Saturday, February 2, 2013
കോണ്‍ഗ്രസിന്റെ ഗതികേട്
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ത്യയിലെ ഏറ്റവും പ്രായവും പഴക്കവുമുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ്. പലതവണ ആ പാര്‍ടിയില്‍ അഭിപ്രായവ്യത്യാസവും പിളര്‍പ്പുമുണ്ടായിട്ടുണ്ട്. പുതിയ പാര്‍ടികള്‍ നിലവില്‍ വന്നിട്ടുമുണ്ട്. സ്വാതന്ത്ര്യസമരകാലത്തുതന്നെ യാഥാസ്ഥിതികരെന്നും ഉല്‍പതിഷ്ണുക്കളെന്നും രണ്ടു വിഭാഗം അതിന്റെ നേതൃത്വത്തിലുണ്ടായിരുന്നു. ആചാര്യ ജെ ബി കൃപലാനി നേതൃത്വം നല്‍കിയ കിസാന്‍ മസ്ദൂര്‍ പ്രജാപാര്‍ടി, പിന്നീട് സംഘടനാ കോണ്‍ഗ്രസെന്നും ഇന്ദിരാ കോണ്‍ഗ്രസെന്നും രണ്ടായി പിളര്‍ന്നത് തുടങ്ങി എല്ലാം ഓര്‍മയില്‍ വരേണ്ടതാണ്. കേന്ദ്രമന്ത്രിസഭയില്‍ പങ്കാളിയായ എന്‍സിപി കോണ്‍ഗ്രസ് പിളര്‍ന്നുണ്ടായതാണ്. കോണ്‍ഗ്രസ് ഒരു മതനിരപേക്ഷ പാര്‍ടിയാണെന്നാണ് അവകാശപ്പെടുന്നത്. ആശയവും ആദര്‍ശവും എന്തുതന്നെയായാലും അധികാരം കൈക്കലാക്കാനും അത് നിലനിര്‍ത്താനും അത് ഉപയോഗിച്ച് പണമുണ്ടാക്കാനും അഴിമതി നടത്താനും ആശയവും ആദര്‍ശവും ആ പാര്‍ടിക്ക് ഒരിക്കലും തടസ്സമായിട്ടില്ല. അധികാരത്തിലെത്താന്‍ ആരുമായും കൂട്ടുകൂടും. അതാണ് അഖിലേന്ത്യാ നേതൃത്വത്തിന്റെയും കേരള നേതൃത്വത്തിന്റെയും ഇപ്പോഴത്തെ അവസ്ഥ. ആശയം വിട്ട് ആമാശയകേന്ദ്രീകൃതമായ പാര്‍ടിയാണത്.
കഴിഞ്ഞ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം കൈക്കലാക്കാന്‍ ജാതി- മത- വര്‍ഗീയ- തീവ്രവാദ ശക്തികളുമായി ഒത്തുതീര്‍പ്പുണ്ടാക്കിയതിന്റെ അടച്ചുവച്ച മാലിന്യമാണ് ഇപ്പോള്‍ പുറത്തേക്ക് പൊട്ടിയൊലിക്കുന്നത്. എന്‍എസ്എസ് നേതാവ് സുകുമാരന്‍നായരാണ് ആദ്യ വെടി പൊട്ടിച്ചത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം എന്‍എസ്എസുമായി ധാരണയുണ്ടാക്കിയിരുന്നുവെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അത് ലംഘിച്ചുവെന്നുമാണ് പരാതി. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്‍എസ്എസിന്റെ പ്രതിനിധിയായാണ് മത്സരിച്ചതെന്നും സുകുമാരന്‍നായര്‍ ഉറപ്പിച്ചും തറപ്പിച്ചും പറയുന്നു. ഇത് രമേശ് ചെന്നിത്തലയ്ക്ക് അപമാനമായി തോന്നുന്നുപോലും. തന്നെ അപകീര്‍ത്തിപ്പെടുത്താനാണ് ഇത്തരം പ്രസ്താവനകളിറക്കുന്നതെന്ന് രമേശ് ചെന്നിത്തലയ്ക്ക് പറയേണ്ടിവന്നു. ഒടുവില്‍ കെപിസിസി നേതൃത്വംതന്നെ ഒത്തുതീര്‍പ്പ് നിഷേധിച്ചുകൊണ്ട് പ്രസ്താവനയുമായി രംഗത്തുവന്നു. ഇതിനെത്തുടര്‍ന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്റെ ശ്രദ്ധേയമായ വെളിപ്പെടുത്തലുണ്ടായി. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റും അത് ശരിവച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് എന്‍എസ്എസുമായി കോണ്‍ഗ്രസ് നേതൃത്വം ധാരണയുണ്ടാക്കിയിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി ജെ കുര്യന്റെ പരസ്യമായ വെളിപ്പെടുത്തല്‍ വന്നതോടെ കെപിസിസി നേതൃത്വം അങ്കലാപ്പില്‍ അകപ്പെട്ടിരിക്കുകയാണ്. എഐസിസി വക്താവ് പി സി ചാക്കോ പറഞ്ഞതുപോലും സത്യവിരുദ്ധമാണെന്നാണ് കുര്യന്‍ പറയുന്നത്. 128 വയസ്സായ കോണ്‍ഗ്രസിന് ഇതിലപ്പുറം എന്ത് തകര്‍ച്ചയാണ് സംഭവിക്കാനുള്ളത്. ജാതി- മത- വര്‍ഗീയ- തീവ്രാദ സംഘടനകളുടെ ഫെഡറേഷനാണ് കോണ്‍ഗ്രസ് എന്നതിന് ഇതിലപ്പുറം തെളിവ് തേടേണ്ടതില്ല. ഗതികേടേ നിന്റെ പേര് കോണ്‍ഗ്രസ് എന്നാണോ എന്ന് നമുക്ക് ചോദിക്കാം.
deshabhimani editorial 010213
Labels:
കോണ്‍ഗ്രസ്
Subscribe to:
Post Comments (Atom)
No comments:
Post a Comment