Thursday, February 21, 2013
ബജറ്റില്‍ പറഞ്ഞ ട്രെയിനുകള്‍ ഇനിയും വന്നില്ല
വീണ്ടുമൊരു റെയില്‍വേ ബജറ്റിന് കാതോര്‍ക്കുന്ന കേരളത്തിന് മുന്‍വര്‍ഷങ്ങളില്‍ കിട്ടിയത് വെറും പ്രഖ്യാപനങ്ങള്‍ മാത്രം. കഴിഞ്ഞ രണ്ടുവര്‍ഷം റെയില്‍വേ ബജറ്റില്‍ കേരളത്തിനായി പ്രഖ്യാപിച്ച പദ്ധതികളില്‍ നടപ്പായത് വിരലിലെണ്ണാവുന്നവ. നടപ്പാക്കിയതുതന്നെ ചില പുതിയ ട്രെയിനുകളും ഒന്നോ രണ്ടോ സര്‍വീസ് നീട്ടലും. 2011-12ല്‍ 25 പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. നടപ്പാക്കിയത് ഒമ്പതെണ്ണം. ഇതില്‍ ആറും പുതിയ ട്രെയിനുകള്‍. 2012-13ല്‍ 12 എണ്ണം പ്രഖ്യാപിച്ചു. നടപ്പാക്കിയത് ഒന്ന്. മുന്ന് പുതിയ ട്രെയിന്‍ പ്രഖ്യാപിച്ചു. ഒന്നും നടന്നില്ല. ഒരു ട്രെയിന്‍ പ്രതിദിന സര്‍വീസാക്കുമെന്ന പ്രഖ്യാപനവും നടന്നില്ല. തമിഴ്നാട്ടിലേക്കുള്ള രണ്ട് സര്‍വീസ് നീട്ടല്‍ മാത്രം നടത്തി.
2011-ലെ ബജറ്റിലെ പദ്ധതികള്‍ എങ്ങുമെത്തിയിട്ടില്ല. പാലക്കാട് കോച്ച് ഫാക്ടറിക്കാവശ്യമായ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് റെയില്‍വേയ്ക്ക് കൈമാറി. എന്നാല്‍, സംയുക്ത സംരംഭം സംബന്ധിച്ച് ഇനിയും തീരുമാനമായില്ല. ചേര്‍ത്തല ഓട്ടോകാസ്റ്റ് പദ്ധതിക്ക് ഭേദഗതി ആവശ്യപ്പെടുകയാണ് റെയില്‍വേ. ആലപ്പുഴ വാഗണ്‍ ഫാക്ടറിക്ക് സംസ്ഥാനം സ്ഥലം നിര്‍ദേശിച്ചിട്ടും റെയില്‍വേ പ്രതികരിക്കുന്നില്ല. തിരുവനന്തപുരത്തും എറണാകുളത്തും യന്ത്രവല്‍ക്കൃത അലക്കുശാലയും നടപ്പായില്ല. ധനുവച്ചപുരത്ത് ആദര്‍ശ് സ്റ്റേഷനും നടപ്പായില്ല. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റെയില്‍വേ സ്റ്റേഷനുകള്‍ ലോകോത്തര നിലവാരത്തിലാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുകയാണ്. തിരുവനന്തപുരത്ത് ബജറ്റ് ഹോട്ടല്‍ അടക്കമുള്ള വിവിധോദ്ദേശ്യ കെട്ടിട സമുച്ചയത്തിനും നടപടിയില്ല. നേമത്തും കോട്ടയത്തും കോച്ചിങ് ടെര്‍മിനല്‍ നിര്‍മാണം പ്രഖ്യാപിച്ചു. നേമത്തിന് തുക അനുവദിച്ചിട്ടില്ല. കോട്ടയം പദ്ധതിക്ക് അംഗീകാരവുമില്ല. തിരുവനന്തപുരത്ത് ആധുനിക ട്രോളിയുമായി റെയില്‍ യാത്രാസേവകരെ നിയമിക്കുമെന്നതും നടപ്പായില്ല.
അങ്കമാലി-കാലടി പുതിയ ലൈന്‍ ആവര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചു. റെയില്‍വേ ബോര്‍ഡിന്റെ അനുമതി കിട്ടാഞ്ഞതിനാല്‍ പദ്ധതി നിലച്ചമട്ടാണ്. ചെന്നെ-തിരുവനന്തപുരം, എറണാകുളം-ചെന്നൈ ജനംഭൂമി ഗൗരവ് ട്രെയിനുകള്‍ പ്രഖ്യാപനം മാത്രമായി. മധുര-കോട്ടയം, മധുര-തിരുവനന്തപുരം, എരുമേലി-പുനലൂര്‍-തിരുവനന്തപുരം, തലശേരി-മൈസൂരു, എരുമേലി-പത്തനംതിട്ട-പുനലൂര്‍-തിരുവനന്തപുരം, മധുര-എറണാകുളം പാതകള്‍ സര്‍വെയില്‍ ഒതുങ്ങി. തകഴി-തിരുവല്ല, കണ്ണൂര്‍-മട്ടന്നൂര്‍, തിരുവല്ല-റാന്നി-പമ്പ, കോഴിക്കോട്-ബേപ്പൂര്‍, നഞ്ചന്‍കോട്-നിലമ്പൂര്‍ റോഡ് എന്നീ പുതിയ പാതകള്‍, എറണാകുളം-ഷൊര്‍ണൂര്‍ നാലുവരി പാത, പൊദനൂര്‍-പാലക്കാട് മുന്നുവരി പാത എന്നിവയുടെ സര്‍വെയും ഇഴയുന്നു. 2012-13 ബജറ്റില്‍ പ്രഖ്യാപിച്ച ശബരിമല-ചെങ്ങന്നൂര്‍ പാതയ്ക്ക് ആസൂത്രണ കമീഷന്റെ അനുവാദം കിട്ടിയിട്ടില്ല. കണ്ണൂര്‍-കണ്ണൂര്‍ എയര്‍പോര്‍ട്ട്, ബാലരാമപുരം-വിഴിഞ്ഞം തുറമുഖം, കൊല്ലങ്കോട്-തൃശൂര്‍, അങ്ങാടിപ്പുറം-ഒറ്റപ്പാലം, ഇടപ്പള്ളി-ഗുരുവായൂര്‍, ചെങ്ങന്നൂര്‍-തിരുവനന്തപുരം പുതിയ പാതകളുടെ സര്‍വെയും തുടങ്ങിയിട്ടില്ല. തിരുവനന്തപുരം-കന്യാകുമാരി പാത ഇരട്ടിപ്പിക്കലിനുള്ള സര്‍വെ നടത്തുമെന്ന മുന്‍വര്‍ഷത്തെ പ്രഖ്യാപനം ആവര്‍ത്തിച്ചു. എങ്ങുമെത്തിയില്ല.
ആവണീശ്വരം, ചെറുവത്തൂര്‍, കണ്ണപുരം, കോട്ടിക്കുളം, മഞ്ചേശ്വരം, നീലേശ്വരം പരപ്പനങ്ങാടി, പരവൂര്‍, പഴയങ്ങാടി ആദര്‍ശ് സ്റ്റേഷനുകളും പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുന്നു. തിരുവനന്തപുരം-കാസര്‍കോട് അതിവേഗ റെയില്‍ ഇടനാഴി എന്ന സംസ്ഥാനത്തിന്റെ ആവശ്യം ബജറ്റിലെ പരാമര്‍ശത്തിലൊതുങ്ങി. 72 മെഗാവാട്ട് ശേഷിയില്‍ കാറ്റില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിയും നടപ്പായില്ല. എറണാകുളം-തൃശൂര്‍ മെമു, പാലക്കാട് ടൗണ്‍-ഈറോഡ് ടൗണ്‍ മെമു, കൊച്ചുവേളി-യശ്വന്ത്പൂര്‍, ബംഗളൂരു-കൊച്ചുവേളി പ്രതിദിന ട്രെയിന്‍ തുടങ്ങിയ വാഗ്ദാനങ്ങളും പാഴായി.
(ജി രാജേഷ്കുമാര്‍)
വളപട്ടണം-അഴീക്കല്‍ തുറമുഖ പാത അട്ടിമറിക്കാന്‍ കര്‍ണാടക ലോബി
കണ്ണൂര്‍: 2010ലെ റെയില്‍ബജറ്റില്‍ പ്രഖ്യാപിച്ച അഴീക്കല്‍ തുറമുഖ പാത കടലാസില്‍. പാത ഇല്ലാതാക്കാനുള്ള ശ്രമവുമായി കര്‍ണാടക ലോബി രംഗത്തെത്തി. ബജറ്റ് അവതരിപ്പിക്കാനിരിക്കെ മുന്‍ വര്‍ഷങ്ങളില്‍ അംഗീകാരം ലഭിച്ച പല ലൈനിന്റെയും പ്രാഥമിക പ്രവൃത്തി നടന്നിട്ടില്ല. വളപട്ടണം റെയില്‍വേസ്റ്റേഷന്‍- അഴീക്കല്‍, തലശേരി, ബേപ്പൂര്‍ തുറമുഖ പാതയുടെ സര്‍വേയായിരുന്നു 2010ല്‍ പ്രഖ്യാപിച്ചത്. ഇതില്‍ ബേപ്പൂര്‍ പാതയുടെ ഒന്നാംഘട്ട സര്‍വേ പൂര്‍ത്തിയായി. തുറമുഖങ്ങളെ ബന്ധിപ്പിച്ച് റെയില്‍പാത എന്ന ആശയത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 2010 ബജറ്റില്‍ രാജ്യത്തെ 20 തുറമുഖങ്ങളിലേക്ക് റെയില്‍പാതയുടെ സര്‍വേ നടത്തുമെന്നും പൂര്‍ത്തിയായാല്‍ ഉടന്‍ നിര്‍മാണം ആരംഭിക്കുമെന്നും പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് പാത നിര്‍മിക്കാനായിരുന്നു ധാരണ. പാത മലബാറിന്റെ വികസനത്തില്‍ കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
ഇപ്പോള്‍ തുറമുഖം തന്നെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മംഗളൂരു തുറമുഖ ലോബിയാണ് പിന്നില്‍. അഴീക്കല്‍ തുറമുഖം എന്ന ആശയം ഉടലെടുത്തപ്പോള്‍ തന്നെ ഇതിനെതിരായ നീക്കം കര്‍ണാടക ലോബിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. തുറമുഖം ആരംഭിച്ചാല്‍ മംഗളൂരുവിലെത്തുന്ന ചരക്കില്‍ ഭൂരിഭാഗവും അഴീക്കലിലാണ് എത്തുക. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള മര ഉരുപ്പടികളും വ്യാവസായിക ഉല്‍പ്പന്നങ്ങളും മംഗളൂരുവിലാണ് എത്തുന്നത്. കോടികളുടെ വ്യാപാരമാണ് ദിവസേന മംഗളൂരു തുറമുഖം കേന്ദ്രീകരിച്ചുള്ളത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ തുറമുഖ നിര്‍മാണ പ്രവര്‍ത്തനം ത്വരിതപ്പെടുത്തിയിരുന്നു.വളപട്ടണത്തു നിന്ന് അഴീക്കലിലേക്ക് എട്ടുകിലോമീറ്റര്‍ പാത നിര്‍മാണ സര്‍വേയാണ് പ്രഖ്യാപിച്ചത്. തലശേരിയിലും ബേപ്പൂരിലും നിന്ന് പത്തുകിലോമീറ്റര്‍ ദൂരം മാത്രമേ നിലവിലെ റെയില്‍വേ സ്റ്റേഷനുമായുള്ളൂ.
deshabhimani 210213
Labels:
ബജറ്റ്,
റെയില്‍വേ
Subscribe to:
Post Comments (Atom)
No comments:
Post a Comment