Saturday, February 16, 2013
റൊണാള്‍ഡോവിന്റെ ചാട്ടം, വല്ലാത്ത ചാട്ടം
മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ റയല്‍ മാഡ്രിഡിനു വേണ്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോവിന്റെ ഹെഡര്‍ സോക്കറിലെ അപൂര്‍വനിമിഷങ്ങളിലൊന്നായി കരുതുന്നു. ഉയര്‍ന്നുവന്ന പന്തിനുവേണ്ടി റൊണാള്‍ഡോയും പ്രതിരോധക്കാരന്‍ പാട്രിക് എവ്റയും ചാടിയത് ഒരേപോലെ. പക്ഷേ, തെറിച്ചുപൊങ്ങിയ റൊണാള്‍ഡോയുടെ ഹെഡര്‍ യുണൈറ്റഡിന്റെ ഗോളി ഡേവിഡ് ഡി ജീക്ക് കാണാന്‍പോലും പറ്റുന്നതിനുമുമ്പ് വലയില്‍ തറച്ചു. പന്തില്‍ തല സ്പര്‍ശിക്കുന്ന സമയത്ത് റൊണാള്‍ഡോയുടെ കാല്‍മുട്ടുകള്‍ എവ്റയുടെ മുഖത്തിനൊപ്പമായിരുന്നു. അത്രമേല്‍ ഉയരത്തിലാണ് റൊണാള്‍ഡോ ചാടിയത്. അപൂര്‍വം താരങ്ങള്‍ക്കു മാത്രമേ ഇത്തരത്തില്‍ ചാടാന്‍ കഴിയൂ.
റൊണാള്‍ഡോ ചാടുമ്പോള്‍ ഒരു പുള്ളിപ്പുലി ചാടുന്നതിനേക്കാള്‍ അഞ്ചു മടങ്ങ് ശക്തിയുണ്ടെന്നാണ് ശാസ്ത്രീയമായ പഠനം. നിന്നനില്‍പ്പില്‍ 44 സെന്റിമീറ്ററും റണ്ണപ്പിനുശേഷം 78 സെന്റിമീറ്ററും ഉയരത്തില്‍ ചാടാന്‍ ഇത് റൊണാള്‍ഡോയെ പ്രാപ്തനാക്കുന്നു. അമേരിക്കന്‍ ദേശീയ ബാസ്കറ്റ്ബോളിലെ മുന്‍നിരക്കാര്‍ക്ക് കഴിയുന്നതിനേക്കാള്‍ ഏഴു സെന്റിമീറ്റര്‍ കൂടുതലാണിത്. ചിചെസ്റ്റര്‍ സര്‍വകലാശാലയില്‍ 2011ല്‍ നടത്തിയ ബയോമെക്കാനിക് പരീക്ഷണങ്ങളിലാണ് റൊണാള്‍ഡോയുടെ ഈ അപൂര്‍വസിദ്ധി വ്യക്തമായത്. കരുത്തുള്ള തുടകളും അപ്പര്‍ബോഡി മസിലുകളും ഉണ്ടെങ്കില്‍ മാത്രമേ ഇത്തരത്തില്‍ ചാടാന്‍ ഒരാള്‍ക്കു കഴിയൂ. റൊണാള്‍ഡോയുടെ തുടവണ്ണം 62 സെന്റിമീറ്ററാണ്. ഈ കായികമികവ് നിലനിര്‍ത്താന്‍ പോര്‍ച്ചുഗീസ് താരം ജിമ്മില്‍ കഠിനമായി അധ്വാനിക്കുന്നുമുണ്ട്. ഒരു പരിശീലനവേളയില്‍ റൊണാള്‍ഡോ ആകെ ഉയര്‍ത്തുന്ന ഭാരം 16 ടൊയോട്ട പ്രിയസ് കാറുകള്‍ക്കു തുല്യമാണെന്നാണ് കണക്കുകള്‍.
ഇതോടൊപ്പം മറ്റുചില കണക്കുകളും ഈ ഫുട്ബോള്‍താരത്തെ വ്യത്യസ്തനാക്കുന്നു. ഇതിലൊന്നാണ് റിയാക്ഷന്‍ ടൈം. ലോകത്തിലെ ഏറ്റവും ആധുനികമായ ബുള്ളറ്റ് ട്രെയിനിനേക്കാള്‍ മണിക്കൂറില്‍ 31 മൈല്‍ വേഗമുണ്ട് റൊണാള്‍ഡോയുടെ റിയാക്ഷന്‍ ടൈമിനെന്നാണ് പഠനങ്ങള്‍. ഉയര്‍ന്നുചാടിയശേഷം റൊണാള്‍ഡോ വായുവില്‍ ഒരുനിമിഷം നിശ്ചലനായിനില്‍ക്കുന്ന പ്രതീതിയാണ് കണ്ടുനില്‍ക്കുന്നവര്‍ക്ക് ഉണ്ടാകുന്നത്. ചാടിയുയര്‍ന്നശേഷം റൊണാള്‍ഡോ കാലുകള്‍ മുകളിലേക്ക് വലിക്കുന്നതില്‍ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് സാവധാനത്തിലാകുന്നതായി ചിചെസ്റ്റര്‍ സര്‍വകലാശാലയിലെ ഡോ. നീല്‍ സ്മിത്ത് പറയുന്നു. ഇതിനാലാണ് വായുവില്‍ തൂങ്ങിനില്‍ക്കുന്ന പ്രതീതി.
deshabhimani
Subscribe to:
Post Comments (Atom)
No comments:
Post a Comment