പത്തനംതിട്ട: ജനാധിപത്യവിരുദ്ധ മാര്‍ഗത്തിലൂടെ ജില്ലാ സഹകരണ ബാങ്ക് ഭരണം യുഡിഎഫ് പിടിച്ചെടുത്തു. പ്രവര്‍ത്തനക്ഷമമല്ലാത്ത കടലാസ് സംഘങ്ങളെ കുത്തിനിറച്ചും അഡ്മിനിസ്ട്രേറ്റര്‍മാരെ ഉപയോഗിച്ചും പരിഹാസ്യമായ വിജയമാണ് തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയത്. റോയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോ-ഓപ്പറേറ്റീവ് രജിസ്ട്രാര്‍ എ ആര്‍ രാജേഷ് കുമാര്‍ വരണാധികാരിയായിരുന്നു. 147 ഓളം സംഘങ്ങളില്‍ അഡ്മിനിസ്ട്രേറ്റര്‍മാരെ നിയമിച്ച് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ചമച്ച് പ്രതിനിധി ലിസ്റ്റ് ഉണ്ടാക്കി. സഹകരണ മേഖലയിലെ 109, വ്യവസായ വകുപ്പിന് കീഴിലുള്ള 27, ക്ഷീരവികസന വകുപ്പിന്റെ 11 ഉം ഉള്‍പ്പെടെയുള്ള സഹകരണ സംഘങ്ങളിലാണ് ഇത്തരത്തില്‍ കൃത്രിമം കാട്ടിയത്. ഇതിനുവേണ്ടി സഹകരണ, ക്ഷീര, വ്യവസായ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് ഏജന്റുമാരെപ്പോലെ പ്രവര്‍ത്തിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം പ്രവര്‍ത്തനക്ഷമമല്ലാത്തതും ലിക്വഡേറ്റ് ചെയ്തതുമായ സംഘങ്ങള്‍, രേഖകള്‍ പോലും ലഭ്യമല്ലാത്ത സംഘങ്ങള്‍, കമ്മിറ്റികളില്ലാത്ത സ്കൂള്‍ സംഘങ്ങള്‍ ഇവയിലെല്ലാം അഡ്മിനിസ്ട്രേറ്റര്‍മാരെ നിയമിച്ച് വ്യാജ തിരിച്ചറിയില്‍ കാര്‍ഡുകള്‍ ചമച്ച് പ്രതിനിധി ലിസ്റ്റ് ഉണ്ടാക്കി. ഹൈക്കോടതി നിര്‍ദേശപ്രകാരം അന്തിമലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ നിശ്ചയിച്ച ആറിന് സഹകരണ ഇന്‍സ്പെക്ടര്‍മാരെ ജില്ലാ ആസ്ഥാനത്ത് വിളിച്ചുവരുത്തി വ്യാജ പ്രതിനിധിപത്രങ്ങള്‍ ചമച്ച് വാങ്ങി. ഇതിനായി ജില്ലാ ബാങ്കില്‍നിന്ന് സമ്മതപത്രത്തിന്റെ പകര്‍പ്പുകള്‍ കോണ്‍ഗ്രസുകാരായ ജില്ലാ ബാങ്ക് ജീവനക്കാര്‍ ബാങ്ക് സീല്‍വെച്ച് വ്യാപകമായി നല്‍കി. കോണ്‍ഗ്രസ് നേതാക്കള്‍ ഡിസിസി ഓഫീസില്‍നിന്ന് നല്‍കിയ നിര്‍ദേശങ്ങള്‍ അനുസരിച്ചായിരുന്നു ചില ജീവനക്കാരുടെ പ്രവര്‍ത്തനം. നിഷ്പക്ഷവും നീതിയുക്തവുമായി നടക്കേണ്ട തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടി ബാങ്ക് ഭരണം കോണ്‍ഗ്രസിന് ലഭിക്കാനുള്ള ഒത്താശയാണ് ജോയിന്റ് രജിസ്ട്രാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍, റിട്ടേണിങ് ഓഫീസര്‍, ജില്ലാ ബാങ്ക് അധികാരികള്‍ തുടങ്ങിയവര്‍ ചെയ്തത്. യഥാര്‍ഥ സഹകാരികളുടെ പിന്തുണ എല്‍ഡിഎഫിനെന്ന് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. സഹകരണ മേഖലയിലെ 106 ഉം മറ്റു വിഭാഗങ്ങളിലെ 60 ഉം സംഘങ്ങളുടെ വോട്ട് നേടാനായത് ഇതാണ് കാണിക്കുന്നത്. അഴിമതിയിലൂടെ നേടിയ ഈ വിജയം ബാങ്ക് ഭരണത്തിന് കളങ്കമാണ്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കി ലിസ്റ്റ് തയ്യാറാക്കിയും കടലാസ് സംഘങ്ങളെ കുത്തിനിറച്ചും ജനാധിപത്യ വിരുദ്ധ മാര്‍ഗത്തിലൂടെ ഭരണം കൈയാളുന്ന അധാര്‍മികത സഹകാരികള്‍ അംഗീകരിക്കില്ലെന്നും ക്രമക്കേടുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ ബാങ്ക് മുന്‍ പ്രസിഡന്റും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗവുമായ ആര്‍ സനല്‍കുമാര്‍ പറഞ്ഞു.
ഇ എം ആഗസ്തി ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴിയും പ്രവര്‍ത്തകരും അസംതൃപ്തിയില്‍
ഇടുക്കി: ജില്ലാ സഹകരണബാങ്ക് പ്രസിഡന്റ് സ്ഥാനം മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ഇ എം ആഗസ്തിക്ക് നല്‍കിയതോടെ കോണ്‍ഗ്രസിലെ ഒരു വിഭാഗം അസംതൃപ്തിയിലായി. ഡിസിസി സെക്രട്ടറി ജോയി വെട്ടിക്കുഴിക്ക് പ്രസിഡന്റ് സ്ഥാനം ലഭിക്കാത്തതിനാല്‍ ഭാവികാര്യങ്ങള്‍ അടുത്തദിവസം തീരുമാനിക്കുമെന്നറിയുന്നു. അസംതൃപ്തരായവരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് നേതാക്കള്‍. കെപിസിസി തീരുമാനപ്രകാരമാണ് ഇ എം ആഗസ്തി പ്രസിഡന്റായതെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാല്‍ ഈ തീരുമാനം എടുത്ത കെപിസിസി തന്നെയാണ് ജോയി വെട്ടിക്കുഴിയോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടതും. ഇത് ചൂണ്ടിക്കാട്ടിയാണ് വെട്ടിക്കുഴിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ പ്രശ്നം ഉയര്‍ത്തുന്നത്. ജില്ലയില്‍ ഗ്രൂപ്പ്പോര് രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ പുതിയ സംഭവവികാസങ്ങള്‍ കലാപത്തിലേക്ക് വഴിവയ്ക്കുമെന്ന് ഒരുവിഭാഗം പറയുന്നു. 21 അംഗ ഭരണസമിതിയാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ച നാലിന് ബാങ്ക് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഐക്യകണ്ഠേന ആഗസ്തിയെ തെരഞ്ഞെടുക്കുകയായിരുന്നു. ജോണ്‍ നെടിയപാല ഇ എം ആഗസ്തിയുടെ പേര് നിര്‍ദേശിക്കുകയും മാത്യു കക്കുഴി പിന്താങ്ങുകയും ചെയ്തു.
deshabhimani 130213
No comments:
Post a Comment