Saturday, February 9, 2013

കൊപ്ര താങ്ങുവില പ്രഖ്യാപനം തട്ടിപ്പ്


കൊപ്ര താങ്ങുവില പുതുക്കി കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം തട്ടിപ്പിന്റെ മറ്റൊരു മുഖം. അഞ്ചുമുതല്‍ ആറുലക്ഷം ടണ്‍വരെ കൊപ്ര ഉല്‍പ്പാദിപ്പിക്കുന്ന കേരളത്തില്‍നിന്ന് കഴിഞ്ഞ സീസണില്‍ സര്‍ക്കാര്‍ സംഭരിച്ചത് കേവലം 17,951 ടണ്‍ കൊപ്ര മാത്രം. ഇതില്‍ ഭൂരിഭാഗവും പൊതുകമ്പോളത്തില്‍ത്തന്നെ വിറ്റഴിച്ചു. ഈ സാഹചര്യത്തില്‍ പുതിയ താങ്ങുവില പ്രഖ്യാപനവും ആത്മാര്‍ഥതയില്ലാത്ത സര്‍ക്കാരിന്റെ മറ്റൊരു കുതന്ത്രമാണ്. ഇപ്പോള്‍ പുതുക്കിയ നിരക്കാകട്ടെ നിലവിലുള്ള പണപ്പെരുപ്പവും ജീവിതസൂചികയിലുണ്ടായ വര്‍ധനയുമൊക്കെയായി താരതമ്യംചെയ്യുമ്പോള്‍ തുലോം തുച്ഛമാണെന്നും ഈ മേഖലയില്‍നിന്നുള്ളവര്‍ വിലയിരുത്തുന്നു. കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 150 രൂപ ഉയര്‍ത്തി മില്‍ കൊപ്രയ്ക്ക് 5250 രൂപയും ഉണ്ടക്കൊപ്രയ്ക്ക് 5500 രൂപയുമായാണ് കേന്ദ്രസര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചത്. പൊതുവിപണിയില്‍ കൊപ്രവില താങ്ങുവിലയിലേക്കാള്‍ താഴാതെ സംരക്ഷിക്കുന്നതിനായാണ് ഇതിന്റെ നിരക്ക് നിശ്ചയിക്കുന്നത്. കഴിഞ്ഞതവണ 5100 രൂപയായിരുന്നു നിരക്കെങ്കിലും ഒരുവേളയിലും പൊതുവിപണിയിലെ വില ഈ നിരക്കിന് മുകളിലെത്താന്‍ സംഭരണം വഴിയൊരുക്കിയില്ല. നിലവില്‍ 5250 രൂപയുടെ പ്രഖ്യാപനം എത്തുമ്പോള്‍ കൊപ്രയുടെ വിപണിവില ക്വിന്റലിന് കേവലം 4750 രൂപ മാത്രമാണ്.

കൊപ്രസംഭരണം പാടെ പാളിയ വര്‍ഷമാണ് പിന്നിട്ടത്. കഴിഞ്ഞവര്‍ഷം രാജ്യത്തുനിന്ന് ഒട്ടാകെ സംഭരിച്ചത് 57,751 ടണ്‍ മാത്രമാണ്. കേരളത്തില്‍ ഇക്കാര്യത്തില്‍ കൊടിയ അനാസ്ഥയാണ് അധികൃതര്‍ കാട്ടിയത്. താങ്ങുവില പ്രഖ്യാപിച്ച് മാസങ്ങള്‍ക്കു ശേഷമാണ് നാഫെഡിനെ സംഭരണത്തിനുള്ള നോഡല്‍ ഏജന്‍സിയായി പ്രഖ്യാപിച്ചത്. സംഭരിക്കാനുള്ള ചുമതല കേരഫെഡിനും മാര്‍ക്കറ്റ്ഫെഡിനും കൈമാറിയതാകട്ടെ പിന്നെയും മാസങ്ങള്‍ കഴിഞ്ഞാണ്. സംഭരണത്തിന് സര്‍ട്ടിഫിക്കറ്റുകളും മാനദണ്ഡങ്ങളും കര്‍ശനമാക്കിയതോടെ ഭൂരിഭാഗം കര്‍ഷകരും പൊതുവിപണിയില്‍ത്തന്നെയാണ് കൊപ്ര വിറ്റത്്. സംഭരണത്തിന്റെ നേട്ടം കൊയ്തതാകട്ടെ ഇടനിലക്കാരും. പേരിന് സംഭരണം നടത്തി കൈകഴുകാനാണ് സര്‍ക്കാര്‍ തയ്യാറായത്. സംഭരണം പരാജയപ്പെട്ടതായി മുഖ്യമന്ത്രി പോലും തുറന്നുസമ്മതിച്ചതാണ്. ഇതിനു പിന്നാലെ പ്രഖ്യാപിച്ച പച്ചത്തേങ്ങ സംഭരണത്തിന്റെ കഥ ഇതിനെക്കാള്‍ ദയനീയമായി. ഇതേത്തുടര്‍ന്ന് വലിയ തേങ്ങയ്ക്കുപോലും ഏറിയാല്‍ നാലുരൂപ മാത്രമാണ് കര്‍ഷകന് ലഭിച്ചത്. എന്നാല്‍ ഉപയോക്താവാകട്ടെ ഇതിന്റെ മൂന്നിരട്ടി തുക നല്‍കേണ്ടിയും വന്നു. സാധാരണ പുതിയ താങ്ങുവില പ്രഖ്യാപനം വന്നാല്‍ അടുത്ത ദിവസംതന്നെ കൊപ്രയുടെയും വെളിച്ചെണ്ണയുടെയും വില ഉയരുക പതിവാണ്. എന്നാല്‍ ഇപ്പോഴത്തെ പ്രഖ്യാപനം കണ്ണില്‍ പൊടിയിടല്‍ മാത്രമാണെന്ന് നന്നായി അറിയാവുന്നതിനാലാണ് ഇത് വിപണിയില്‍ ഒരു അനക്കവും സൃഷ്ടിച്ചില്ല.
(ഷഫീഖ് അമരാവതി)

deshabhimani

No comments:

Post a Comment