Saturday, February 2, 2013
സാഗരത്തിന്റെ ഗാംഭീര്യവും നീരുറവയുടെ സൗമ്യതയുമുള്ള നേതാവ്
സാഗരത്തിന്റെ ഗാംഭീര്യവും നീരുറവയുടെ സൗമ്യതയും കൈമുതലാക്കിയ നേതാവാണ് തെലങ്കാന സമരപോരാളിയായ പി സുന്ദരയ്യ. അദ്ദേഹത്തിന്റെ ജീവിതമാതൃക പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുകയെന്ന ഉദ്ദേശ്യത്തോടെയാണ് സിപിഐ എം നേതൃത്വത്തില്‍ ജന്മശതാബ്ദി ആഘോഷിക്കുന്നത്. മൂന്നിന് പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് ശതാബ്ദി സെമിനാര്‍ ഉദ്ഘാടനം ചെയ്യുക.
എല്ലാവരും ഒരുപോലെ ജീവിക്കുന്ന നല്ലൊരു നാളെ പടുത്തുയര്‍ത്താനുള്ള പോരാട്ടത്തിനിടയില്‍ തങ്ങള്‍ക്കു സ്വന്തമായി കുട്ടികള്‍പോലും വേണ്ടെന്ന് സുന്ദരയ്യയും പത്നിയും തീരുമാനിച്ചു. തങ്ങളുടെ പിന്തുടര്‍ച്ചക്കാരായി പാര്‍ടിപ്രവര്‍ത്തകരും ജനങ്ങളും മതിയെന്നായിരുന്നു തീരുമാനം. പുതിയ തലമുറയിലെ ആരെങ്കിലും ഇത്തരം തീരുമാനമെടുക്കുകയാണെങ്കില്‍ ഭാര്യയുമായി പല തവണ ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹം തന്റെ ആത്മകഥയില്‍ നിര്‍ദേശിക്കുന്നു. കാരണം ഒരു സ്ത്രീയുടെ ജീവിതം പൂര്‍ണമാകുന്നത് അമ്മകൂടിയാവുമ്പോഴാണ്. അതിനാല്‍ ഭാര്യയുടെ പൂര്‍ണസമ്മതം ഇക്കാര്യത്തില്‍ ആവശ്യമാണെന്ന് അദ്ദേഹം പറയുന്നു. അതുപോലെ ജീവിത സമ്പാദ്യംമുഴുവന്‍ അദ്ദേഹം പാര്‍ടിക്ക് സമര്‍പ്പിച്ചു. സിപിഐ എം ജനറല്‍സെക്രട്ടറിയായി 12 വര്‍ഷത്തോളം അദ്ദേഹം പാര്‍ടിയെ നയിച്ചു. പുതിയ കേഡര്‍മാരെ കണ്ടെത്താനും പഴയ കേഡര്‍മാരെ തട്ടിയുണര്‍ത്താനും കഴിയുന്ന അപാര സംഘടനാശേഷിയുള്ള ഒരാളും അഭ്യന്തരസമരത്തിന്റേതായ ഘട്ടത്തില്‍ ഒരിടത്ത് ഉറച്ചുനിന്നു. വ്യക്തമായ തീരുമാനത്തിലെത്തിച്ചേര്‍ന്ന ഒരാളുമായിരിക്കണം പുതിയ ജനറല്‍സെക്രട്ടറിയെന്ന അഭിപ്രായമാണ് 1964ല്‍ പാര്‍ടി രൂപീകരിക്കപ്പെടുമ്പോള്‍ അദ്ദേഹത്തെ തെരഞ്ഞെടുക്കപ്പെടുന്നതിന് വഴിതെളിച്ചത്. തെലങ്കാനസമരവും നൈസാമുമായുള്ള സായുധപോരാട്ടങ്ങളില്‍ വഹിച്ച ധീരമായ നേതൃത്വവും കണക്കിലെടുത്ത് ആന്ധ്രയിലെ സഖാക്കള്‍തന്നെയാണ് അദ്ദേഹത്തിന്റെ പേര് മുന്നോട്ടുവച്ചത്.
പാര്‍ടിചുമതലയുമായി നിരവധിതവണ അദ്ദേഹം കേരളത്തില്‍വന്നിട്ടുണ്ടെങ്കിലും കയ്യൂര്‍ സഖാക്കളെ തൂക്കിക്കൊല്ലുന്നതിന് കുറച്ചുദിവസംമുമ്പ് പി സി ജോഷി, കൃഷ്ണപ്പിള്ള എന്നിവരോടൊപ്പം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയ അനുഭവം അവിസ്മരണീയമാണെന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ധീരരായ കയ്യൂര്‍ സഖാക്കള്‍ ഒരു പതര്‍ച്ചയും കൂടാതെ പറഞ്ഞു:- ""സഖാക്കളെ ഞങ്ങളെച്ചൊല്ലി വ്യസനിക്കരുത്. ഞങ്ങളുടെ കടമ നിര്‍വഹിച്ചുവെന്നതില്‍ ഞങ്ങള്‍ക്ക് സംതൃപ്തിയുണ്ട്. എന്തുചെയ്തും നമ്മുടെ പ്രസ്ഥാനം മുന്നേറണമെന്നേ ഞങ്ങള്‍ക്കാഗ്രഹമുള്ളു. ലക്ഷ്യത്തിലെത്തുന്നതുവരെ കൂടുതല്‍ ഉഷാറായി പ്രവര്‍ത്തിച്ചുമുന്നേറാന്‍ സഖാക്കളോട് പറയുക. നമ്മുടെ ചുവന്ന കൊടി കൂടുതല്‍ ഉയരത്തിലേക്ക് പറപ്പിക്കേണ്ടത് ഇനി നിങ്ങളാണ്"".
deshabhimani 020213
Labels:
സുന്ദരയ്യ
Subscribe to:
Post Comments (Atom)
No comments:
Post a Comment