഞെട്ടിച്ചിട്ടുണ്ട്. സ്വതന്ത്രമായി വോട്ടെടുപ്പ് നടന്നിരുന്നെങ്കില്‍ യുഡിഎഫ് വോട്ടുചോര്‍ച്ച ഇതിലും ഭീകരമായിരിക്കും. ഇതും തെരഞ്ഞെടുപ്പ് അട്ടിമറിക്ക് യുഡിഎഫിനെ പ്രേരിപ്പിച്ച ഘടകമാണ്. ലിക്വിഡേറ്റ് സംഘങ്ങളുടെ പെട്ടിയിലും 52 വോട്ട് വീണിട്ടുണ്ട്.
അട്ടിമറിക്ക് നിയോഗിച്ചത് യുഡിഎഫ് സംഘടനാ നേതാക്കളെ
കണ്ണൂര്‍: സഹകരണ നിയമം മറികടന്ന് ജില്ലാബാങ്ക് തെഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കോണ്‍ഗ്രസിന്റെയും സിഎംപിയുടെയും യൂണിയന്‍ നേതാക്കളെ നിയോഗിച്ചത് വിവാദമാകുന്നു. ജില്ലാബാങ്ക് തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ജീവനക്കാരെ തെരഞ്ഞെടുപ്പിന് നിശ്ചയിക്കുന്നത്. സഹകരണ വകുപ്പ് ജീവനക്കാരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സഹകരണ വകുപ്പ് ജീവനക്കാരെ ഒഴിവാക്കിയത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡിന് സമീപത്തെ കൗണ്ടറില്‍ വോട്ടര്‍മാരെ പട്ടിക പരിശോധിച്ച് കടത്തിവിടാനുള്ള ചുമതല കോണ്‍ഗ്രസ് യൂണിയന്‍ നേതാവും ബാങ്ക് പിആര്‍ഒയുമായ ശ്യാംലാലിനും മറ്റൊരു യൂണിയന്‍ നേതാവായ പ്രദീപിനുമായിരുന്നു. ബൂത്തിനകത്ത് റിട്ടേണിങ് ഓഫീസറുടെ കസേരയോട് ചേര്‍ന്നിരുന്നത് കോണ്‍ഗ്രസ് നേതാവായ ക്ലര്‍ക്ക് പി കെ രാഗേഷാണ്. ബാങ്ക് ഹെഡ് ഓഫീസിലെ റിക്കവറി സീനിയര്‍ മാനേജരും സിഎംപി യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പി വി പവിത്രന്‍, സിഎംപി യൂണിയന്‍ ജില്ലാസെക്രട്ടറിയും റിക്കവറി ഡിപ്പാര്‍ട്ട്മെന്റിലെ സീനിയര്‍ അക്കൗണ്ടന്റുമായ ടി സുനില്‍കുമാര്‍, ഐടി ഡിപ്പാര്‍ട്ട്മെന്റ് സീനിയര്‍ അക്കൗണ്ടന്റ് അജയ് പി നായര്‍, ജനറല്‍ മാനേജര്‍ ഇന്‍ ചാര്‍ജ് എ കെ പുരുഷോത്തമന്‍, എച്ച്ആര്‍ ഡിപ്പാര്‍ട്ട്മെന്റ് ജൂനിയര്‍ അക്കൗണ്ടന്റ് ദിനേശന്‍, ലോണ്‍സ് ആന്‍ഡ് അഡ്വാന്‍സ് ഡിപ്പാര്‍ട്ടുമെന്റിലെ വേണുഗോപാലന്‍, ഐടി ഡിപ്പാര്‍ട്ട്മെന്റ് അക്കൗണ്ടന്റായ പ്രമോദ്കുമാര്‍, ഹെഡ് ഓഫീസിലെ പ്യൂണ്‍ സുരേശന്‍, പ്ലാനിങ് ഡിപ്പാര്‍ട്ടുമെന്റിലെ സീനിയര്‍ മാനേജര്‍ പി കരുണാകരന്‍ തുടങ്ങിയവരാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന്റെ ഭാഗമായി ഡ്യൂട്ടിക്ക് നിശ്ചയിക്കപ്പെട്ടത്. ഈ ജീവനക്കാരില്‍ ഭൂരിഭാഗവും 94ലെ ബാങ്ക് നിയമന അഴിമതിക്കേസുമായി ബന്ധപ്പെട്ട് നടപടി നേരിടുന്നവരാണ്. ഇലക്ടറല്‍ ഓഫീസര്‍ വി ബി കൃഷ്ണകുമാറും റിട്ടേണിങ് ഓഫീസര്‍ എം വി ജോസഫുമാണ് ഇവരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചത്.
ഫെബ്രുവരി ആറിനകം വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കണമെന്ന ഹൈക്കോടതി വിധി ലംഘിച്ച് ഇലക്ടറല്‍ ഓഫീസര്‍ പ്രവര്‍ത്തിച്ചത് ബാങ്കിലെ ക്ലര്‍ക്കായ രഗേഷിന്റെ നിര്‍ദേശത്തിലാണെന്ന് വ്യക്തമായി. ബാങ്കില്‍ ലഭിച്ച സമ്മതിദാനപത്രം രഗേഷിന്റെ കസ്റ്റഡിയിലായിരുന്നു. അതാണ് വോട്ടര്‍പട്ടിക തന്റെ കൈവശമില്ലെന്ന് ഫെബ്രുവരി എട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ഇലക്ടറല്‍ ഓഫീസര്‍ എഴുതി നല്‍കിയത്. ഒമ്പതിന് പട്ടിക സംബന്ധിച്ച് ഒന്നുമറിയില്ലെന്ന് റിട്ടേണിങ് ഓഫീസര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് എഴുതി നല്‍കിയതും പട്ടിക കൈവശമില്ലെന്നാണ്. തെരഞ്ഞെടുപ്പ് ദിവസം പോലും വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചില്ല. പ്രസിദ്ധീകരിക്കാത്തതും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് നിഷേധിച്ചതുമായ വോട്ടര്‍പട്ടികയില്‍ തെരഞ്ഞെടുപ്പിന്റെ തലേന്ന് ഏഴുമണിയോടെയാണ് പി കെ രാഗേഷിന്റെ നേതൃത്വത്തില്‍ കൃത്രിമം നടത്തിയത്. ബാങ്കിന്റെ വിവിധ ശാഖകളിലെ താല്‍ക്കാലികക്കാരായ വാച്ചര്‍മാരെയും നാല്‍പതോളം ജീവനക്കാരെയും വിളിച്ചുവരുത്തി ജില്ലാബാങ്ക് ഹെഡ് ഓഫീസിലിരുന്നാണ് വോട്ടര്‍ പട്ടികയിലെ എല്‍ഡിഎഫ് വോട്ടര്‍മാരുടെ ഫോട്ടോ മാറ്റിയൊട്ടിച്ചത്. ഒരു സ്വകാര്യ ഗസ്റ്റ്ഹൗസില്‍ കോണ്‍ഗ്രസ് ക്രിമിനലുകളെ ഉപയോഗിച്ചും ഇതേ പണി ചെയ്തു.
deshabhimani
No comments:
Post a Comment