Thursday, February 14, 2013
ഫ്രാന്‍സുമായി കരാറില്‍ ഒപ്പുവയ്ക്കരുത്: കാരാട്ട്
ജെയ്താപുര്‍ ആണവനിലയത്തിനായി ഫ്രാന്‍സിലെ അരീവ കമ്പനിയില്‍നിന്ന് ഇപിആര്‍ റിയാക്ടറുകള്‍ വാങ്ങാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് ജെയ്താപുര്‍ പോരാട്ടത്തെ പിന്തുണച്ചുള്ള ദേശീയ ഐക്യദാര്‍ഢ്യ സമിതി ആവശ്യപ്പെട്ടു. ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ അരീവയില്നിന്ന് രണ്ട് റിയാക്ടറുകള്‍ വാങ്ങുന്നതിനുള്ള കരാറില്‍ ഒപ്പുവയ്ക്കാന്‍ നീക്കം സജീവമാണ്. മറ്റൊരു രാജ്യവും ഇതുവരെ പരീക്ഷിക്കാത്ത അരീവയുടെ ഇപിആര്‍ റിയാക്ടറുകളുടെ കാര്യത്തില്‍ സംശയങ്ങള്‍ ഉയരുന്നുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താതെ ഫ്രാന്‍സുമായി കരാറില്‍ ഒപ്പുവയ്ക്കരുതെന്ന് ഐക്യദാര്‍ഢ്യ സമിതി അംഗങ്ങളായ പ്രകാശ് കാരാട്ട്, ഡി രാജ, ഡോ. എ ഗോപാലകൃഷ്ണന്, പ്രബീര്‍ പുര്‍കായസ്ത എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഭീമമായ വില നല്‍കിയാണ് അരീവ റിയാക്ടറുകള്‍ വാങ്ങേണ്ടത്. ഈ റിയാക്ടറുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിക്കും ഉയര്‍ന്ന വില നല്‍കേണ്ടിവരും. ഇതോടൊപ്പം സുരക്ഷാപ്രശ്നങ്ങളും പരിസ്ഥിതി പ്രശ്നങ്ങളുമുണ്ട്. 1650 മെഗാവാട്ടിന്റെ ഇപിആര്‍ റിയാക്ടര്‍ ഇതുവരെ പരീക്ഷിക്കാത്തതാണ്. വിവിധ രാജ്യങ്ങളില്‍ സുരക്ഷാ ഏജന്‍സികള്‍ ആണവസുരക്ഷയുടെ കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ജെയ്താപുരില്‍ പരിസ്ഥിതി ആഘാത പഠനം നടത്തിയ "നീറി" എന്ന ഏജന്‍സി ആണവദുരന്തങ്ങളെ കുറിച്ച് പഠിക്കുന്നതില്‍ വൈദഗ്ധ്യം നേടിയവരല്ല. പ്രദേശത്തെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ മാനിക്കാതെയാണ് നിലയം സ്ഥാപിക്കുന്നത്. ഫുക്കുഷിമ സംഭവത്തിനുശേഷം ഫ്രാന്‍സിന്റെ ആണവസുരക്ഷാ അതോറിറ്റി ഇപിആര്‍ റിയാക്ടര്‍ വീണ്ടും വിശദമായി വിലയിരുത്തിയിരുന്നു. സാങ്കേതികതയില്‍ ഒട്ടേറെ മാറ്റങ്ങള്‍ ഇപ്പോള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇത് ഇപിആര്‍ റിയാക്ടറിന്റെ ചെലവില്‍ വീണ്ടും 30 ശതമാനത്തോളം വര്‍ധന സൃഷ്ടിച്ചിട്ടുണ്ട്. ഫിന്‍ലന്‍ഡിലെ സുരക്ഷാ ഏജന്‍സിയും ഇപിആര്‍ റിയാക്ടറില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ത്യയില്‍ ഈ റിയാക്ടറുകള്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ അമിതതാല്‍പ്പര്യം പ്രകടിപ്പിക്കുകയാണ്. നിലവിലുള്ള നിര്‍മാണചെലവ് അനുസരിച്ച് ജെയ്താപുര്‍ നിലയത്തില്‍ നിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് 14 രൂപ വരെ വില വരും. നിര്‍മാണച്ചെലവ് വര്‍ധിച്ചതോടെ അരീവയുമായി കരാറില്‍ എത്തിയിരുന്ന പല കമ്പനികളും പിന്‍വാങ്ങി. ഇന്ത്യ മാത്രമാണ് ഇപ്പോഴും സജീവമായി മുന്നോട്ടുപോകുന്നത് - കാരാട്ട് പറഞ്ഞു.
സുരക്ഷാമാനദണ്ഡങ്ങളെല്ലാം പാലിക്കുന്നുവെന്ന് ഉറപ്പാക്കിയശേഷമേ കൂടംകുളം നിലയം കമീഷന് ചെയ്യാവൂ എന്നാണ് സിപിഐ എം നിലപാടെന്ന് കാരാട്ട് ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കൂടംകുളത്ത് ഉള്‍പ്പെടെ വിദേശത്തുനിന്ന് പുതിയ റിയാക്ടറുകളൊന്നും ഇറക്കുമതി ചെയ്യരുതെന്ന നിലപാടും സിപിഐ എമ്മിനുണ്ടെന്ന് കാരാട്ട് വിശദീകരിച്ചു. പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് വി എസിനെ മാറ്റണമെന്നാവശ്യപ്പെടുന്ന റിപ്പോര്‍ട്ടൊന്നും കേരളസംസ്ഥാന ഘടകത്തില്‍നിന്ന് കേന്ദ്രകമ്മിറ്റിക്ക് ലഭിച്ചിട്ടില്ലെന്ന് കാരാട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പിബി, സിസി യോഗങ്ങള്‍ മുന്‍നിശ്ചയിച്ചതുപോലെ മാത്രമേ ചേരൂ. പിബി മാര്‍ച്ചില്‍ ചേരുന്നുണ്ട്. അതിന് ശേഷം സിസിയുടെ തീയതി തീരുമാനിക്കും. കേന്ദ്രകമ്മിറ്റിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചുകൊണ്ടുള്ള വി എസിന്റെ കത്ത് ലഭിച്ചിട്ടില്ലെന്നും കാരാട്ട് പറഞ്ഞു.
deshabhimani 140213
Labels:
ആണവ കരാര്‍,
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment