Thursday, February 21, 2013
എന്‍ഡോസള്‍ഫാന്‍: സര്‍ക്കാര്‍ തീരുമാനം ഇരകളോടുള്ള വഞ്ചന
എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരെ സഹായിക്കാന്‍ പ്രത്യേക ട്രിബ്യൂണല്‍ സ്ഥാപിക്കേണ്ടതില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം ഇരകളോടുള്ള വഞ്ചന. ജനങ്ങള്‍ നിരന്തരം ആവശ്യപ്പെടുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കിയെന്ന തെറ്റായ വിവരവുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
ഭോപാലിന് സമാനമായ ദുരന്തമാണ് കാസര്‍കോട് ജില്ലയിലുണ്ടായത്. ദുരന്തബാധിതരെ സഹായിക്കാനും ഈ പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുമായി 200 കോടി രൂപയുടെ പദ്ധതി നടപ്പാക്കിയെന്ന സര്‍ക്കാരിന്റെ അവകാശവാദം കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. പി കരുണാകരന് എംപിയുടെ ശ്രമഫലമായി നബാര്‍ഡിന്റെ പ്രത്യേക സഹായപദ്ധതിയായി 200 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇതിന്റെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് ആദ്യവാരത്തില്‍ തുടങ്ങുകയേയുള്ളു. സേവനമേഖലയില്‍ ചെലവഴിക്കാന്‍ നബാര്‍ഡ് നീക്കിവച്ചിരിക്കുന്ന ഫണ്ടാണ് എംപിയുടെ അഭ്യര്‍ഥനപ്രകാരം എന്‍ഡോസള്‍ഫാന്‍ബാധിത മേഖലക്ക് അനുവദിക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനം എന്ന നിലയിലല്ല നബാര്‍ഡ് ഇത് നല്‍കുന്നത്. ആശുപത്രി, സ്കൂളുകള്‍, ബഡ്സ് സ്കൂള്‍, അങ്കണവാടി, കുടിവെള്ളം എന്നീ മേഖലകളിലാണ് ഫണ്ട് ചെലവഴിക്കുക. മൊത്തം ചെലവിന്റെ 15 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് ഉറപ്പുനല്‍കിയതാണ്. എന്നാല്‍ ഈ പദ്ധതിക്കുള്ള ടെന്‍ഡറുകള്‍ പാസാക്കുന്ന കാര്യത്തില്‍പോലും സര്‍ക്കാര്‍ താല്പര്യം കാട്ടുന്നില്ല. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച 400 കോടിയുടെ പദ്ധതിക്ക് ഇതുവരെയും അനുമതി ലഭിച്ചുമില്ല. അതിനുള്ള ശ്രമവും നടക്കുന്നില്ല. ദുരന്തബാധിതരുടെ സമഗ്ര പുനരധിവാസവും ചികിത്സയുമാണ് അടിയന്തരമായി സര്‍ക്കാര്‍ നടപ്പാക്കേണ്ടത്.
കേന്ദ്ര മനുഷ്യാവകാശ കമീഷന്റെ ശുപാര്‍ശകള്‍ സമയബന്ധിതമായി നടപ്പാക്കുമെന്ന് പറയുന്നതും കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ്. എന്‍ഡോസള്‍ഫാന്‍ ഇരകളെന്ന് കണ്ടെത്തിയ 4182 പേര്‍ക്ക് കമീഷന് നിര്‍ദേശിച്ച ധനസഹായം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും 1613 പേര്‍ക്കേ നല്കിയുള്ളു. ക്യാന്‍സറുള്‍പ്പെടെയുള്ള മാരകരോഗം ബാധിച്ച ഭൂരിപക്ഷം പേര്‍ക്കും സഹായം ലഭിക്കാത്ത രീതിയിലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സര്‍ക്കാര്‍ കണക്കുപ്രകാരം 4889 പേരാണ് ദുരന്തബാധിതരായിട്ടുള്ളത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതമേഖലയില്‍ എല്ലാ ചികിത്സാസൗകര്യങ്ങളോടുംകൂടിയ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സ്ഥാപിക്കണമെന്നത് മനുഷ്യാവകാശ കമീഷന്റെ പ്രധാന നിര്‍ദേശമായിരുന്നു. എന്നാല്‍ അതിനുള്ള ശ്രമവുമില്ല. പകരം സ്വകാര്യ പങ്കാളിത്തത്തോടെ മെഡിക്കല്‍ കോളേജ് തുടങ്ങാനുള്ള അനുമതിനല്കിയിരിക്കയാണ്. ഏത് ആശുപത്രിയിലും സൗജന്യചികിത്സക്കുള്ള സൗകര്യം നിര്‍ത്തലാക്കി സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള ചുരുക്കം ആശുപത്രികളില്‍ ചികിത്സിച്ചാലേ സഹായം കിട്ടൂ എന്ന രീതിയിലേക്ക് പരിമിതപ്പെടുത്തി. അതും കുറച്ചുനാളായി കിട്ടുന്നില്ല.
പെന്ഷന് ഉള്‍പ്പെടെയുള്ള പദ്ധതികളും മുടങ്ങിക്കിടക്കുകയാണ്. സര്‍ക്കാര്‍ ഉത്തരവുപ്രകാരം അര്‍ഹരായ നൂറുകണക്കിനാളുകളെ ഒഴിവാക്കിയാണ് ധനസഹായം നല്‍കിയതെന്നും പരാതിയുണ്ട്. ഇരകളുടെ കടം എഴുതിത്തള്ളണമെന്ന ആവശ്യവും സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ടെന്ന് പറയുന്ന സര്‍ക്കാര്‍ അധികാരങ്ങളില്ലാത്ത ഈ സെല്ലിന്റെ യോഗം ഇതുവരെ യോഗംചേര്ന്നിട്ടില്ലെന്ന കാര്യവും കോടതിയില്‍നിന്ന് മറച്ചുവച്ചു. അഞ്ചുകൊല്ലത്തേക്കേ സര്‍ക്കാര്‍ ഇരകളെ സഹായിക്കൂ എന്ന ഉത്തരവും ഇറക്കിയിട്ടുണ്ട്. അതിനുശേഷം പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്ത ആയിരങ്ങള്‍ എന്തുചെയ്യുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്. ദുരന്തബാധിതരുടെ പരാതികള്‍ക്ക് ന്യായമായ പരിഹാരമുണ്ടാക്കാനാണ് ട്രിബ്യൂണല്‍ രൂപീകരിക്കണമെന്ന ആവശ്യമുയര്‍ന്നത്. അതിന്റെ ആവശ്യമില്ലെന്നുപറഞ്ഞതോടെ സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്ന് ഒരിക്കല്‍കൂടി തെളിഞ്ഞിരിക്കുകയാണ്.
deshabhimani 210213
Labels:
എൻഡോസൾഫാൻ,
വലതു സര്‍ക്കാര്‍,
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment