കൊച്ചി: യാഥാര്‍ഥ്യങ്ങളോട് പല്ലിളിക്കുന്ന കലുഷ കാലത്തിന്റെ ദുര്‍മുഖം ചിത്രകാരന്‍ സി എന്‍ കരുണാകരന്റെ ക്യാന്‍വാസില്‍. സൂര്യനെല്ലിമുതല്‍ ഡെല്‍ഹിവരെ നീണ്ട വേട്ടയാടലിന്റെ ഇരുണ്ട ചരിത്രത്തില്‍നിന്നൊരേട് കലാധരന്റെയും ജലജയുടെയും വരകളില്‍. "ഒന്നായി കാണുന്നതൊന്നല്ല, അനേകങ്ങള്‍, ഇണ്ടലിതാരോട് ചൊല്ലുവാന്‍" എന്ന് കവിതാവേദിയില്‍ കവി രാവുണ്ണി. സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന ദേശീയ സമര സന്ദേശയാത്രയുടെ പ്രചാരണാര്‍ഥം രാജേന്ദ്രമൈതാനിയില്‍ സംഗമിച്ച സാംസ്കാരിക പ്രവര്‍ത്തകര്‍ സമകാലിക ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളിലെ നോവുകള്‍ പ്രതികരണങ്ങളില്‍ പകര്‍ത്തി. ദേശീയ-അന്തര്‍ദേശീയ പ്രശസ്തിയുള്ള 60 ചിത്രകാരന്മാരും 20 കവികളുമാണ് പ്രതികരണ സംഗമത്തിനായി രാജേന്ദ്രമൈതാനിയില്‍ ഒത്തുചേര്‍ന്നത്. മാര്‍ച്ച് 19ന് നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചിന്റെ പ്രചാരണത്തിന് രാജ്യവ്യാപകമായി പര്യടനം നടത്തുന്ന ദേശീയ ജാഥകളിലൊന്ന് ഇരുപത്താറിനാണ് കൊച്ചിയിലെത്തുന്നത്. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള നയിക്കുന്ന ജാഥയാണ് കൊച്ചിയില്‍ എത്തുന്നത്. വിലക്കയറ്റം തടയുക, ഭക്ഷ്യസുരക്ഷ, തൊഴില്‍ സുരക്ഷ, സ്ത്രീ സുരക്ഷ എന്നിവ ഉറപ്പാക്കുക, അഴിമതി തടയുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ദേശീയ പ്രക്ഷോഭം.
ഇതിന് ചിത്രകാരന്മാരും സാഹിത്യകാരന്മാരും തങ്ങളുടെ സര്‍ഗപ്രവര്‍ത്തനത്തിലൂടെ പിന്തുണ നല്‍കാന്‍ ഒത്തുചേര്‍ന്ന പ്രതികരണ സംഗമം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉല്‍ഘാടനംചെയ്തു. കേരള ലളിതകലാ അക്കാദമിയുടെ മുന്‍ ചെയര്‍മാന്‍ കൂടിയായ സി എന്‍ കരുണാകരന്‍ സ്വതസിദ്ധമായ തന്റെ രചനാശൈലിയില്‍നിന്നു മാറിയാണ് ചിത്രരചന നടത്തിയത്. പതിവു വര്‍ണ ധാരാളിത്തം ഉപേക്ഷിച്ചു. കനത്ത തവിട്ടുനിറത്തില്‍ കോറിയ ചിത്രത്തിനുതാഴെ പതിവുതെറ്റാതെ പേരുകുറിച്ചു. മങ്ങിയതും കടുത്തതുമായ വര്‍ണങ്ങള്‍ ചേര്‍ത്തായിരുന്നു പ്രഭാകരന്റെ രചന. കറുത്ത മാര്‍ക്കര്‍കൊണ്ട് വരഞ്ഞശേഷം പച്ചയും റോസും നിറങ്ങള്‍ കൂടി തേച്ച് കലാധരന്‍ രചന പൂര്‍ത്തിയാക്കി. ഡെല്‍ഹിയില്‍ പെണ്‍കുട്ടിക്കുണ്ടായ ദുരന്തത്തിനുശേഷം ബിനാലെ വേദിയില്‍ ജലജ ഒരുക്കിയ ക്രൂശിതയായ പെണ്‍കുഞ്ഞിന്റെ മുഖമാണ് രാജേന്ദ്രമൈതാനിയിലിരുന്ന് അവര്‍ വരച്ച ചിത്രത്തിലും തെളിഞ്ഞത്. കറുപ്പിലും വെളുപ്പിലുമാണ് നിസ്സംഗമായ കണ്ണുകളുള്ള തട്ടമിട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം ബിന്ദി എഴുതിയത്. ലളിതകലാ അക്കാദമി മുന്‍ സെക്രട്ടറി ടി എ സത്യപാല്‍, കബിത മുഖോപാധ്യായ, അശാന്തന്‍, നന്ദന്‍, പൊന്ന്യം ചന്ദ്രന്‍, നേമം പുഷ്പരാജ്, ആര്‍ വേണു, മധു, വി ബി വേണു, വിനോദ് അടൂര്‍, എ കെ സലിം, അഭിലാഷ് ഉണ്ണി, ദേവദാസ്, കെ ജി ബാബു, സുനില്‍ വല്ലാര്‍പാടം, ട്രീസ തുടങ്ങിയവരും രചന നടത്തി.
സമകാലിക ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളോടുള്ള പ്രതികരണമാണ് കവിതാവേദിയില്‍ നിറഞ്ഞുനിന്നത്. ബംഗാളിലെ പുരോഗമന സാഹിത്യ മുന്നേറ്റ കാലത്തെ ഓര്‍മിച്ച് ചിത്രകാരി കബിത മുഖോപാധ്യായ ബംഗാളി കവിത ആലപിച്ചു. കലയും സംസ്കാരവും നിലനില്‍ക്കുന്ന ലോകത്ത് കുറ്റകൃത്യങ്ങളും കുറ്റവാളികളും ഉണ്ടാകില്ലെന്നും അതിനായി പ്രവര്‍ത്തിക്കാനും അവര്‍ പറഞ്ഞു. ആശ്രയമറ്റ സ്ത്രീ പൊട്ടിപ്പിളര്‍ന്ന് തനിക്ക് അഭയം നല്‍കാന്‍ ഭൂമി ദേവിയോട് അപേക്ഷിക്കുന്ന ഇണ്ടല്‍ എന്ന കവിതയായിരുന്നു രാവുണ്ണിയുടെത്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ ഉണ്ടാകുന്ന ലൈംഗികാക്രമണങ്ങളും അതിന്റെ ആശങ്കകളുമാണ് ഏറെ കവിതകളിലും പ്രതിഫലിച്ചത്. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, എസ് രമേശന്‍, എം എസ് ബനേഷ്, എസ് കലേഷ്, അജീഷ് ദാസന്‍, കെ തങ്കപ്പന്‍, രമ്യ തുറവൂര്‍, താര മറിയം, ബാബുരാജ് വൈറ്റില എന്നിവരും കവിത ആലപിച്ചു.
പ്രതികരണസംഗമം കലാകാരന്മാരുടെ ഐക്യദാര്‍ഢ്യമായി: ബേബി
കൊച്ചി: ജനങ്ങളെ ബാധിക്കുന്ന നീറുന്ന പ്രശ്നങ്ങള്‍ ഉന്നയിച്ച് ദേശവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന് കലാകാരന്മാരുടെ ഐക്യദാര്‍ഢ്യമായി പ്രതികരണ സംഗമം മാറിയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. അറുപതോളം ചിത്രകാരന്മാരും സാഹിത്യകാരന്മാരും പങ്കെടുത്ത പ്രതികരണ സംഗമം രാജേന്ദ്രമൈതാനിയില്‍ ഉല്‍ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പൊരുതുന്ന പ്രസ്ഥാനവുമായി കലാകാരന്മാര്‍ ആത്മബന്ധം സ്ഥാപിക്കുന്നത് സ്വാഭാവികമാണ്. ലോകത്താകെയും ഇന്ത്യയിലും ഇത്തരം സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. പിക്കാസോ, നെരൂദ,ബ്രഹ്ത്, ഗോര്‍ക്കി, സമരാഗോ, ലോര്‍ക്ക എന്നിങ്ങനെ ലോകോത്തര കലാകാരന്മാരൊക്കെ പുരോഗമന പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരാണ്. സിത്താര്‍ മാന്ത്രികന്‍ രവിശങ്കര്‍ ഇപ്റ്റയുടെ പ്രവര്‍ത്തകനായിരുന്നു. ചലച്ചിത്രകാരന്മാരായ സത്യജിത് റായ്, ഋത്വിക് ഘട്ടക്, ചിത്രകാരന്‍ ചിത്തബ്രത റോയ് എന്നിവരൊക്കെ ആ പാത പിന്തുടര്‍ന്നു. ജനകീയ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രക്ഷോഭങ്ങളില്‍ കലാകാരന്മാര്‍ക്ക് തങ്ങളുടെതായ പങ്കുവഹിക്കാനുണ്ട് എന്നതിന്റെ ദൃഷ്ടാന്തമാണിത്.
മാര്‍ച്ച് 19ലെ ദേശീയ പ്രക്ഷോഭത്തില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളില്‍ ഭക്ഷ്യസുരക്ഷയും തൊഴില്‍ സുരക്ഷയും സ്ത്രീ സുരക്ഷയും പോലുള്ള മുദ്രാവാക്യങ്ങളുണ്ട്. രാജ്യത്തിനാകെ മാതൃകയാണെന്നുപറഞ്ഞ കേരളത്തിലെ പൊതുവിതരണ സംവിധാനത്തെ തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. വഞ്ചനാപരമായ ഈ നീക്കത്തെ രാജ്യം അത്ര ഗൗരവത്തോടെ കണ്ടിട്ടില്ല. സ്ത്രീശരീരം ആര്‍ക്കും കൈയേറാവുന്ന കച്ചവടച്ചരക്കാണെന്ന ധാരണയാണ് നിലനില്‍ക്കുന്നത്. ക്രൂരമായ ലൈംഗികാക്രമണത്തിന് വിധേയയായ സൂര്യനെല്ലിയിലെ പെണ്‍കുട്ടിയാണ് കുറ്റക്കാരി എന്നു ജനപ്രതിനിധികള്‍പോലും നാണമില്ലാതെ വിളിച്ചു പറയുന്നതിനെതിരെ പ്രതിഷേധം ഉയരണം. വിവിധ ആവശ്യങ്ങളുന്നയിച്ച് 20, 21 തീയതികളില്‍ നടക്കുന്ന പണിമുടക്ക് സിപിഐ എം ദേശീയ പ്രക്ഷോഭത്തില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളുടെ പ്രസക്തി വര്‍ധിപ്പിച്ചെന്നും എം എ ബേബി പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ഗോവിന്ദന്‍, പി രാജീവ് എംപി, കെ എന്‍ ഉണ്ണികൃഷ്ണന്‍, എം എ പൊന്നന്‍ എന്നിവര്‍ സംസാരിച്ചു. ടി എ സത്യപാല്‍ അധ്യക്ഷനായി. കെ ചന്ദ്രന്‍പിള്ള, സി എന്‍ കരുണാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കവി സംഗമത്തില്‍ എസ് രമേശന്‍ അധ്യക്ഷനായി. ആശ അക്ബര്‍ നന്ദി പറഞ്ഞു.
സാക്ഷിയാകാന്‍ പ്രമുഖരെത്തി
കൊച്ചി: ദേശീയ സമരസന്ദേശ ജാഥാ സ്വീകരണത്തിന് മുന്നോടിയായി മുന്‍നിര ചിത്രകാരന്മാരും സാഹിത്യകാരന്മാരും പങ്കെടുത്ത പ്രതികരണ സംഗമത്തിന് സാക്ഷിയാകാന്‍ രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരെത്തി. പ്രതികരണ സംഗമം ഉദ്ഘാടനംചെയ്ത മുന്‍ സാംസ്കാരികമന്ത്രി എം എ ബേബി മൈതാനിയില്‍ ചിത്രരചനയില്‍ മുഴുകിയ കലാകാരന്മാരെ സന്ദര്‍ശിച്ച് ഓരോരുത്തരുടേയും രചനകള്‍ കണ്ടു. മനശാസ്ത്രജ്ഞന്‍ ഡോ. കെ എസ് ഡേവിഡ് പ്രതികരണ സംഗമത്തിന് സാക്ഷിയാകാന്‍ എത്തിയതാണെങ്കിലും സ്വന്തമായി ക്യാന്‍വാസ് സംഘടിപ്പിച്ച് രചനയില്‍ പങ്കാളിയായി. സിഐടിയു വൈസ് പ്രസിഡന്റ് എം എം ലോറന്‍സ് രാജേന്ദ്രമൈതാനിയില്‍ ആദ്യവസാനക്കാരനായി ഉണ്ടായി. പുരോഗമന കലാ സാഹിത്യ സംഘം പ്രവര്‍ത്തകര്‍, കൗണ്‍സിലര്‍മാര്‍, വിവിധ സംഘടനാ ഭാരവാഹികള്‍ എന്നിവരും പ്രതികരണ സംഗമവേദിയിലെത്തി.
deshabhimani 190213
No comments:
Post a Comment