Saturday, February 16, 2013

സമരസന്ദേശജാഥകള്‍ക്ക് ഒരുക്കം സജീവം


രാജ്യത്ത് ബദല്‍ രാഷ്ട്രീയനയം ഉയര്‍ത്തി സിപിഐ എം നടത്തുന്ന സമരസന്ദേശജാഥകളുടെ വിജയത്തിനായി രാജ്യമെങ്ങും വന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി. അഴിമതി തടയുക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക തുടങ്ങി ആറ് പ്രധാന വിഷയങ്ങളില്‍ ബദല്‍നയം മുന്നോട്ടുവയ്ക്കുന്ന ലഘുലേഖ തയ്യാറായിക്കഴിഞ്ഞു. ഇതിന്റെ ഹിന്ദിയിലുള്ള അഞ്ചുലക്ഷം കോപ്പി നാലു ജാഥയിലും ഉപജാഥകളിലുമായി വിതരണം ചെയ്യും. ഇതിനുപുറമെ ജാഥ കടന്നുപോകുന്ന സംസ്ഥാനങ്ങളിലെ ഭാഷകളിലും ലഘുലേഖകള്‍ വിതരണം ചെയ്യും. ഓരോ ജാഥയോടൊപ്പവും സംസ്ഥാനസമിതികള്‍ ഒരുക്കിയ കലാ സാംസ്കാരിക സംഘങ്ങളുണ്ടാകും. സ്വീകരണകേന്ദ്രങ്ങളില്‍ ഇവര്‍ പരിപാടികള്‍ നടത്തും. മാര്‍ച്ച് 19നു ഡല്‍ഹിയിലെ രാംലീല മൈതാനത്ത് നടക്കുന്ന റാലിക്കുള്ള പോസ്റ്ററുകളും തയ്യാറായിവരുന്നു. മിക്ക സംസ്ഥാനങ്ങളും ജില്ലാതലത്തിലും പ്രാദേശികതലത്തിലും ജാഥകള്‍ നടത്തും.

സിപിഐ എം മുന്നോട്ടുവയ്ക്കുന്ന ബദല്‍ രാഷ്ട്രീയനയങ്ങള്‍ പരമാവധി ജനങ്ങളില്‍ എത്തിക്കുന്നതിനാണ് ജാഥകള്‍ നടത്തുന്നതെന്ന് കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ശ്രീനിവാസറാവു പറഞ്ഞു. പൊളിറ്റ്ബ്യൂറോ അംഗങ്ങളുടെ നേതൃത്വത്തിലാണ് നാലു ജാഥ രാജ്യത്തിന്റെ നാലു ഭാഗത്തുനിന്നായി ഡല്‍ഹിയിലേക്ക് നീങ്ങുന്നത്. 24നു കന്യാകുമാരിയില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ജാഥകളുടെ ഉദ്ഘാടനം നിര്‍വഹിക്കും. തെക്കന്‍ ജാഥയ്ക്ക് നേതൃത്വം നല്‍കുന്നത് എസ് രാമചന്ദ്രന്‍പിള്ളയാണ്. പിബി അംഗമായ എം എ ബേബിയും ശ്രീനിവാസറാവുവും കേന്ദ്രകമ്മിറ്റി അംഗം സുധ സുന്ദര്‍രാമനും അംഗങ്ങളാകും. കൊല്‍ക്കത്തയില്‍ നിന്ന് ആരംഭിക്കുന്ന ജാഥയ്ക്ക് പ്രകാശ് കാരാട്ട് നേതൃത്വം നല്‍കും. പിബി അംഗവും പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറിയുമായ ബിമന്‍ ബസു, കേന്ദ്രസെക്രട്ടറിയറ്റ് അംഗം ജൊഗീന്ദര്‍ശര്‍മ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ സുഭാഷിണി അലി, ജെ എസ് മജുംദാര്‍ എന്നിവര്‍ ജാഥയിലുടനീളം ഉണ്ടാകും. പഞ്ചാബിലെ അമൃതസറില്‍ നിന്ന് ആരംഭിക്കുന്ന ജാഥയ്ക്ക് വൃന്ദ കാരാട്ട് നേതൃത്വം നല്‍കും. കേന്ദ്രസെക്രട്ടറിയറ്റ് അംഗം ഹന്നന്‍മുള്ള, കേന്ദ്രകമ്മിറ്റി അംഗങ്ങളായ സുനീത് ചോപ്ര, ഹരിയാന സംസ്ഥാന സെക്രട്ടറി കൂടിയായ ഇന്ദ്രജിത്സിങ് എന്നിവര്‍ ജാഥയിലുണ്ടാകും. മുംബൈയില്‍നിന്ന് ആരംഭിക്കുന്ന ജാഥയ്ക്ക് സീതാറാം യെച്ചൂരി നേതൃത്വം നല്‍കും. കേന്ദ്ര സെക്രട്ടറിയറ്റ് അംഗം നിലോല്‍പ്പല്‍ ബസു, കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് സലീം, മറിയം ധാവ്ളെ എന്നിവരാണ് ഈ ജാഥയിലെ സ്ഥിരാംഗങ്ങള്‍.

പ്രധാന ജാഥകള്‍ കടന്നുപോകാത്ത സംസ്ഥാനങ്ങളില്‍ നിന്ന് അഞ്ച് ഉപജാഥകള്‍ ആരംഭിച്ച് പ്രധാന ജാഥകളില്‍ ലയിക്കും. അസം തലസ്ഥാനമായ ഗുവാഹത്തിയില്‍ നിന്ന് ആരംഭിച്ച് ജല്‍പായ്ഗുരി, മാള്‍ഡ വഴി കൊല്‍ക്കത്തയില്‍ എത്തുന്നതാണ് ഒരു ഉപജാഥ. ഒഡിഷ തലസ്ഥാനമായ ഭുവനേശ്വറില്‍ നിന്ന് ആരംഭിക്കുന്ന ഉപജാഥയും കൊല്‍ക്കത്തയില്‍ എത്തി പ്രകാശ്കാരാട്ട് നയിക്കുന്ന ജാഥയില്‍ ലയിക്കും. ശ്രീനഗറില്‍നിന്ന് ആരംഭിക്കുന്ന ഉപജാഥ അമൃതസറില്‍ നിന്ന് ആരംഭിക്കുന്ന ജാഥയോടൊപ്പം ചേരും. ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദില്‍ നിന്ന് ആരംഭിക്കുന്ന ഉപജാഥ മുംബൈ ജാഥയോടൊപ്പവും സിംലയില്‍ നിന്ന് ആരംഭിക്കുന്ന ഉപജാഥ ചണ്ഡീഗഢില്‍ വച്ച് അമൃതസര്‍ ജാഥയോടൊപ്പവും ചേരും.
(വി ബി പരമേശ്വരന്‍)

ദേശീയ പ്രക്ഷോഭം: അനുബന്ധ ജാഥ 23ന് തുടങ്ങും

കാസര്‍കോട്: സിപിഐ എം ദേശീയജാഥയുടെ ഭാഗമായി ജില്ലയില്‍ രണ്ട് ജാഥ പര്യടനം നടത്തും. 23 മുതല്‍ 27 വരെ നടത്തുന്ന ജാഥക്ക് നല്‍കുന്ന സ്വീകരണ പരിപാടികള്‍ വന്‍ വിജയമാക്കാന്‍ ജില്ലാകമ്മിറ്റി തീരുമാനിച്ചു. വിലക്കയറ്റം തടയുക, ഭൂമി- പാര്‍പ്പിടം- തൊഴില്‍- വിദ്യാഭ്യാസം- ആരോഗ്യ സുരക്ഷ എന്നിവ ഉറപ്പുവരുത്തുക, അഴിമതിക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തുക, സ്ത്രീകളുടെ അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കുക, ദളിത്- ആദിവാസി- ന്യൂനപക്ഷങ്ങള്‍ക്ക് നീതി ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന അഖിലേന്ത്യാ ജാഥയുടെയും പാര്‍ലമെന്റ് മാര്‍ച്ചിന്റെയും സന്ദേശം ജനങ്ങളിലെത്തിക്കാന്‍ നടത്തുന്ന ജാഥ വിജയിപ്പിക്കാന്‍ മുഴുവന്‍ പാര്‍ടി ഘടകങ്ങളോടും ജില്ലാകമ്മിറ്റി അഭ്യര്‍ഥിച്ചു. യോഗത്തില്‍ പി രാഘവന്‍ അധ്യക്ഷനായി. ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി സംസാരിച്ചു.

ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ എം വി ബാലകൃഷ്ണന്‍ ലീഡറും പി ജനാര്‍ദനന്‍ മാനേജരുമായ വടക്കന്‍മേഖലാ ജാഥ 23ന് വൈകിട്ട് നാലിന് ഹൊസങ്കടിയില്‍ കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. വി കെ രാജന്‍, വി പി പി മുസ്തഫ, കെ ആര്‍ ജയാനന്ദ, എം ലക്ഷ്മി എന്നിവരാണ് ജാഥാംഗങ്ങള്‍. ജാഥ 27ന് ഉദുമയില്‍ സമാപിക്കും. ജില്ലാസെക്രട്ടറിയറ്റ് അംഗം എം രാജഗോപാലന്‍ ലീഡറും ജില്ലാകമ്മിറ്റി അംഗം ടി വി ഗോവിന്ദന്‍ മാനേജരുമായ തെക്കന്‍മേഖലാ ജാഥ 23ന് വൈകിട്ട് നാലിന് ബളാന്തോട് സംസ്ഥാന കമ്മിറ്റിയംഗം എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. കെ വി കുഞ്ഞിരാമന്‍, സാബു അബ്രഹാം, വി പി ജാനകി എന്നിവരാണ് ജാഥാംഗങ്ങള്‍. ജാഥ 27ന് കാഞ്ഞങ്ങാട് സമാപിക്കും.

അഴിമതിപ്പണംകൊണ്ട് ജനാധിപത്യം വിലയ്ക്കുവാങ്ങാന്‍ ശ്രമം: എ കെ ബാലന്‍

ആറ്റിങ്ങല്‍: കേന്ദ്രസര്‍ക്കാര്‍ അഴിമതികാട്ടി നേടിയ പണംകൊണ്ട്, വരുന്ന തെരഞ്ഞെടുപ്പുകളില്‍ ജനാധിപത്യത്തെ വിലയ്ക്കുവാങ്ങാന്‍ ശ്രമിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ കെ ബാലന്‍ പറഞ്ഞു. മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ഇതുവരെ 95 ലക്ഷം കോടിരൂപയുടെ അഴിമതിയാണ് നടത്തിയത്. സിപിഐ എം ദേശീയ ജാഥയുടെ സ്വാഗതസംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു എ കെ ബാലന്‍.

അഴിമതി കണ്ടെത്തിയ സിഎജി പോലുള്ള ഭരണഘടനാസ്ഥാപനങ്ങളെ അപമാനിക്കാനാണ് മന്‍മോഹന്‍സിങ് ശ്രമിക്കുന്നത്. വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് മുന്നില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നിസ്സഹായത പ്രകടിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. പെട്രോള്‍-ഡീസല്‍ വിലവര്‍ധനയും അവധിവ്യാപാരവുമാണ് പൊതുവിലക്കയറ്റത്തിന് പ്രധാന കാരണം. വിലനിയന്ത്രണാധികാരം തങ്ങള്‍ക്ക് വേണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടാണ് ഇന്ധനവില വര്‍ധനയ്ക്ക് കാരണം. കേവലമുള്ള വിലവര്‍ധനയല്ല, ജനങ്ങളെ നിത്യദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും തള്ളിവിടുന്നതാണ് പൊതുവിലക്കയറ്റം. സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാര്‍ അധ്യക്ഷനായി.

മന്‍മോഹന്റേത് സാമ്രാജ്യത്വത്തിനു വേണ്ടിയുള്ള ഭരണം: കെ രാജഗോപാല്‍

കരുനാഗപ്പള്ളി: ജനങ്ങളോട് കൂറ് ഇല്ലാത്ത ഡോ. മന്‍മോഹന്‍സിങ് അമേരിക്കന്‍ പ്രസിഡന്റിന് കൂറ് പ്രഖ്യാപിച്ച് സാമ്രാജ്യത്വത്തിനു വേണ്ടിയുള്ള ഭരണമാണ് നടത്തുന്നതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ രാജഗോപാല്‍ പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീകള്‍ക്ക് സുരക്ഷ, ഭൂമി, ഭക്ഷണം, പാര്‍പ്പിടം, തൊഴില്‍ എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന അഖിലേന്ത്യ ജാഥയുടെ പ്രചാരണത്തിന്റെ ഭാഗമായി സിപിഐ എം ആലപ്പാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഴീക്കല്‍ ഹാര്‍ബറില്‍നിന്ന് ആരംഭിച്ച കാല്‍നടജാഥ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ അംഗീകാരമില്ലാത്ത യുപിഎ സര്‍ക്കാര്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുന്നു. വന്‍അഴിമതിയും കൊള്ളയുമാണ് മന്‍മോഹന്‍ സര്‍ക്കാരിന്റെ നയങ്ങള്‍. ഇന്ത്യയിലെ നാലുകോടിയിലധികം വരുന്ന ചെറുകിട കച്ചവടക്കാര്‍ ഉപജീവനം നടത്തുന്ന മേഖലയെ പൂര്‍ണമായി തകര്‍ത്തു. യുപിഎ സര്‍ക്കാര്‍ പിന്തുടരുന്ന ജനവിരുദ്ധ നയങ്ങള്‍ക്ക് എതിരെ രാജ്യത്തെ എല്ലാ തൊഴിലാളികളും ഐഎന്‍ടിയുസി ഉള്‍പ്പെടെ ഐക്യട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ 20നും 21നും നടത്തുന്ന അഖിലേന്ത്യ പണിമുടക്ക് ചരിത്രത്തിലെ ഏറ്റവും വലിയ പോരാട്ടമാണെന്നും രാജഗോപാല്‍ പറഞ്ഞു. ജാഥാ ക്യാപ്റ്റന്‍ കെ സത്യരാജന് പതാക കൈമാറി ജാഥ ഉദ്ഘാടനംചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തിയ ജാഥ വൈകിട്ട് വെള്ളനാതുരുത്തില്‍ സമാപിച്ചു.

deshabhimani 160213

No comments:

Post a Comment