Thursday, February 21, 2013

ലങ്കന്‍സേനയുടേത് യുദ്ധ കുറ്റകൃത്യം: ജയലളിത


എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ മകന്‍ ബാലചന്ദ്രനെ (12) ശ്രീലങ്കന്‍സേന നിഷ്ഠുരമായി കൊന്നത് യുദ്ധ കുറ്റകൃത്യമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. ഈ സാഹചര്യത്തില്‍ ലങ്കയ്ക്കെതിരെ ഇന്ത്യ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ സമാനമനസ്ക രാജ്യങ്ങളുമായി ചര്‍ച്ചചെയ്ത് ഐക്യരാഷ്ട്രസഭയില്‍ ലങ്കയ്ക്കെതിരെ പ്രമേയം കൊണ്ടുവരണമെന്നും ജയലളിത ആവശ്യപ്പെട്ടു.

ലങ്കന്‍സേനയുടെ പുലിവേട്ടയ്ക്കുശേഷം അനാഥരാക്കപ്പെട്ട് ക്യാമ്പുകളില്‍ കഴിയുന്ന തമിഴ്വംശജര്‍ക്ക് സ്വന്തം വസതികളിലേക്ക് തിരിച്ചുപോയി സിംഹളര്‍ക്കുതുല്യമായ അവകാശങ്ങളോടെ ജീവിക്കാന്‍ അവസരമുണ്ടാകുന്നതുവരെ ഇന്ത്യ മറ്റു രാഷ്ട്രങ്ങളോട് സഹകരിച്ച് ലങ്കയ്ക്കുമേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണം. യുഎന്നില്‍ ലങ്കയ്ക്കെതിരെ പ്രമേയം പാസാക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദംചെലുത്തുമെന്നും ജയലളിത പറഞ്ഞു. തമിഴ്നാട് നിയമസഭ ലങ്കന്‍സര്‍ക്കാരിനെതിരെ പ്രമേയം പാസാക്കിയിട്ടുണ്ട്. ലങ്കന്‍സേനയുടെ പിടിയിലായശേഷമാണ് ബാലചന്ദ്രനെ കൊന്നതെന്ന് വ്യക്തമാകുന്ന ചിത്രങ്ങള്‍ കഴിഞ്ഞദിവസം മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഏറ്റുമുട്ടലിനിടെയാണ് ബാലന്‍ കൊല്ലപ്പെട്ടതെന്ന ലങ്കന്‍സേനയുടെ വിശദീകരണം ഇതോടെ പൊളിഞ്ഞു. ലങ്കന്‍സേനയുടെ നിഷ്ഠുരകൃത്യം പുറത്തുവന്നതോടെ തമിഴ്നാട്ടില്‍ ലങ്കവിരുദ്ധവികാരം ശക്തമായി. ചെന്നൈയില്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ ഓഫീസിനുനേരെ കല്ലേറുണ്ടായി. സിലോണ്‍ ബാങ്കിന്റെ ശാഖകള്‍ക്കുനേരെ കഴിഞ്ഞദിവസമുണ്ടായ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു.

deshabhimani 210213

No comments:

Post a Comment