Tuesday, February 19, 2013

നാടിനുവേണ്ടി മഹാസമരം

സാധാരണജനങ്ങളുടെയും തൊഴിലാളികളുടെയും ജീവിതവും ഉപജീവന മാര്‍ഗവും ഇല്ലാതാക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള അതിശക്തമായ ജനകീയ പ്രതിഷേധമാകും ആദ്യത്തെ ദ്വിദിന പണിമുടക്ക്. വിവിധ മേഖലകളില്‍പ്പെട്ട 10 കോടിയിലേറെ പേര്‍ അണിനിരക്കുന്ന പണിമുടക്ക് ഇന്ത്യയുടെ സമരചരിത്രത്തിലെ പുത്തന്‍ ഏടാകും.

വിലക്കയറ്റം തടയുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, മിനിമം കൂലി പ്രതിമാസം പതിനായിരമായി ഉയര്‍ത്തുക, കരാര്‍ തൊഴില്‍ അവസാനിപ്പിക്കുക, തുല്യജോലിക്ക് തുല്യവേതനം ഉറപ്പുവരുത്തുക, ട്രേഡ് യൂണിയനുകളെ അംഗീകരിക്കുക, എല്ലാ തൊഴിലാളികള്‍ക്കും പെന്‍ഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് ഇന്ത്യന്‍ പ്രക്ഷോഭചരിത്രത്തില്‍ പുതിയ അധ്യായം തീര്‍ക്കുന്ന സമരം. തൊഴിലാളികളുടെയും ജനങ്ങളുടെയും ജീവല്‍പ്രശ്നങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന കടുത്ത നിസ്സംഗതയ്ക്കെതിരെയാണ് ഈ പ്രക്ഷോഭം.

വിലക്കയറ്റംമൂലം ഉപജീവനത്തിനായുള്ള ഭക്ഷ്യവസ്തുക്കള്‍പോലും വാങ്ങാന്‍ കഴിയാതെ ജനം പതറിനില്‍ക്കുമ്പോള്‍ സര്‍വമേഖലയും സ്വകാര്യവല്‍ക്കരിക്കുകയാണ് സര്‍ക്കാരുകള്‍. റെയില്‍വേ, ഇന്ധന വില അനുദിനം വര്‍ധിപ്പിക്കുന്നു. ചില്ലറ കച്ചവടക്കാര്‍ക്കുമേലും ഇടിത്തീയായി വിദേശ നിക്ഷേപം വരുന്നു. പാവപ്പെട്ടവനെയും തൊഴിലാളികളെയും ഞെക്കിപ്പിഴിഞ്ഞെടുക്കുന്ന നികുതിപ്പണം വന്‍കിടക്കാര്‍ക്ക് കൊള്ളയടിക്കാന്‍ അവസരം ഒരുക്കുന്ന സര്‍ക്കാരുകള്‍ ശതകോടികള്‍ നികുതി ഇളവും നല്‍കുന്നു. കഴിഞ്ഞ എട്ടുവര്‍ഷത്തെ യുപിഎ ഭരണത്തില്‍ കോര്‍പറേറ്റുകള്‍ക്ക് 28,48,755 കോടി രൂപ നികുതിയിളവ് നല്‍കിയപ്പോള്‍ സബ്സിഡി ഇനത്തില്‍ ജനങ്ങള്‍ക്ക് അനുവദിച്ചത് 9,71,856 കോടി മാത്രമാണ്.

കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ അതേപടി പിന്തുടരുകയാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും. സ്വകാര്യ മൂലധനശക്തികളുടെ ക്ഷേമംമാത്രം മുന്നില്‍ കാണുന്ന യുഡിഎഫും സംസ്ഥാനത്തെ സര്‍വമേഖലയെയും സ്വകാര്യമേഖലയ്ക്ക് തീറെഴുതുകയാണ്. കേരളത്തിന്റെ മണ്ണും വനവും സ്ഥാപനങ്ങളുമെല്ലാം വിറ്റുതുലയ്ക്കുന്ന എമര്‍ജിങ് കേരളയ്ക്കു പിന്നാലെ കുടിവെള്ളംപോലും കച്ചവടവല്‍ക്കരിക്കുകയാണ്. ജനകീയമാണെന്ന പ്രതീതി ഉയര്‍ത്തി തികച്ചും ജനവിരുദ്ധനയങ്ങളാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ അതീവരഹസ്യമായി നടപ്പാക്കുന്നത്. പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തി തൊഴില്‍ സുരക്ഷിതത്വം പോലും നഷ്ടപ്പെടുത്തുമ്പോള്‍, തൊഴിലില്ലായ്മ അനുദിനം കുതിച്ചുയരുകയാണ്. ഇത്തരം ജനവിരുദ്ധനയങ്ങള്‍ക്കെതിരെ വരുംനാളുകളില്‍ രാജ്യത്ത് നടക്കുന്ന പോരാട്ടങ്ങള്‍ക്കുള്ള ഊര്‍ജംകൂടിയാണ് ദ്വിദിന പണിമുടക്ക്.

ദേശീയ പണിമുടക്കിന് ബംഗാള്‍ ഒരുങ്ങി

കൊല്‍ക്കത്ത: വിവിധ തൊഴിലാളി സംഘടനകളുടെ ആഭിമുഖ്യത്തില്‍ 20 നും 21 നും നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ ബംഗാള്‍ ഒരുങ്ങി. സമരം അടിച്ചൊതുക്കുമെന്ന മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഭീഷണി അവഗണിച്ച് രണ്ടാഴ്ച സംസ്ഥാനവ്യാപകമായി പ്രചാരണജാഥകള്‍ നടന്നു. ലക്ഷക്കണക്കിനാളുകള്‍ പ്രചാരണത്തില്‍ പങ്കാളികളായി. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരാണെന്ന് ഇടയ്ക്കിടെ വിളിച്ചുപറയുന്ന മമത ബാനര്‍ജി സമരത്തെ അടിച്ചൊതുക്കുമെന്ന് പ്രഖ്യാപിച്ചതിലൂടെ അവരുടെ ഇരട്ടത്താപ്പാണ് വ്യക്തമായത്. പണിമുടക്ക് പൊളിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും രംഗത്തിറങ്ങിയിട്ടുണ്ട്. പണിമുടക്കുന്ന ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്നും സര്‍വീസ് ബ്രേക്ക് വരുത്തുമെന്നും സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ 19ന് രാത്രി ഓഫീസില്‍തന്നെ കഴിയണമെന്ന ഉത്തരവും പുറപ്പെടുവിച്ചു. പണിമുടക്ക് ദിവസം തുറക്കാത്ത കടകമ്പോളങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും തുറക്കാന്‍ അനുവദിക്കില്ലെന്ന് തൃണമൂല്‍ നേതാക്കളും പ്രവര്‍ത്തകരും ഭീഷണി മുഴക്കിയിട്ടുണ്ട്. ഭീഷണികള്‍ നേരിട്ട്, ബംഗാളില്‍ സമരം വന്‍ വിജയമാക്കുമെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ശ്യാമള്‍ ചക്രവര്‍ത്തിയും ജനറല്‍ സെക്രട്ടറി ദീപക് ദാസ് ഗുപ്തയും പറഞ്ഞു.
(ഗോപി)

നിലനില്‍പ്പ് തേടി കര്‍ഷകര്‍

അവശ്യസാധനങ്ങളുടെ വില നിരന്തരം കുതിച്ചുയരുമ്പോഴും കര്‍ഷകരുടെ ജീവിതം ദുരിതമയം. വന്‍കിട ബിസിനസുകാരും സര്‍ക്കാരും തമ്മിലുള്ള കൂട്ടുകെട്ടുമൂലം തങ്ങളുടെ ജീവന്‍പോലും ഹോമിക്കേണ്ട അവസ്ഥയിലാണിന്ന് രാജ്യത്തെ കര്‍ഷകര്‍. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ 70 ശതമാനത്തിലേറെ വര്‍ധനയുണ്ടായപ്പോള്‍ ഇവ ഉല്‍പ്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക് ലഭിക്കുന്നതാകട്ടെ നാമമാത്ര തുക. 70 ശതമാനം വില കുതിച്ചപ്പോള്‍ കര്‍ഷകന് ലഭിക്കുന്ന വിലയില്‍ കേവലം അഞ്ചര ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. ഉപയോക്താവ് കൊടുക്കുന്ന വില കര്‍ഷകര്‍ക്ക് കിട്ടുന്നില്ല. കൃഷിക്കാര്‍ കൂട്ടത്തോടെ ആത്മഹത്യചെയ്യുന്നു. പലയിടങ്ങളിലും തങ്ങള്‍ ഉല്‍പ്പാദിപ്പിച്ച വിളവ് കത്തിച്ചാണ് കര്‍ഷകര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. വൈദ്യുതിനിരക്കും രാസവളത്തിന്റെ വിലയില്‍ ഉണ്ടായ വര്‍ധനയും കൃഷിക്കാരുടെ നട്ടെല്ലൊടിച്ചു.

സംസ്ഥാനത്തെ ഏറ്റവും മികച്ച കര്‍ഷകനുള്ള അവാര്‍ഡ് നേടിയ കാസര്‍കോട് ജില്ലയിലെ സീതാംഗോളി നാരായണഭട്ട് അടയ്ക്കാ കൃഷിയോട് വിട പറഞ്ഞു. മികച്ച നാളികേര കര്‍ഷക അവാര്‍ഡ് നേടിയ ബോവിക്കാനത്തെ അബൂബക്കര്‍ഹാജിയും കാര്‍ഷികവൃത്തിയോട് വിട പറയാനുള്ള നീക്കത്തിലാണ്. സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 27 ശതമാനം കര്‍ഷകരാണ് കാര്‍ഷികവൃത്തിയില്‍നിന്ന് പിന്‍വാങ്ങിയത്. കൃഷിയിടങ്ങളുടെ വിസ്തൃതിയിലും വന്‍ ഇടിവുണ്ടായി. നെല്‍പ്പാടങ്ങള്‍ പാടെ അപ്രത്യക്ഷമായി. പാലക്കാട്, ആലപ്പുഴ ജില്ലകളിലെ പാടശേഖരം പേരിനു മാത്രമായി. കാര്‍ഷികവായ്പ നല്‍കുന്ന കാര്യത്തില്‍ ബാങ്കുകള്‍ കാട്ടുന്ന വിമുഖതമൂലം കര്‍ഷകര്‍ കൂട്ടത്തോടെ ഈ മേഖലയില്‍നിന്ന് പിന്‍വാങ്ങുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെമാത്രം കേരളത്തില്‍ മുപ്പതോളം കര്‍ഷകരാണ് കടക്കെണിമൂലം ജീവനൊടുക്കിയത്. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന സര്‍ക്കാരുകളുടെ നയത്തിന്റെ ഭാഗംതന്നെയാണ് കര്‍ഷകരുടെ ജീവിതവും ദുരിതമയമാക്കിയത്.

തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി പൊതുമേഖല

പൊതുമേഖലയെ സംരക്ഷിക്കുമെന്ന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ആവര്‍ത്തിക്കുമ്പോഴും തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ് പല പൊതുമേഖലാ സ്ഥാപനങ്ങളും. കേരളത്തിലെ 120 സ്ഥാപനങ്ങളില്‍ 88 എണ്ണമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അതില്‍ തന്നെ പലതിന്റെയും പ്രവര്‍ത്തനം പേരിനുമാത്രവും. നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്കാണ് കേരളത്തിന്റെ മിക്ക പൊതുമേഖലാ സ്ഥാപനങ്ങളും പതിക്കുന്നത്. വൈദ്യുതി ബോര്‍ഡ്, കെഎസ്ആര്‍ടിസി, ഹൗസിങ് ബോര്‍ഡ്, ഫിലിംസ് ഡവലപ്മെന്റ് കോര്‍പറേഷന്‍ എന്നിവയുടെ സ്ഥിതിയും മറിച്ചല്ല.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് തൊട്ടുമുമ്പ്, നഷ്ടത്തിന്റെ പട്ടികയിലായിരുന്ന നിരവധി പൊതുമേഖലാ സ്ഥാപനങ്ങളെ കൈപിടിച്ചുയര്‍ത്താനുള്ള നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചു. ഇതിന്റെ ഭാഗമായി കേരള സോപ്സ്, തിരുവണ്ണൂര്‍ കോട്ടണ്‍മില്‍, ബാലരാമപുരം സ്പിന്നിങ് മില്‍ എന്നിവ തുറന്നു. നഷ്ടത്തിലായിരുന്ന 34 എണ്ണത്തില്‍ 23 എണ്ണം ലാഭത്തിലേക്ക് തിരിച്ചുവന്നു. നിരവധി സ്ഥാപനങ്ങള്‍ക്ക് തുടക്കമിട്ടു. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നതോടെ സ്ഥിതി പഴയ പടിയായി. കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡുകളില്‍ സ്വന്തക്കാരെ തിരുകിക്കയറ്റിയതോടെ സ്ഥാപനങ്ങള്‍ക്ക് ലക്ഷ്യബോധം നഷ്ടപ്പെട്ടു. കേരളത്തിന്റെയും രാജ്യത്തിന്റെയും സമ്പദ്ഘടനയ്ക്ക് മികച്ച സംഭാവന നല്‍കിയ സ്ഥാപനങ്ങളാണ് പൊതുമേഖലയിലുള്ളത്. ലക്ഷക്കണക്കിന് ആള്‍ക്കാര്‍ക്ക് ജോലി ലഭ്യമാക്കുകയുംചെയ്തു. ഏറെ വളര്‍ച്ചാസാധ്യതയുള്ള ഇത്തരം സ്ഥാപനങ്ങളെ തകര്‍ച്ചയിലേക്ക് നയിക്കുന്നത് കേന്ദ്ര- സംസ്ഥാനങ്ങളുടെ നയങ്ങള്‍തന്നെയാണ്.

deshabhimani 190213

No comments:

Post a Comment