മിക്ക മന്ത്രിമാരും അഴിമതി നടത്താന്‍ സമ്മര്‍ദം ചെലുത്തുന്നതായി ഉയര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍. അഴിമതിയാണെന്ന് തോന്നുന്ന ഫയലുകളില്‍ എഴുതുന്ന വിയോജനക്കുറിപ്പ് മാറ്റി എഴുതി നല്‍കാനാണ് മന്ത്രിമാരുടെ സമ്മര്‍ദമെന്ന് ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഐഎഎസ് മേധാവികള്‍ കുറ്റപ്പെടുത്തി. ഭരണപരിഷ്കാരവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലാണ് സെക്രട്ടറിമാര്‍ തങ്ങളുടെ വകുപ്പുമന്ത്രിമാരുടെ വഴിവിട്ട ഇടപെടലുകളെ വിമര്‍ശിച്ചത്്. ഫയലുകളില്‍ വിയോജനക്കുറിപ്പ് എഴുതാതെ നല്‍കിയാല്‍ പിന്നീട് അഴിതിക്കേസുകളില്‍ കുടുങ്ങുമെന്നും സെക്രട്ടറിമാര്‍ പറഞ്ഞു.
ആരോഗ്യ, വിദ്യാഭ്യാസ, ഭക്ഷ്യ, കൃഷി വകുപ്പുകളിലാണ് ഏറ്റവും കൂടുതല്‍ അനധികൃതമായ ഇടപെടലുകള്‍ നടക്കുന്നതെന്ന് സെക്രട്ടറിമാര്‍ കുറ്റപ്പെടുത്തി. റവന്യൂ, വൈദ്യുതി, ഗതാഗതം, കൃഷി, എക്സൈസ് തുടങ്ങിയ വകുപ്പുകളിലും മന്ത്രിമാരുടെ സമ്മര്‍ദംകൊണ്ട് പൊറുതിമുട്ടിയെന്നും സെക്രട്ടറിമാര്‍ പരാതിപ്പെട്ടു. ചില ഉത്തരവുകള്‍ പുറത്തിറങ്ങിയശേഷമാണ് അറിയുന്നതെന്നുപോലും സെക്രട്ടറിമാര്‍ കുറ്റപ്പെടുത്തി. വിദ്യാഭ്യാസവകുപ്പില്‍ എസ്എസ്എല്‍സിപോലും പാസാകാത്ത ഡിപ്ലോമക്കാരെ ബിഎഡിനുതുല്യമാക്കിയ ഫയല്‍ വകുപ്പുസെക്രട്ടറി ഉത്തരവിറങ്ങിയശേഷമാണ് കണ്ടത്. ഭക്ഷ്യവകുപ്പില്‍ ഇറങ്ങുന്ന പല ഉത്തരവുകളും സെക്രട്ടറിമാര്‍ അറിയുന്നില്ല. ആരോഗ്യവകുപ്പില്‍ വ്യാപകമായി നടക്കുന്ന സ്ഥലംമാറ്റങ്ങള്‍ എല്ലാ മാനദണ്ഡവും കാറ്റില്‍പ്പറത്തുന്നു. ഗതാഗതവകുപ്പിലും വൈദ്യുതിവകുപ്പിലും ഒന്നുംചെയ്യാന്‍ പറ്റാത്ത നിലയിലാണ് ഇടപെടലുകള്‍ നടക്കുന്നത്. ഇടപാടുകളിലെല്ലാം കമീഷന്‍ പറ്റുകയെന്ന അജന്‍ഡമാത്രമാണ് മുഖ്യമായുള്ളതെന്നും ഇങ്ങനെ പോയാല്‍ അഴിമതിക്കേസുകളില്‍ കുടുങ്ങി കോടതികള്‍ കയറിയിറങ്ങേണ്ടി വരുമെന്നും സെക്രട്ടറിമാര്‍ പറയുന്നു.
മറ്റു പല തീരുമാനങ്ങള്‍ എടുക്കുമ്പോഴും ഉത്തരവുകള്‍ ഇറക്കുമ്പോഴും അതിനുമുമ്പ് സെക്രട്ടറിമാരെ ഫയലുകള്‍ കാണിക്കുന്നില്ല. സെക്രട്ടറിമാര്‍ ഫയലുകളില്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയാല്‍ ആ ഫയലുകള്‍ വീണ്ടും സെക്രട്ടറിമാര്‍ക്ക് തിരിച്ചയക്കുന്ന മന്ത്രിമാരുമുണ്ട്. പിന്നീട് നേരില്‍ വിളിച്ചുവരുത്തി വിയോജനക്കുറിപ്പ് മാറ്റണമെന്ന് ആവശ്യപ്പെടും. തങ്ങള്‍ക്ക് ശരിയല്ലെന്ന് തോന്നുന്ന ഫയലുകളില്‍ അഭിപ്രായം രേഖപ്പെടുത്താവുന്നതാണെന്ന് ചീഫ് സെക്രട്ടറി ജോസ് സിറിയക് മറുപടി നല്‍കി. മന്ത്രിസഭായോഗത്തിനുള്ള കുറിപ്പിലും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താവുന്നതാണെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. ഭരണത്തിന്റെ തലപ്പത്തിരിക്കുന്നവരുടെ നേതൃത്വത്തില്‍ നടക്കുന്ന അഴിമതിയുടെ യഥാര്‍ഥ മുഖമാണ് സെക്രട്ടറിമാരുടെ വെളിപ്പെടുത്തലുകളിലൂടെ പുറത്തുവന്നത്. മിക്ക സെക്രട്ടറിമാരും കേരളം വിട്ടുപോകാന്‍ തയ്യാറെടുക്കുകയാണ്. ഭരണനേതൃത്വം പറയുന്നത് അപ്പാടെ അനുസരിക്കുന്ന ചിലര്‍മാത്രമാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നത്. അവരും മന്ത്രിമാരോടൊപ്പം അഴിമതിയുടെ പങ്കുപറ്റുന്നവരാണെന്നാണ് മറ്റുള്ളവരുടെ ആക്ഷേപം.
സത്യസന്ധമായും കാര്യക്ഷമമായും സുതാര്യമായും ജോലിചെയ്യാന്‍ പറ്റാത്ത സ്ഥിതി. കെഎസ്യുക്കാരുടെ കരിഓയില്‍ പ്രയോഗത്തിന് ജൂനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍കൂടിയായ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ഇരയായതും സര്‍ക്കാരിന്റെ തെറ്റായ നടപടി കാരണമാണ്. മന്ത്രിസഭായോഗമാണ് ഒറ്റയടിക്ക് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ ഫീസ് വര്‍ധിപ്പിച്ചത്. ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ഇക്കാര്യം അറിയുന്നതുപോലും ഉത്തരവിറങ്ങിയശേഷം. എന്നിട്ടും അക്രമത്തിനിരയായത് ഡയറക്ടര്‍. ഈ വിഷയത്തിലും മുഖ്യമന്ത്രിയും മന്ത്രിമാരും ഐഎഎസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാട് എടുത്തില്ലെന്നും ആക്ഷേപമുണ്ട്.
deshabhimani 22013
No comments:
Post a Comment