Monday, February 4, 2013

ചെറുകിട ജലസേചന പദ്ധതികള്‍ക്ക് മുന്‍ സര്‍ക്കാര്‍ അനുവദിച്ച 136 കോടി പാഴായി


ചെറുകിട ജലസേചന പദ്ധതികള്‍ക്കായി എല്‍ ഡി എഫ് സര്‍ക്കാര്‍ അനുവദിച്ച 136 കോടി രൂപ യു ഡി എഫ് സര്‍ക്കാര്‍ തുലച്ചു. വകമാറ്റി ചെലവഴിച്ചും നേരത്തെയുള്ള കരാറുകള്‍ പുതുക്കാതെയും കൃഷിയിടങ്ങളിലേക്ക് കനാലുകള്‍ വഴി വെള്ളമെത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളപ്പാടെ അവതാളത്തിലാക്കി.

പുഴയോരങ്ങളില്‍ സ്ഥാപിച്ച 500 ഓളം മൈനര്‍ ഇറിഗേഷന്‍ പമ്പുഷെഡ്ഡുകളില്‍ കൃഷി നിലങ്ങളിലേക്ക് വെള്ളമെത്തിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനും പമ്പുഷെഡുകളുടെ സൗകര്യം വര്‍ദ്ധിപ്പിക്കാനും സാമഗ്രികള്‍ കുറ്റമറ്റതാക്കാനും കനാലുകള്‍ നന്നാക്കുന്നതിനും മറ്റുമായാണ് കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ തുക അനുവദിച്ചത്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്തുണ്ടാക്കിയ കരാര്‍ പുതുക്കാതിരിക്കുകയും ജോലികള്‍ ബാക്കിയാവുകയും ചെയ്ത സാഹചര്യത്തില്‍ പലയിടങ്ങളിലും കരാറുകാര്‍ പിന്‍വലിഞ്ഞു. പമ്പുസെറ്റ് അടക്കമുള്ള സാധനസാമഗ്രികളുടെ വിലവര്‍ദ്ധനയും കരാറുകാരെ ബുദ്ധിമുട്ടിലാക്കി. പണി നടക്കുന്ന അപൂര്‍വം സ്ഥലങ്ങളില്‍ അശാസ്ത്രീയമായ വിധത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. രണ്ടാഴ്ച വരെ വെള്ളം പമ്പു ചെയ്യാത്ത പമ്പു ഷെഡ്ഡുകളുണ്ട്.

രാജവാഴ്ചക്കാലത്താണ് ചെറുകിട ജലസേചന പദ്ധതികളുടെ തുടക്കം. 57 ല്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പദ്ധതി കാലോചിതമായി പരിഷ്‌കരിച്ചു. കൃഷിയിടങ്ങളിലേക്കായി കനാലുകള്‍ വഴി ഒഴുകിയെത്തുന്ന ജലം ഉയര്‍ന്ന വരണ്ട പ്രദേശങ്ങളിലെ കിണറുകള്‍ക്കും തെങ്ങ്, ഏത്തവാഴ കൃഷികള്‍ക്കും പ്രയോജനമായി. കുടിവെള്ളപ്രശ്‌നം ഏറെക്കുറെ പരിഹരിക്കപ്പെട്ടു.
വന്‍കിട ജലസേചന പദ്ധതികള്‍ പലതും ആദ്യം ഉദ്ദേശിച്ചതില്‍ കൂടുതല്‍ തുക ചെലവഴിച്ചിട്ടുപോലും പ്രതീക്ഷിച്ച ഫലം ചെയ്യാതിരിക്കുകയും വെള്ളമൊഴുകാതെ അക്വഡറ്റുകള്‍ പലതും വൃഥാവിലാവുകയും ചെയ്തപ്പോഴാണ് അത് പാഠമാക്കി എല്‍ ഡി എഫ് സര്‍ക്കാര്‍ ഗൗരവതരമായി ഒരു മാറ്റത്തെക്കുറിച്ച് ആലോചിച്ചത്. ജീവനക്കാരുടെ യൂണിയനുകളുമായി ചര്‍ച്ച നടത്തി ജലസേചന വകുപ്പുമന്ത്രിയായിരുന്ന എന്‍ കെ പ്രേമചന്ദ്രന്‍ പ്രത്യേക താല്‍പ്പര്യമെടുക്കുകയും ചെയ്തു. കൂടുതല്‍ മൈനര്‍ ഇറിഗേഷന്‍ സ്‌കീമുകള്‍ തുടങ്ങാന്‍ അങ്ങനെ തീരുമാനമായി. ടെണ്ടറുകള്‍ വിളിച്ച് ഉറപ്പിക്കുകയും 136 കോടി രൂപ അനുവദിക്കുകയും ചെയ്തു.

ഭരണമാറ്റം കാര്യങ്ങളപ്പാടെ തകിടം മറിച്ചു. തുടക്കത്തില്‍ ദിവസം 20 മണിക്കൂറായിരുന്ന പമ്പിംഗ് സമയം ചുരുങ്ങി. അതുമൂലം പലയിടത്തും വെള്ളമെത്താത്ത സ്ഥിതിയുണ്ടായി. ദ്രവിച്ച പമ്പുകളുടെ ഉപയോഗവും കനാലുകളിലെ വൃത്തിയില്ലായ്മയും മൂലം അഴുക്ക് പമ്പു ചെയ്യുന്നവയായി പമ്പിംഗ് സ്‌റ്റേഷനുകള്‍ പലതും. അശാസ്ത്രീയമായി മെഷീനുകള്‍ സ്ഥാപിച്ചതും വിനയായി. മൈനര്‍ ഇറിഗേഷന്‍ ഓഫീസുകളുടെ പരിസരങ്ങളില്‍ നേരത്തെ വാങ്ങി സൂക്ഷിച്ച പമ്പുകളും മെഷീനുകളും തുരുമ്പെടുത്ത് നശിക്കുന്നു. പമ്പു ഷെഡ്ഡുകളുടെ അരികിലെ സ്വകാര്യ പറമ്പുകളില്‍ മെഷീനുകള്‍ കൊണ്ടുവന്നിടുന്നതും അവ മോഷണം പോകുന്നതും പതിവ്.

നാട്ടിലെ കൃഷിയിടങ്ങളെ നനയ്ക്കാന്‍ ദീര്‍ഘവീക്ഷണത്തോടെ എല്‍ ഡി എഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രവര്‍ത്തനങ്ങള്‍, അതിന്റെ നാലിലൊന്ന് താല്‍പ്പര്യമെടുത്ത് മുന്നോട്ടു കൊണ്ടുപോയിരുന്നെങ്കില്‍ കാര്‍ഷിക മേഖല അഭിവൃദ്ധി പ്രാപിച്ചേനെ.
(ബേബി ആലുവ)

janayugom news

No comments:

Post a Comment