Tuesday, February 12, 2013
കാറ്റ് മാറി വീശുന്ന അംബാസ
അംബാസ: 1983ലെ ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സിപിഐ എം ജനറല്‍ സെക്രട്ടറി ഇഎംഎസ്, ഉപമുഖ്യമന്ത്രി ദശരഥ്ദേബുമൊത്ത് കമാല്‍പുരില്‍നിന്ന് അഗര്‍ത്തലയിലേക്ക് പോകവെ ജിയോല്‍ച്ചെറയില്‍ തീവ്രവാദികള്‍ ആക്രമിച്ചു. ഇരുവരും രക്ഷപ്പെട്ടുവെങ്കിലും എസ്കോര്‍ട്ട് വാഹനത്തിലുണ്ടായ സിആര്‍പിഎഫുകാര്‍ കൊല്ലപ്പെട്ടു. ത്രിപുര നാഷണല്‍ വളന്റിയേഴ്സ് (ടിഎന്‍വി) എന്ന സംഘടനയാണ് ആക്രമിച്ചത്. അംബാസ മണ്ഡലത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കുന്നത് ടിഎന്‍വിയുടെ കമാന്‍ഡറായ ബിജോയ്കുമാര്‍ റംഗാള്‍ ആണ്. അപ്പോള്‍ ഇവിടെ തെരഞ്ഞെടുപ്പ് വിഷയം തീവ്രവാദം ആകുന്നത് സ്വാഭാവികം. പ്രത്യേക ത്രിപുരവാദം ഉയര്‍ത്തി ടിഎന്‍വി എന്ന ഭീകരസംഘടനയ്ക്ക് നേതൃത്വം നല്‍കിയ ബിജോയ്കുമാര്‍ റംഗാള്‍ ഐന്‍പിടി ടിക്കറ്റിലാണ് മല്‍സരിക്കുന്നത്. സംസ്ഥാനത്തെ കൊലക്കളമാക്കിയ ത്രിപുര ഉപജാതി ജൂബസമിതിയുടെ (ടിയുജെഎസ്) അഡീഷനല്‍ ജനറല്‍ സെക്രട്ടറിയായിരിക്കവെയാണ് ടിഎന്‍വി എന്ന സായുധ സംഘടനയ്ക്ക് റംഗാള്‍ രൂപം നല്‍കുന്നത്. 1978 ല്‍ നൃപന്‍ ചക്രവര്‍ത്തിയുടെ നേതൃത്വത്തില്‍ ആദ്യമായി രൂപംകൊണ്ട ഇടതുമുന്നണി മുന്നണി സര്‍ക്കാരിനെ താഴത്തിറക്കുകയായിരുന്നു ലക്ഷ്യം. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍നിന്നും അടര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കന്‍ ചാരസംഘടനയായ സിഐഎയും പാക്കിസ്ഥാനിലെ ഐഎസ്ഐയും നടത്തിയ "ഓപ്പറേഷന്‍ ബ്രഹ്മപുത്ര"യുടെ ഭാഗം കൂടിയായാണ് ടിഎന്‍വിയുടെ രൂപീകരണം.
ബംഗ്ലാദേശിലെ ചിറ്റഗോങ്ങ് ജില്ലയിലെ മായാനി വനത്തിലെ ഷിങ്ലുങ്ങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടിഎന്‍വി, അംബാസയിലും കമല്‍പുരിലും നടത്തിയ ആക്രമണങ്ങളില്‍ 200 സിപിഐഎമ്മുകാരെങ്കിലും കൊല്ലപ്പെട്ടതായി മത്സ്യത്തൊഴിയാളിയായ മഹേന്ദ്ര നാമശൂദ്ര പറഞ്ഞു. ടിഎന്‍വി ആക്രമണത്തില്‍നിന്ന് രക്ഷതേടി എട്ട് കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തില്‍ നിന്നോടി രക്ഷപ്പെട്ട് ദലായ് ജില്ലയുടെ ആസ്ഥാനമായ അംബാസയില്‍ താമസമാക്കിയ മത്സ്യത്തൊഴിലാളിയാണ് 70 കാരനായ മഹേന്ദ്ര. 1980ല്‍ ബംഗാളികളും ആദിവാസികളും തമ്മിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തിന് തുടക്കം കുറിച്ച് മന്ദായിയില്‍ 93 ബംഗാളികളെ വധിച്ചതും ടിഎന്‍വി തന്നെ. 1300 പേരാണ് അന്ന് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. 1988 ലാണ് മിസോറാം വിഘടനവാദനേതാവ് ലാല്‍തന്‍വാലയുടെ മധ്യസ്ഥതയില്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിക്ക് മുമ്പില്‍ റംഗാള്‍ കീഴടങ്ങിയത്.
തുടര്‍ച്ചയായി മൂന്നുതവണ അംബാസയില്‍നിന്നു ജയിച്ച റംഗാള്‍ ഇക്കുറി കടുത്ത പോരാട്ടത്തെയാണ് നേരിടുന്നത്. ദീര്‍ഘകാലം അംബാസയിലെ ബ്ലോക്ക് വികസന ഓഫീസറും ജില്ലാ ട്രഷറുമായിരുന്ന ലളിത്കുമാര്‍ ദേബ്ബര്‍മയാണ് ഇക്കുറി സിപിഐ എം സ്ഥാനാര്‍ഥി. മണ്ഡലത്തില ജനങ്ങളുമായി അടുത്ത ബന്ധമുള്ള ലളിത് കുമാറിന്റെ രംഗപ്രവേശം റംഗാളിന്റെ ഉറക്കം കെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെറും 115 വോട്ടിനാണ് റംഗാള്‍ ജയിച്ചത്. മണ്ഡലവുമായി അടുത്ത ബന്ധമില്ലാത്തതും സ്വന്തം വീടുള്ള കമല്‍ച്ചെറ പഞ്ചായത്തുപോലും സിപിഐ എം നിയന്ത്രണത്തിലായതും മണ്ഡല പുനര്‍നിര്‍ണയവും റംഗാളിന് പ്രതികൂല ഘടകങ്ങളാണ്. സിപിഐ എം പിബി അംഗം സൂര്യകാന്ത് മിശ്ര പങ്കെടുത്ത ഇടതുമുന്നണിറാലിയിലെ വന്‍ ജനക്കൂട്ടവും അംബാസയിലെ കാറ്റ് മാറിവീശുകയാണെന്ന് സൂചിപ്പിക്കുന്നു. പരാജയഭീതിപൂണ്ട റംഗാള്‍ ത്രിപുരയിലെ ആദിവാസി രാജകുടംബത്തിലെ അവസാന അംഗമായ പ്രദ്യുത് കിഷോര്‍ ദേബ്ബര്‍മനെ മണ്ഡലത്തില്‍ പ്രചാരണത്തിനിറക്കിയിരിക്കുകയാണ്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരിലൊരാളായിട്ടും സീറ്റ് ലഭിക്കാത്ത പ്രദ്യുത് അംബാസയില്‍ ഐഎന്‍പിടി സ്ഥാനാര്‍ഥികള്‍ക്ക് മാത്രം പ്രചാരണം നടത്തി കോണ്‍ഗ്രസ് നേതൃത്വത്തോട് കണക്ക് തീര്‍ക്കുകയാണ്. ആദിവാസികള്‍ താമസിക്കുന്ന ബിശ്രംപാറ പോലുള്ള വിദൂര ഗ്രാമങ്ങളിലെത്തി റംഗാളിന് വോട്ട് ചെയ്യാത്ത പക്ഷം ആക്രമിക്കുമെന്ന ഭീഷണിയും ഐന്‍പിടി പ്രവര്‍ത്തകര്‍ മുഴക്കുന്നു.
(വി ബി പരമേശ്വരന്‍)
deshabhimani 120213
Labels:
ത്രിപുര,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
No comments:
Post a Comment