Thursday, February 21, 2013

താക്കീതായി ചരിത്രപ്രക്ഷോഭം


ജീവിതം ദുഃസഹമാക്കുന്ന നവഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ രണ്ടു ദിവസം പണിമുടക്കി ഇന്ത്യന്‍ തൊഴിലാളിവര്‍ഗം കേന്ദ്രസര്‍ക്കാരിന് ശക്തമായ താക്കീത് നല്‍കി. തൊഴിലാളികളുടെ രോഷപ്രകടനം അവഗണിക്കുന്നപക്ഷം ശക്തമായ സമരനിര ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് കേന്ദ്ര ട്രേഡ്യൂണിയനുകള്‍ കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.

ആദ്യദിവസത്തേക്കാള്‍ ശക്തമായിരുന്നു രണ്ടാംദിവസത്തെ പണിമുടക്ക്.സമരം പുതിയ മേഖലകളിലേക്കും ഫാക്ടറികളിലേക്കും വ്യാപിച്ചു. 12 കോടിയിലധികം പേരാണ് പണിമുടക്കില്‍ പങ്കെടുത്തതെന്ന് ട്രേഡ്യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ഇടതുപക്ഷ എംപിമാര്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചു. പാര്‍ലമെന്റിന്റെ പ്രധാന കവാടത്തിനു മുന്നില്‍ എംപിമാര്‍ ധര്‍ണയും നടത്തി. ലോകത്തിലെ ഏറ്റവും വലിയ പണിമുടക്കിനെ വിവിധ രാജ്യങ്ങളിലെ തൊഴിലാളിസംഘടനകള്‍ അഭിനന്ദിച്ചു. ഡബ്ല്യുഎഫ്ടിയു, ഐസിടിയു, ബ്രിട്ടന്‍, സ്പെയിന്‍, പോര്‍ച്ചുഗല്‍, ഇറ്റലി, സൈപ്രസ് രാജ്യങ്ങളിലെ ട്രേഡ്യൂണിയനുകള്‍ എന്നിവരാണ് പണിമുടക്കിനെ അഭിനന്ദിച്ചത്.

തൊഴിലാളികള്‍ക്കു നേരെ പൊലീസ് പലയിടത്തും ലാത്തിച്ചാര്‍ജ് നടത്തി. മിക്കയിടത്തും തൊഴിലാളികളെ കൂട്ടമായി അറസ്റ്റ് ചെയ്തു. പശ്ചിമബംഗാളില്‍ പണിമുടക്കിയ പഞ്ചായത്ത് ജീവനക്കാരന്റെ ചെവി തൃണമൂല്‍ അക്രമികള്‍ മുറിച്ചെടുത്തു. അങ്കണവാടി ജീവനക്കാര്‍ക്കെതിരെ ബിഹാറില്‍ ലാത്തിച്ചാര്‍ജുണ്ടായി. 500 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച തൊഴിലാളിവിരുദ്ധ വേട്ട നടന്ന നോയിഡയില്‍ തൊഴിലാളികളുടെ വീട്ടിലെത്തി പൊലീസ് ഏകദേശം 160 പേരെ അറസ്റ്റ് ചെയ്തു. നോയിഡ വ്യവസായമേഖല രണ്ടാം ദിവസവും പൂര്‍ണമായും സ്തംഭിച്ചു. അസമിലെ ബൊംഗോയ്ഗാവില്‍ 150 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേരളത്തില്‍ രണ്ടാംനാളിലും പണിമുടക്ക് പൂര്‍ണമായി. ഭുവനേശ്വറില്‍ രാജ്ഭവനുമുമ്പില്‍ പ്രകടനം നടത്തിയ ആയിരത്തോളം തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. സുന്ദര്‍ഗഡ് ജില്ലയിലും പ്രകടനം നടത്തിയ തൊഴിലാളികള്‍ അറസ്റ്റിലായി. ആദ്യദിവസത്തെ പണിമുടക്കില്‍ പങ്കെടുക്കാത്ത ഗുഡ്ഗാവിലെയും മനേസറിലെയും മാരുതി സുസുകി, ഹീറോമോട്ടോഴ്സ്, സുസൂക്കി മോട്ടേഴ്സ് കമ്പനികള്‍ വ്യാഴാഴ്ച അടഞ്ഞുകിടന്നു. ചെന്നൈയിലെ പ്രധാന ബഹുരാഷ്ട്ര കമ്പനിയായ കപാരോ ഗ്രൂപ്പിലും സോവലിലും രണ്ടാംദിവസം പണിമുടക്ക് നടന്നു. മധ്യപ്രദേശ് തലസ്ഥാനമായ ഭോപാല്‍, ഗ്വാളിയോര്‍, ഗുണ എന്നീ വ്യവസായമേഖലകളില്‍ വ്യാഴാഴ്ച ബന്ദിന്റെ പ്രതീതിയായിരുന്നു. പല സംസ്ഥാന തലസ്ഥാനങ്ങളിലും തൊഴിലാളി സംഘടനാ നേതാക്കള്‍ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. അങ്കണവാടി ജീവനക്കാര്‍ കര്‍ണാടകം, ആന്ധ്രപ്രദേശ്, ബിഹാര്‍, ഛത്തീസ്ഗഢ്, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ബ്ലോക്ക്-ജില്ലാ കേന്ദ്രങ്ങളില്‍ വഴിതടയല്‍ സമരം നടത്തി. ബാങ്ക്- ഇന്‍ഷുറന്‍സ്- ടെലികോം- പോസ്റ്റല്‍ മേഖലകളില്‍ രണ്ടാം ദിവസവും പണിമുടക്ക് പൂര്‍ണമായിരുന്നു.

സാമ്പത്തികമേഖലയെ പണിമുടക്ക് സാരമായി ബാധിച്ചു. തപാല്‍ സംവിധാനവും സ്തംഭിച്ചു. ഡല്‍ഹിയില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങളിലെയും പൊതുഗതാഗാതം സ്തംഭിച്ചു. തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ജനകീയസമരമാണ് രണ്ടുദിവസമായി നടന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ എഐടിയുസി ജനറല്‍ സെക്രട്ടറി ഗുരുദാസ് ദാസ് ഗുപ്ത പറഞ്ഞു. കപടമായ ചര്‍ച്ചയ്ക്ക് തൊഴിലാളി സംഘടനകള്‍ തയ്യാറല്ല. പത്ത് ആവശ്യങ്ങള്‍ അംഗീകരിക്കാനുള്ള നടപടിയാണ് വേണ്ടത്. അല്ലാത്ത പക്ഷം ട്രേഡ്യൂണിയനുകള്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാംദിവസം പണിമുടക്ക് വ്യാപകമായത് തൊഴിലാളി സംഘടനകളുടെ ഐക്യത്തിന്റെ നേട്ടമാണെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍ പറഞ്ഞു. ബി എന്‍ റോയ് (ബിഎംഎസ്) പി ജെ രാജു (ഐഎന്‍ടിയുസി), എ കെ പത്മനാഭന്‍ (സിഐടിയു) എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
(വി ബി പരമേശ്വരന്‍)

പണിമുടക്ക് വിജയിപ്പിച്ച എല്ലാവരെയും ഇടതുപാര്‍ട്ടികള്‍ അഭിവാദ്യം ചെയ്തു

ന്യൂഡല്‍ഹി: പണിമുടക്ക് വന്‍വിജയമാക്കിയ ബഹുജനങ്ങളെയും പ്രവര്‍ത്തകരെയും ജീവനക്കാരെയും ഇടതുപാര്‍ട്ടികള്‍ അഭിവാദ്യം ചെയ്തു. രണ്ടു ദിവസം നീണ്ട പണിമുടക്കില്‍ അണിചേര്‍ന്ന് വിജയിപ്പിച്ച മുഴുവന്‍ പേരെയും അനുമോദിക്കുന്നതായി സിപിഐ എം, സിപിഐ, ഫോര്‍വേഡ് ബ്ലോക്ക്, ആര്‍എസ്പി പാര്‍ട്ടികള്‍ സംയുക്ത പ്രസ്തവാനയില്‍ അറിയിച്ചു.

deshabhimani 220213

No comments:

Post a Comment