Wednesday, February 13, 2013

സിപിഐ എം ലോക്കല്‍സെക്രട്ടറിക്കുനേരെ ആര്‍എസ്എസ് വധശ്രമം


പത്തനംതിട്ട: ദേശാഭിമാനി പത്രം വിതരണംചെയ്യുന്നതിനിടെ സിപിഐ എം ലോക്കല്‍ സെക്രട്ടറിയെ ആര്‍എസ്എസ് സംഘം ആക്രമിച്ച് കൊല്ലാന്‍ ശ്രമിച്ചു. സിപിഐ എം പ്രമാടം ലോക്കല്‍ സെക്രട്ടറി കെ എം മോഹനന്‍ നായരെയാണ് ആക്രമിച്ചത്. ചൊവ്വാഴ്ച രാവിലെ 8.35ഓടെ പ്രമാടം അമ്പലവേരില്‍ കടവിന് സമീപമായിരുന്നു സംഭവം. വാളുകൊണ്ട് വെട്ടിയതില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട മോഹനനെ പത്തനംതിട്ട ജനറല്‍ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രമാടം പഞ്ചായത്തില്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഹര്‍ത്താല്‍ ആചരിച്ചു.

സമീപത്തെ വീട്ടില്‍ പത്രം ഇട്ടശേഷം മടങ്ങുമ്പോള്‍ പുഴയുടെ സമീപം പതിയിരുന്ന നാലംഗ സംഘം മോഹനന്‍ നായര്‍ക്കുനേരെ ആയുധവുമായി ചാടി വീഴുകയായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരായ ശങ്കര്‍, ധനേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമമെന്ന് മോഹനന്‍ നായര്‍ പറഞ്ഞു. വടിവാളും മറ്റ് ആയുധവുമായി ചാടീവീണശേഷം തലയ്ക്ക് നേരെ വെട്ടി. ഒഴിഞ്ഞു മാറിയതിനാല്‍ വെട്ടേറ്റില്ല. പിന്നീട് മര്‍ദ്ദിച്ചു. പത്രത്തിന്റെ വരിസംഖ്യ ഇനത്തില്‍ കിട്ടിയ പതിനായിരം രൂപയും അക്രമികള്‍ കവര്‍ന്നു. സംഭവം കണ്ട് സ്ത്രീകളടക്കമുള്ളവര്‍ എത്തിയതോടെ അക്രമികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ആസൂത്രിതമായ അക്രമമായിരുന്നു. മോഹനന്‍ നായരെ അക്രമിക്കാന്‍ പുലര്‍ച്ചെയോടെ തന്നെ സംഘടിച്ചിരുന്നു. സംശയാസ്പദ സാഹചര്യത്തില്‍ കുറേപേരെ പുഴയ്ക്കടുത്ത് കൂടി നില്‍ക്കുന്നത് കണ്ടതായി നാട്ടുകാര്‍ പറഞ്ഞു.

കുറെ നാളായി പ്രമാടത്ത് സിപിഐ എം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസം പാറക്കടവ് പാലത്തിന് സമീപം പതുങ്ങിയിരുന്ന ആര്‍എസ്എസ് സംഘം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടത്തി. ഞായറാഴ്ച രാത്രിയില്‍ ബൈക്കുകളില്‍ മാരകായുധങ്ങളുമായെത്തി ഡിവൈഎഫ്ഐ ജനറല്‍ ബോഡി നടന്ന പാര്‍ടി ഓഫീസിലെത്തി ആക്രമണം നടത്തി. ഈകേസിലൊന്നും പൊലീസ് വേണ്ട നടപടി സ്വീകരിച്ചിട്ടില്ല. ആര്‍എസ്എസുകാര്‍ പറഞ്ഞു കൊടുക്കുന്ന നിരപരാധികളുടെ പേരില്‍ ജാമ്യമില്ലാത്ത വകുപ്പില്‍ കേസ് എടുക്കുകയാണ്. അക്രമസംഭവത്തില്‍ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തില്‍ പ്രമാടത്ത് യോഗം നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി ജെ അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പി എസ് ഗോപി അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ടി കെ ജി നായര്‍, കെ പി ഉദയഭാനു, കോന്നി ഏരിയ സെക്രട്ടറി എന്‍ എസ് ഭാസി, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജി കൃഷ്ണകുമാര്‍, എന്‍ സജികുമാര്‍, ശ്യാംലാല്‍, സി ജി ദിനേശ്, കെ ആര്‍ ജയന്‍, പ്രകാശ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. അമ്പലം ജങ്ഷനില്‍നിന്ന് പ്രകടനം ആരംഭിച്ചു.

ബൈപാസ് സംഘം യുവജന നേതാവിനെ വെട്ടി

ആലപ്പുഴ: ഇരവുകാട് ബൈപാസ് മയക്കുമരുന്ന് മാഫിയാസംഘം ഡിവൈഎഫ്ഐ നേതാവിനെ മൃഗീയമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഡിവൈഎഫ്ഐ ആലപ്പുഴ ഏരിയകമ്മിറ്റി മുന്‍ വൈസ്പ്രസിഡന്റും സിപിഐ എം കളര്‍കോട് ലോക്കല്‍കമ്മിറ്റിയംഗവുമായ കളര്‍കോട് മാടശേരില്‍ ഗോപാലകൃഷ്ണന്റെ മകന്‍ ഗിരീഷ്കുമാറിനെ (37)യാണ് തലയ്ക്കും കൈകാലുകള്‍ക്കും മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇടതുകൈ വെട്ടേറ്റ് അറ്റുപോയി. വലതുകാല്‍ ഉപ്പൂറ്റിക്കും ഇടതുകാല്‍ മുട്ടിനും തലയ്ക്കും മാരകമായി വെട്ടേറ്റിട്ടുണ്ട്. മാരകമായ ഒമ്പത് വെട്ടുകളാണുള്ളത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച ഗിരീഷിനെ വിദഗ്ധചികിത്സയ്ക്കായി എറണാകുളത്തെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി.

ഇരവുകാട്-ഗുരുമന്ദിരം വാര്‍ഡില്‍ വ്യാപകമായി മയക്കുമരുന്ന് വ്യാപാരം തഴച്ചുവളരുകയാണ്. സൗത്ത് പൊലീസിന്റെ ഒത്താശയോടെ നടക്കുന്ന മയക്കുമരുന്ന് വ്യാപാരത്തിനും വ്യാപനത്തിനുമെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തില്‍ ക്യാമ്പയിന്‍ നടന്നുവരികയാണ്. ഇതില്‍ പ്രകോപിതരായ മയക്കുമരുന്ന് സംഘമാണ് ഗിരീഷ്കുമാറിനെ ആക്രമിച്ചത്. കളര്‍കോട് മേഖലയില്‍ മയക്കുമരുന്നിനെതിരായ ക്യാമ്പയിന് ധീരമായ നേതൃത്വം നല്‍കിയതാണ് ഗിരീഷ്കുമാറിനെ ആക്രമിക്കാന്‍ കാരണം. ഗിരീഷിന്റെ പിതൃസഹോദരിയുടെ മകളുടെ കുട്ടിയുടെ പേരിടല്‍ ചടങ്ങിന് ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം പോയതായിരുന്നു ഗിരീഷ്. പതിയാംകുളങ്ങര ക്ഷേത്രത്തിന് പടിഞ്ഞാറായിരുന്നു ചടങ്ങ് നടക്കുന്ന വീട്. അവിടെ നിന്നും പുറത്തേക്കിറങ്ങുമ്പോഴായിരുന്നു ഉച്ചയ്ക്ക് ഒന്നോടെ ആക്രമണം. മയക്കുമരുന്ന് മാഫിയസംഘത്തിലെ കണ്ണികളായ മങ്കി മഹേഷ്, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് ഗിരീഷ് പറഞ്ഞു. അക്രമിസംഘം ഇപ്പോഴും പ്രദേശത്ത് സൈ്വര്യവിഹാരം നടത്തുകയാണ്. പൊലീസിന്റെ നിസംഗത പ്രദേശത്തെ വീണ്ടും സംഘര്‍ഷത്തിലേക്ക് നയിക്കുകയാണ്.

ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ കോണ്‍ഗ്രസ് അതിക്രമം

ചേര്‍ത്തല: താലൂക്ക് ആശുപത്രിയില്‍ കോണ്‍ഗ്രസിലെ മുനിസിപ്പല്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ അതിക്രമം. രക്തസമ്മര്‍ദ്ദം ഉയര്‍ന്ന് വനിതാ ജീവനക്കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വ്യാപകപ്രതിഷേധം. കൗണ്‍സിലര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മുനിസിപ്പല്‍ ഏഴാംവാര്‍ഡ് കൗണ്‍സിലര്‍ ബി ഫൈസലിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെയാണ് ആക്രമിച്ചത്. നേഴ്സിങ് അസിസ്റ്റന്റ് സുവര്‍ണയ്ക്കു (52) നേരെ അസഭ്യംപറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

അത്യാഹിതവിഭാഗത്തിലായിരുന്നു സംഭവം. ആശുപത്രി സൂപ്രണ്ടിനെ രാഷ്ട്രീയ ഇടപെടലില്‍ അന്യായമായി സ്ഥലംമാറ്റിയതിനെതിരെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും പ്രതിഷേധം നടക്കുന്നതിനിടെയാണ് കൗണ്‍സിലറും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആശുപത്രിയിലെത്തിയത്. അത്യാഹിതവിഭാഗത്തില്‍ ജോലി നോക്കുകയായിരുന്ന സുവര്‍ണയ്ക്കുനേരെ കൗണ്‍സിലര്‍ ഫൈസല്‍ തട്ടിക്കയറി. കറുത്ത ബാഡ്ജ് ധരിച്ചതിന്റെ പേരില്‍ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ ചീത്തവിളിക്കുകയും ജോലികഴിഞ്ഞ് പുറത്തുവരുമ്പോള്‍ ചവിട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായും സുവര്‍ണ പറഞ്ഞു. പുറത്തേക്കുപോയി കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായെത്തി വീണ്ടും അതിക്രമം തുടര്‍ന്നു. സ്ഥലത്തുണ്ടായിരുന്ന മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ സണ്ണി അക്രമികളെ പിന്തിരിപ്പിക്കാന്‍പോലും തയ്യാറായില്ല. സംഭവത്തെതുടര്‍ന്ന് രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനാല്‍ സുവര്‍ണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനെതിരെ നല്‍കിയ പരാതി സൂപ്രണ്ട് പൊലീസിന് കൈമാറി. സിപിഐ എം ടൗണ്‍ വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗവും കയര്‍ഫാക്ടറി തൊഴിലാളി യൂണിയന്‍ സിഐടിയു ജനറല്‍ സെക്രട്ടറിയുമായിരിക്കെ ആര്‍എസ്എസുകാര്‍ യൂണിയന്‍ ഓഫീസില്‍കയറി വെട്ടിക്കൊന്ന സി എ കരുണാകരന്റെ വിധവയാണ് സുവര്‍ണ. എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകയുമാണ്.

വൈകിട്ട് ഏതാനും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചില മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും ചേര്‍ന്ന് താലൂക്ക് ആശുപത്രിയിലെ ഫിസിഷ്യന്‍ ഡോ. പി വിജയകുമാറിന്റെ വീടിനുമുന്നില്‍ മുദ്രാവാക്യം മുഴക്കി. കെജിഎംഒഎ ജില്ലാ ഘടകം ആഹ്വാനംചെയ്ത ഒരുമണിക്കൂര്‍ ഒപി ബഹിഷ്കരണത്തില്‍ പങ്കെടുത്തതിന്റെ പേരിലാണിത്. ആക്രമണങ്ങളില്‍ സിപിഐ എം ചേര്‍ത്തല ഏരിയ കമ്മിറ്റി ശക്തിയായി പ്രതിഷേധിച്ചു. താലൂക്ക് ആശുപത്രിയുടെ പുരോഗതിയും മികവും തകര്‍ക്കുന്നതിനുള്ള ഗൂഢപദ്ധതിയാണ് രണ്ട് സംഭവങ്ങളും വെളിവാക്കുന്നത്. ഇതിനെ ചെറുത്തുതോല്‍പ്പിക്കാന്‍ ജനങ്ങള്‍ യോജിച്ച് അണിനിരക്കണമെന്ന് ഏരിയ സെക്രട്ടറി എ എസ് സാബു അഭ്യര്‍ഥിച്ചു. അതിക്രമത്തിനിരയായി ആശുപത്രിയില്‍ കഴിയുന്ന സുവര്‍ണയെ ഏരിയ സെക്രട്ടറി എ എസ് സാബു, ജില്ലാ കമ്മിറ്റിയംഗങ്ങള്‍ കെ വി ദേവദാസ്, മനു സി പുളിയ്ക്കല്‍, മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ പി ഷാജിമോഹന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. സംഭവങ്ങളില്‍ കെജിഎംഒഎ ജില്ലാ പ്രസിഡന്റ് ഡോ. സാബു സുഗതനും സെക്രട്ടറി ഡോ. വിവേക്കുമാറും പ്രതിഷേധിച്ചു. മുനിസിപ്പല്‍ എല്‍ഡിഎഫ്പാര്‍ലമെന്ററി പാര്‍ടി നേതാക്കള്‍ സി ആര്‍ സുരേഷും ടി എസ് അജയകുമാറും പ്രതിഷേധിച്ചു. എന്‍ജിഒ യൂണിയന്‍ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനവും യോഗവും നടന്നു. സി ടി ജോസ്, വി ഷേബു, കെ പി രാധാകൃഷ്ണന്‍, സി സിലീഷ്, പി സലിംകുമാര്‍, പി എ ജോസഫ് എന്നിവര്‍ സംസാരിച്ചു.

deshabhimani 13013

No comments:

Post a Comment