Monday, February 4, 2013

പുനരന്വേഷണം നടത്തുംവരെ പിന്നോട്ടില്ല: വി എസ്

സൂര്യനെല്ലിക്കേസില്‍ പുനരന്വേഷണം നടക്കും വരെ പിന്നോട്ടില്ലെന്നും ഈ ആവശ്യം ഉന്നയിച്ച് സന്ധിയില്ലാത്ത പ്രക്ഷോഭം തുടങ്ങുമെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വ്യക്തമാക്കി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പി ജെ കുര്യന്റെ പങ്കിനെക്കുറിച്ചും അന്വേഷണം നടത്തണമെന്നും വിഎസ് ആവശ്യപ്പെട്ടു. സഭയില്‍ നിന്ന് പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധ പ്രകടനവുമായി പുറത്തിറങ്ങിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈംഗികാതിക്രമത്തിനെതിരായി രാഷ്ട്രപതി ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട് അതിന്റെ മഷിയുണങ്ങും മുന്‍പ് ഓര്‍ഡിനന്‍സിനെ തള്ളിക്കളയുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും വി എസ് കൂട്ടിച്ചേര്‍ത്തു.

സൂര്യനെല്ലിക്കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസില്‍ പുനരന്വേഷമില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാട് ഭരണഘടനയുടെ ലംഘനവും നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണെന്ന് പ്രതിപക്ഷ ഉപനേതവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇരയുടെ മൊഴിയെ അടിസ്ഥാനമാക്കി കേസന്വേഷണം നടത്താമെന്ന് ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്. രാഷ്ട്രപതി ഒപ്പിട്ട ഓര്‍ഡിനന്‍സിനെതിരെ നിലപാടെടുത്ത മുഖ്യമന്ത്രിയ്ക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. സ്ത്രീ സമുദായത്തെയാകെ അപമാനിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. സിപിഐ നിയമസഭാകക്ഷി നേതാവ് സി ദിവാകരന്‍, കോവളം എംഎല്‍എ ജമീല പ്രകാശം തുടങ്ങിയവരും സംസാരിച്ചു.

അതേസമയം സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചെന്നാരോപിച്ച് നാല് പ്രതപക്ഷ എംഎല്‍എമാര്‍ക്കെതിരെ ഭരണപക്ഷം സ്പീക്കര്‍ക്ക് കത്ത് നല്‍കി. വി ശിവന്‍കുട്ടി, ബാബു എം പാലിശേരി, ജെയിംസ് മാത്യു, ആര്‍ രാജേഷ് എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്.

ജനം പറയും പോലെ പ്രവര്‍ത്തിക്കാനാവില്ല മുഖ്യമന്ത്രി

തിരു: സൂര്യനെല്ലി കേസില്‍ ജനങ്ങള്‍ പറയുന്നതു പോലെ പ്രവര്‍ത്തിക്കാനാകില്ലെന്ന് മുഖ്യമന്ത്രി. കവിയൂര്‍ പീഡനക്കേസിലും ഇതു കഴിയില്ല. തെളിവില്ലാതെ പി ജെ കുര്യനെ പ്രതിചേര്‍ക്കാനാവില്ല. കുറ്റവാളികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകില്ല. കുറ്റം ചെയ്യാത്തവരെ ക്രൂശിക്കാനാകില്ലെന്നും നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയനോട്ടീസിന് മറുപടിയായി ഉമ്മന്‍ചാണ്ടി പറഞ്ഞു.

പ്രതിപക്ഷ പ്രതിഷേധം; സഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരു: സൂര്യനെല്ലിക്കേസില്‍ രാജ്യസഭ ഉപാധ്യക്ഷന്‍ പി ജെ കുര്യനെതിരെ പുനരന്വേഷണം നടത്തില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ന്‍. നിലവിലെ നിയമവ്യവസ്ഥയനുസരിച്ച് കുര്യനെതിരെ പുനരന്വേഷണം സാധ്യമല്ലെന്നും തിരുവഞ്ചൂര്‍ അവകാശപ്പെട്ടു. സൂര്യനെല്ലി കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസില്‍ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. സൂര്യനെല്ലിക്കേസില്‍ ജനം പറയുന്നത് പോലെ പ്രവര്‍ത്തിക്കാനാകില്ലെന്നും കുറ്റം ചെയ്യാത്തവരെ ക്രൂശിക്കാനാവില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധം ശക്തമാക്കിയതോടെ സഭ നടപടികള്‍ അവസാനിപ്പിച്ച് സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.

പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭ രാവിലെ നിര്‍ത്തിവെച്ചിരുന്നു. പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം സഭ സമ്മേളിച്ചപ്പോഴും സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ചു. ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം വീണ്ടും സഭയുടെ നടുത്തളത്തിലിറങ്ങിയതോടെ സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. വനിത അംഗങ്ങളുടെ നേതൃത്വത്തിലാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്.

സൂര്യനെല്ലി വിഷയം സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യമുയര്‍ത്തിയിരുന്നു. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് നോട്ടീസ് നല്‍കിയത്. കേസ് തുടക്കം മുതല്‍ കൈകാര്യം ചെയ്തത് മുന്‍വിധിയോടെയാണെന്നും കോടിയേരി പറഞ്ഞു. കേസിന്റെ വിചാരണ തീരുംവരെ കെ പി ദണ്ഡപാണിയെ അഡ്വക്കറ്റ് ജനറല്‍ സ്ഥനത്ത് നിന്ന് മാറ്റിനിര്‍ത്തണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം എജിയുടെ ഓഫീസ് ഉപയോഗിച്ച് പ്രതികള്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ട്. കേസില്‍ പ്രതികള്‍ക്കായി ഹാജരായ ആളാണ് ദണ്ഡപാണിയെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

എന്നാല്‍ വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും ഏറെ കാലമായി തുടരുന്ന കേസാണിതെന്നും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ അഭിപ്രായം പറയുന്നില്ലെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

deshabhimani

No comments:

Post a Comment