Friday, February 22, 2013

എംപിമാര്‍ക്ക് ക്രൂര മര്‍ദനം


സൂര്യനെല്ലിക്കേസില്‍ ആരോപണവിധേയനായ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചിനു നേരെ പൊലീസ് ആക്രമണം. എംപിമാരായ എം ബി രാജേഷ്, ടി എന്‍ സീമ എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. എംപിമാരാണെന്ന് അറിഞ്ഞിട്ടും പൊലീസ് നിലത്ത് വലിച്ചിഴച്ചും വാഹനത്തിലിട്ടും ആക്രമിക്കുകയായിരുന്നു. ഇരുവരെയും ഡല്‍ഹിയിലെ രാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എം ബി രാജേഷിനെ റോഡിലൂടെ വലിച്ചിഴച്ച പൊലീസുകാര്‍ മര്‍ദിച്ചശേഷമാണ് പൊലീസ് വാഹനത്തിലേക്ക് വലിച്ചെറിഞ്ഞത്. വാഹനത്തിലിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്തു. ഒപ്പം അറസ്റ്റുചെയ്യപ്പെട്ട എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ശക്തമായ സുരക്ഷാവലയം തീര്‍ത്തശേഷമാണ് രാജേഷിനു നേരെയുള്ള പൊലീസ് മര്‍ദനം അവസാനിച്ചത്.

പി ജെ കുര്യന്റെ അധ്യക്ഷതയില്‍ രാജ്യസഭയില്‍ വനിതാസുരക്ഷാ ബില്‍ ചര്‍ച്ച ചെയ്യരുതെന്നും സൂര്യനെല്ലി വിഷയത്തില്‍ ആരോപണവിധേയനായ പി ജെ കുര്യന്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐ, എസ്എഫ്ഐ, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സംയുക്തമായ പ്രതിഷേധ പ്രകടനം നടത്തിയത്. വിത്തല്‍ഭായി പട്ടേല്‍ ഹൗസില്‍നിന്ന് ആരംഭിച്ച പ്രകടനം റഫിമാര്‍ഗിലൂടെ റെയില്‍ഭവന്റെ മുന്നിലെത്തിയപ്പോഴാണ് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞത്. പാര്‍ലമെന്റ് റിസപ്ഷന്റെ മുന്നിലേക്കുള്ള വഴി തടഞ്ഞായിരുന്നു പൊലീസ് നിലയുറപ്പിച്ചത്. പ്രകടനക്കാരെ ബലം പ്രയോഗിച്ച് പിന്നിലേക്ക് നീക്കാനാണ് പൊലീസ് ആദ്യം ശ്രമിച്ചത്. പിന്നീട് രണ്ടു വാഹനത്തില്‍ കൂടുതല്‍ പൊലീസ് വന്നിറങ്ങിയതോടെ മാര്‍ച്ചില്‍ പങ്കെടുക്കുന്നവരുടെ നേരെ ആക്രമണം തുടങ്ങുകയായിരുന്നു. സമാധാനപരമായി പ്രകടനം നടത്തുന്നവരെ ആക്രമിക്കുന്നതിനെ എം ബി രാജേഷും ടി എന്‍ സീമയും ചോദ്യംചെയ്തപ്പോഴാണ് പൊലീസ് ഇരുവരുടെയും നേരെ തിരിഞ്ഞത്. ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി അഭയ് മുഖര്‍ജി, എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി ശിവദാസന്‍, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുധ സുന്ദരരാമന്‍ എന്നിവര്‍ക്കു നേരെയും പൊലീസ് അതിക്രമം നടന്നു.

ജെഎന്‍യുവിലെ എസ്എഫ്ഐ പ്രവര്‍ത്തക അഖിലയുടെ കാലിന് പരിക്കേറ്റു. ഇവരെയെല്ലാം പൊലീസ് അറസ്റ്റുചെയ്ത് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സിപിഐ എം ലോക്സഭാ ഉപനേതാവ് പി കരുണാകരന്‍, രാജ്യസഭാംഗങ്ങളായ സി പി നാരായണന്‍, കെ എന്‍ ബാലഗോപാല്‍ എന്നിവര്‍ പൊലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് അറസ്റ്റുചെയ്യപ്പെട്ടവരെ വിട്ടയച്ചു. എം ബി രാജേഷ്, ടി എന്‍ സീമ എന്നിവരെ ആദ്യം പാര്‍ലമെന്റ് അനക്സിലെ ഡോക്ടര്‍ പരിശോധിച്ചു. ചവിട്ടും അടിയുമേറ്റതിനെത്തുടര്‍ന്ന് ദേഹമാസകലം വേദന അനുഭവപ്പെടുന്നതിനാല്‍ ഇരുവരെയും രാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട്, ലോക്സഭയിലെ സിപിഐ എം നേതാവ് ബസുദേവ് ആചാര്യ, ഉപനേതാവ് പി കരുണാകരന്‍, എംപിമാരായ പി രാജീവ്, കെ എന്‍ ബാലഗോപാല്‍, എം പി അച്യുതന്‍ എന്നിവര്‍ ആശുപത്രിയിലെത്തി എംപിമാരെ സന്ദര്‍ശിച്ചു.
(വി ജയിന്‍)

പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിക്കുക: എസ്എഫ്ഐ

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ രാജിവയ്ക്കണമെന്നും ജസ്റ്റിസ് ജെ എസ് വര്‍മ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ വ്യാഴാഴ്ച നടന്ന മാര്‍ച്ചിനുനേരെയുണ്ടായ പൊലീസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച രാജ്യവ്യാപക പ്രതിഷേധദിനമായി ആചരിക്കാന്‍ എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്തു. എസ്എഫ്ഐ, ഡിവൈഎഫ്ഐ, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു മാര്‍ച്ച്. സമാധാനപരമായി പ്രകടനം നടത്തിയവര്‍ക്കെതിരെ പ്രാകൃതമായും ജനാധിപത്യവിരുദ്ധമായുമാണ് പൊലീസ് പ്രതികരിച്ചത്. പ്രതിഷേധപരിപാടിയില്‍ എല്ലാ വിദ്യാര്‍ഥികളും പങ്കെടുക്കണമെന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി ശിവദാസനും ജനറല്‍ സെക്രട്ടറി ഋതബ്രത ബാനര്‍ജിയും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പ്രതിഷേധ പ്രകടനം നടത്തുക: കെ കെ ശൈലജ

തിരു: പാര്‍ലമെന്റിനു മുമ്പില്‍ എംപിമാരായ ടി എന്‍ സീമയെയും എം ബി രാജേഷിനെയും പൊലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി പ്രകടനം നടത്താന്‍ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ അഭ്യര്‍ഥിച്ചു. പ്രതിഷേധസമരങ്ങള്‍ അടിച്ചമര്‍ത്തി കുര്യനെ രക്ഷിക്കാന്‍ കഴിയില്ല. കുര്യനെ പുറത്താക്കുന്നതിനു പകരം പ്രതിഷേധിക്കുന്നവര്‍ക്കു നേരെ പൊലീസിനെ ഇറക്കിവിടുകയാണ്. കുര്യനെതിരെ അന്വേഷണമാവശ്യപ്പെട്ട് പ്രക്ഷോഭം തുടരും. കുര്യനെതിരെ നിയമനടപടി സ്വീകരിക്കാന്‍ സൂര്യനെല്ലി പെണ്‍കുട്ടിക്ക് എല്ലാ സഹായവും ചെയ്യും. പെണ്‍കുട്ടിയെ അപമാനിച്ച കെ സുധാകരന്‍ എംപിക്കെതിരെ നിയമ നടപടി സ്വീകരിക്കാനും പെണ്‍കുട്ടിക്ക് സഹായം നല്‍കുമെന്ന് ശൈലജ പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 220213

No comments:

Post a Comment