Friday, February 22, 2013

മുഖവും ജാതിയും നോക്കി സര്‍ക്കാര്‍ യാത്രക്കൂലി


വിശ്വമലയാള സമ്മേളനത്തിന് ക്ഷണിച്ചുകൊണ്ടുവന്ന സാഹിത്യകാരന്മാര്‍ക്ക് സര്‍ക്കാര്‍ പ്രതിഫലവും യാത്രപ്പടിയും നല്‍കിയത് മുഖവും ജാതിയും നോക്കി. ഒരേ സ്ഥലത്തുനിന്നെത്തിയ എഴുത്തുകാര്‍ക്ക് വ്യത്യസ്ത രീതിയിലാണ് പ്രതിഫലവും യാത്രക്കൂലിയും നല്‍കിയത്. ഇക്കാര്യത്തില്‍ ദളിത് എഴുത്തുകാരോടാണ് ക്രൂരവിവേചനം കാട്ടിയത്. ജൂറിമാര്‍ക്കുള്ള പ്രതിഫലവും ഇനിയും നല്‍കിയിട്ടില്ല. വിവരാവകാശ പ്രവര്‍ത്തകനും ദേശാഭിമാനി ഏജന്റുമായ രാജു വാഴക്കാലയ്ക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വ്യക്തമായ മാനദണ്ഡമില്ലാതിരുന്ന ഓണറേറിയം വിതരണംവഴി ചിലര്‍ക്ക് 5000 രൂപ ലഭിച്ചപ്പോള്‍ മറ്റുചിലര്‍ക്ക് ലഭിച്ചത് 2000 രൂപയും. ഓണറേറിയത്തിനും യാത്രപ്പടിക്കുമായി 40 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും നല്‍കാന്‍ നിശ്ചയിച്ചത് 13,13,434 രൂപമാത്രം. ഇതില്‍ത്തന്നെ 1,33,400 രൂപ ഇനിയും കൊടുക്കാനുമുണ്ട്. എന്നാല്‍, മറ്റു പല വിഭാഗം ചെലവില്‍ എസ്റ്റിമേറ്റ് തുകയേക്കാള്‍ ദുരൂഹതയുണര്‍ത്തുന്ന ധൂര്‍ത്താണ് നടന്നതും.

യാത്രപ്പടിയുടെ കാര്യത്തില്‍ ദളിത് എഴുത്തുകാരോട് പൊറുക്കാനാകാത്ത വിവേചനമാണ് സംഘാടകര്‍ കാട്ടിയത്. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ മുന്‍ എഡിറ്റര്‍കൂടിയായ കെ എല്‍ മോഹനവര്‍മയ്ക്ക് എറണാകുളത്തുനിന്നും തിരിച്ചുമുള്ള യാത്രപ്പടിയായി 6420 രൂപ നല്‍കിയപ്പോള്‍ ഇവിടെനിന്നുള്ള ശ്രദ്ധേയ ദളിത് എഴുത്തുകാരായ നാരായനും കെ കെ കൊച്ചിനും നല്‍കിയത് കേവലം 1000 രൂപവീതം. എറണാകുളം നഗരത്തില്‍നിന്നുള്ള ബാലചന്ദ്രന്‍ ചുള്ളിക്കാടിനും സേതുവിനും 4000 രൂപവീതം യാത്രപ്പടി നല്‍കിയപ്പോള്‍ നഗരത്തിനുസമീപം കാക്കനാട്ടുനിന്നുള്ള ചെമ്മനം ചാക്കോയ്ക്ക് യാത്രക്കൂലിയായി നല്‍കിയത് 3000. തുല്യതയ്ക്കുപകരം മുഖംനോക്കി തുക നല്‍കുന്ന സമീപനമാണ് ഇക്കാര്യത്തില്‍ ഉണ്ടായതെന്നും രേഖകളില്‍ വ്യക്തം.

ജൂറിമാര്‍ക്ക് നല്‍കാന്‍ നിശ്ചയിച്ച 75,000 രൂപയില്‍ 5000 രൂപ മാത്രമാണ് നല്‍കിയത്. പണം തട്ടാവുന്ന മറ്റു വിഭാഗങ്ങളില്‍ നടത്തിയ ധൂര്‍ത്ത് കണക്കുകളില്‍നിന്ന് വ്യക്തം. മൂന്നു ലക്ഷം രൂപ എസ്റ്റിമേറ്റ് തയ്യാറാക്കിയ വിളംബര പരിപാടികള്‍ക്ക് ചെലവിട്ടത് 6,19,538 രൂപ. സംഘാടകസമിതി ഓഫീസിന്റെ വാടക, താല്‍ക്കാലിക ജീവനക്കാരെ നിയമിക്കല്‍ തുടങ്ങിയവയ്ക്കായി നിശ്ചയിച്ചത് അഞ്ചു ലക്ഷമാണെങ്കിലും ചെലവിട്ടത് 8,47,149 രൂപ. 15 ലക്ഷം നിശ്ചയിച്ച കലാപരിപാടികള്‍ക്കാവട്ടെ 20,64,521 രൂപയും. വൈദ്യുതിക്കും അലങ്കാരത്തിനുമായി ലക്ഷ്യമിട്ടത് 10 ലക്ഷമാണെങ്കിലും മുടക്കിയത് 16,23,037. സമ്മേളനദിവസങ്ങളില്‍ അതിഥികള്‍ക്കും കലാകാരന്മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും ഭക്ഷണത്തിനായി ലക്ഷ്യമിട്ടത് രണ്ടുലക്ഷം രൂപയാണെങ്കില്‍ ചെലവിട്ടത് 7,47,500. ഒട്ടാകെ 1,50,85,959 രൂപയാണ് പരിപാടിക്കായി മുടക്കിയത്. ഇതില്‍ വിവിധ വിഭാഗങ്ങളില്‍ ഇനിയും കൊടുക്കാനുള്ളത് 5,71,450 രൂപ.

deshabhimani 220213

No comments:

Post a Comment