Friday, February 15, 2013

സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ മാനിഷാദ

കൊയിലാണ്ടി: സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കടന്നാക്രമണങ്ങള്‍ക്കെതിരെ ജനശ്രദ്ധയാകര്‍ഷിച്ച് കൊയിലാണ്ടിയില്‍ നടന്ന ചിത്രകാര കൂട്ടായ്മയായ "മാനിഷാദ" വര്‍ത്തമാനകാല സംഭവങ്ങളുടെ നേര്‍ക്കാഴ്ചയായി. എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന ചിത്രകാര കൂട്ടായ്മയില്‍ ചിത്രകാരന്മാര്‍ വരകളും വര്‍ണങ്ങളുംകൊണ്ട് തീര്‍ത്ത "ഗോവിന്ദച്ചാമിയും" ഐസ്ക്രീം പാര്‍ലറുമെല്ലാം ചൂടുള്ള വിഷയങ്ങളായി. സ്ത്രീ മുടിത്തെയ്യമായുറഞ്ഞുകൊണ്ട് സ്വയം പ്രതിരോധിക്കാനാഹ്വാനം ചെയ്യുന്ന ചിത്രം വേറിട്ടതായി. ചിത്രകലാധ്യാപകനും കവിയുമായ ആര്‍ട്ടിസ്റ്റ് യു കെ രാഘവന്‍ വരകളും ചായങ്ങളുമായി മാനിഷാദ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ സംഘം സംസ്ഥാന സമിതിയംഗം കന്മന ശ്രീധരന്‍ അധ്യക്ഷനായി. ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് കെ ടി രാധാകൃഷ്ണന്‍, കവി മേലൂര്‍ വാസുദേവന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കെ ഷിജു ചിത്രകാരന്‍മാരെ പരിചയപ്പെടുത്തി. എസ്എഫ്ഐ ഏരിയാ പ്രസിഡന്റ് അനൂപ്ദാസ് സ്വാഗതവും ഏരിയാ സെക്രട്ടറി ജെ എസ് ജിനോയ് നന്ദിയും പറഞ്ഞു. ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ മേളയില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം കാര്‍ട്ടൂണില്‍ ഒന്നാംസ്ഥാനം നേടിയ ആരതി കണ്‍മണി, ചിത്രകാരന്‍മാരായ എസ്ആര്‍എസ് സുരേഷ്, പ്രശാന്ത്, അബ്ദുറഹ്മാന്‍, രജീഷ് മലയമ്മ, സുബേഷ് പൂക്കാട് കലാലയം എന്നിവര്‍ ചിത്രകാര കൂട്ടായ്മയില്‍ പങ്കാളികളായി.

deshabhimani 150213

No comments:

Post a Comment