Friday, February 15, 2013

പെണ്ണ് വെറും ശരീരമല്ല; സ്വാതന്ത്ര്യപ്രഖ്യാപനമുയര്‍ത്തി... പാട്ടുപാടി, നൃത്തംചെയ്ത്...


കൊച്ചി: "എന്റെ ഉടല്‍ എന്റെ സ്വന്തം. എന്റെ തെരഞ്ഞെടുപ്പ് എന്റെ സ്വാതന്ത്ര്യം" എന്ന പ്രഖ്യാപനവുമായി സ്ത്രീശക്തി. സ്ത്രീകള്‍ നേരിടുന്ന ക്രൂരമായ അതിക്രമങ്ങള്‍ക്കെതിരെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് അവര്‍ പാട്ടുപാടി, നൃത്തംചെയ്തു. പെണ്ണിനെ വെറും ശരീരം മാത്രമായി കാണാത്ത ആണുങ്ങളും അവര്‍ക്കൊപ്പം ചേര്‍ന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുക, സാമൂഹ്യനീതി ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ലോകമെമ്പാടുമുള്ള നൂറുകോടി പെണ്ണുങ്ങള്‍ ഒത്തുചേരുന്ന "വണ്‍ ബില്യണ്‍ റെയ്സിങ്" പരിപാടിയുടെ ഭാഗമായി കൊച്ചിയില്‍ സംഘടിപ്പിച്ച കൂട്ടായ്മയായിരുന്നു വേദി.

ജോയിന്റ് വിമന്‍ ഫോറം ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അതിഥികളോ ആതിഥേയരോ ഉണ്ടായിരുന്നില്ല. ശാന്തിഭവനിലെ കലാകാരികള്‍ അവതരിപ്പിച്ച പ്രാര്‍ഥനാഗീതത്തിനുശേഷം ജസ്റ്റിസ് ഉഷാ സുകുമാരന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. "ഞാന്‍ മനുഷ്യകുലത്തില്‍ ജനിച്ചതില്‍ അഭിമാനിക്കുന്നു. മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി ഞാന്‍ നിലകൊള്ളുമെന്ന് ഉറപ്പുനല്‍കുന്നു" എന്ന് ആരംഭിച്ച പ്രതിജ്ഞ ഗ്രൗണ്ടില്‍ തിങ്ങിനിറഞ്ഞിരുന്ന ജനസഞ്ചയം ഏറ്റുചൊല്ലി. സ്ത്രീസമത്വത്തിനുവേണ്ടി നാം പോരാടുമെന്നും ഇതില്‍ വിജയിക്കുമെന്നും ചടങ്ങില്‍ സംസാരിച്ച ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞു. സ്ത്രീകള്‍ സമത്വമുള്ള വിഭാഗമാണ്. ഒരുകാലത്തും അവരെ താഴ്ന്നനിലയില്‍ കാണാനാവില്ലെന്നും കൃഷ്ണയ്യര്‍ പറഞ്ഞു. തുടര്‍ന്ന് ഉഷാ ഉതുപ്പ് അവതരിപ്പിച്ച ഗാനങ്ങള്‍ നിറഞ്ഞ ആവേശത്തോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത്. "എന്റെ കേരളം എത്ര സുന്ദരം" എന്ന ഗാനം ഉഷാ ഉതുപ്പ് ആലപിച്ചപ്പോള്‍ മൈതാനം തിങ്ങിനിറഞ്ഞിരുന്ന ജനങ്ങള്‍ നൃത്തച്ചുവടുകള്‍വച്ചാണ് ആസ്വദിച്ചത്. ഗായത്രി അശോകും ഗാനങ്ങള്‍ ആലപിച്ചു. സജിത ശങ്കര്‍ തയ്യാറാക്കിയ ഇന്‍സ്റ്റലേഷനും പരിപാടിക്ക് മോടികൂട്ടി. പത്രപ്രവര്‍ത്തക ലീലാമേനോന്‍, പ്രൊഫ. എം കെ പ്രസാദ്, നര്‍ത്തകി രാജശ്രീ വാര്യര്‍, ടി വി അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ് തുടങ്ങിയവര്‍ പങ്കെടുത്തു. ബീനാ സെബാസ്റ്റ്യന്‍ സ്വാഗതം പറഞ്ഞു.

No comments:

Post a Comment