പണിമുടക്ക് വിജയമാക്കിയ മുഴുവന്‍ തൊഴിലാളികളെയും സിഐടിയു സംസ്ഥാന സെക്രട്ടറിയറ്റ് അഭിവാദ്യംചെയ്തു. ദേശീയപണിമുടക്കില്‍ കേരളം ചരിത്രംസൃഷ്ടിക്കുകയാണ്. ഒരു കോടി തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കുചേര്‍ന്നു. സംസ്ഥാനത്തെ സര്‍വമേഖലയും നിശ്ചലമാണ്. പണിമുടക്കിയ തൊഴിലാളികള്‍ പഞ്ചായത്ത് കേന്ദ്രങ്ങളിലും നഗരങ്ങളിലും പ്രകടനങ്ങള്‍ നടത്തി. 21ന് അര്‍ധരാത്രിവരെ പണിമുടക്ക് തുടരാന്‍ മുഴുവന്‍ തൊഴിലാളികളും സജീവമായി രംഗത്തുണ്ടാകണമെന്നും സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു. സംസ്ഥാനത്തെ കാര്‍ഷിക-വ്യാവസായിക-വാണിജ്യമേഖലകളെല്ലാം നിശ്ചലമായി.
പൊതുഗതാഗത മേഖല പൂര്‍ണമായും സ്തംഭിച്ചു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കൊച്ചിന്‍ തുറമുഖം, ചെറുകിട തുറമുഖങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ബാങ്കുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, വ്യവസായശാലകള്‍ എന്നിവയുടെ പ്രവര്‍ത്തനം മുടങ്ങി. ഹൈക്കോടതിയുടെ നിരോധനം വകവയ്ക്കാതെ കൊച്ചിന്‍ റിഫൈനറിയിലെ മുഴുവന്‍ തൊഴിലാളികളും പണിമുടക്കി. എഫ്എസിടി പൂര്‍ണമായും സ്തംഭിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിലെ നാലായിരത്തോളം ഗ്രൗണ്ട് ഹാന്റിലിങ്, ഹൗസ് കീപ്പിങ് തൊഴിലാളികള്‍ പണിമുടക്കിയത് വിമാന സര്‍വീസിനെ ബാധിച്ചു. കോഴിക്കോട് വിമാനത്താവളത്തെയും പണിമുടക്ക് ബാധിച്ചു.
കൊച്ചി തുറമുഖം, വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ എന്നിവ സ്തംഭിച്ചു. ആലപ്പുഴയില്‍ ഹൗസ് ബോട്ട് തൊഴിലാളികള്‍ പണിമുടക്കി. സംസ്ഥാനത്താകെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്നു. പണിമുടക്കിയ തൊഴിലാളികള്‍ നഗരങ്ങളില്‍ സമരകേന്ദ്രങ്ങള്‍ തുറന്ന്, കേന്ദ്രീകരിച്ചു നില്‍ക്കുന്നു. സംസ്ഥാനം ഇന്നേവരെ ദര്‍ശിച്ചിട്ടില്ലാത്ത ആവേശമാണ് തൊഴിലാളികളില്‍ ദൃശ്യമായത്.
പ്രതിഫലിക്കുന്നത് ജനത്തിന്റെ അമര്‍ഷം; സര്‍ക്കാരിന് താക്കീത്
കൊച്ചി: "സമരത്തിന് ഇറങ്ങിയില്ലെങ്കില്‍ ഇനിയുള്ളകാലം കൂടുതല്‍ ദുരിതം അനുഭവിക്കേണ്ടിവരുമെന്ന് തൊഴിലാളികള്‍ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവിന്റെ വിജയമാണിത്. വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങളുടെ ശക്തമായ പ്രതികരണമാണ് ഈ കാണുന്നത്." തൊഴിലാളികള്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി അണിചേര്‍ന്ന ദ്വിദിന പണിമുടക്കിനെക്കുറിച്ച് കൊച്ചി കപ്പല്‍ശാലയിലെ പ്രൊഡക്ഷന്‍ വിഭാഗത്തില്‍ ജോലിചെയ്യുന്ന വി എസ് ജോര്‍ജിന്റെ വാക്കുകള്‍ പിന്നീട് പലരും ആവര്‍ത്തിച്ചു. ജനങ്ങളുടെ അമര്‍ഷമാണ് പണിമുടക്കില്‍ കണ്ടത്. കടുത്ത സാമ്പത്തികബുദ്ധിമുട്ടാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. തുല്യ ജോലിക്ക് തുല്യ വേതനം നല്‍കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ജോര്‍ജ് പറഞ്ഞു.
വിലക്കയറ്റം താങ്ങാവുന്നതിനപ്പുറമാണെന്നും ഇതിനെതിരെയുള്ള ജനകീയപ്രതിഷേധമാണ് പണിമുടക്കിലൂടെ ദൃശ്യമാവുന്നതെന്നും മേത്തര്‍ ബസാറില്‍ ചുമട്ടുതൊഴിലാളിയായ കാക്കനാട് വാഴക്കാല സ്വദേശി മുഹമ്മദ് ഇഖ്ബാല്‍ പ്രതികരിച്ചു. പള്ളിമുക്കിലെ ചുമട്ടുതൊഴിലാളി വി എന്‍ സത്യന്‍ സമരത്തെ ചരിത്രപരമായ ഒന്നായാണ് വിശേഷിപ്പിക്കുന്നത്. "ഐതിഹാസികമായ സമരമാണിത്. യുപിഎയുടെ രണ്ടാം വരവ് ജനങ്ങള്‍ക്ക് ദുരിതം മാത്രമാണ് സമ്മാനിച്ചത്. സ്വകാര്യവല്‍ക്കരണമാണ് സര്‍ക്കാരിന്റെ മുഖ്യ അജന്‍ഡ. അതിനുള്ള ശക്തമായ താക്കീതാണ് ഈ സമരം"- സത്യന്‍ പറയുന്നു. കപ്പല്‍ശാലയിലെ തൊഴിലാളി വി ആര്‍ നര്‍സിയൂസിന്റെ അഭിപ്രായത്തില്‍ തൊഴിലാളിവിരുദ്ധ നയങ്ങള്‍ അജന്‍ഡയാക്കിയ സര്‍ക്കാരിനുള്ള ശക്തമായ താക്കീതാണ് പണിമുടക്ക്. കൊച്ചി കപ്പല്‍ശാലയില്‍ ഐഎന്‍ടിയുസി യൂണിയനുകളിലുള്ള തൊഴിലാളികളാണ് പണിമുടക്കിന് ഏറ്റവും ആവേശകരമായി മുന്നോട്ടുവന്നിട്ടുള്ളതെന്നത് ശ്രദ്ധേയമാണ്. എല്ലാ ജനങ്ങളും സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ കാരണം ദുരിതം അനുഭവിക്കുകയാണ്. തൊഴിലാളികളുടെ സ്വാഭാവികപ്രതികരണം മാത്രമാണ് ഈ പണിമുടക്കെന്നും നര്‍സിയൂസ് പറഞ്ഞു.
പണിമുടക്ക് പൊളിക്കാന്‍ ബാങ്കുകളില്‍ പ്രൊബേഷണര്‍മാര്‍ക്ക് ഡെപ്യൂട്ടേഷന്‍
കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദത്തിനുവഴങ്ങി ദേശീയപണിമുടക്ക് പൊളിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ഫെഡറല്‍ ബാങ്കിന്റെയും ശ്രമം. യൂണിയന്‍ അംഗങ്ങളല്ലാത്ത പ്രൊബേഷന്‍ ജീവനക്കാരെ കിലോമീറ്ററുകള്‍ക്കകലെ ഡെപ്യൂട്ടേഷനില്‍ പ്രത്യേക ഡ്യൂട്ടി നിശ്ചയിച്ചാണ് സമരം തകര്‍ക്കാനുള്ള ശ്രമം.
യൂണിയനില്‍ അംഗങ്ങളല്ലാത്ത അഞ്ഞൂറോളം പ്രൊബേഷണറി ഓഫീസര്‍മാരും ക്ലര്‍ക്കുമാരുമുണ്ട്. ഇവരോട് യൂണിയന്‍ അംഗങ്ങളല്ലാത്ത സ്റ്റേജ് ഫോര്‍ ഓഫീസര്‍മാരുള്ള പ്രധാന ശാഖകളില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയത്. ഈ ശാഖകള്‍ പ്രവര്‍ത്തിപ്പിക്കുകയായിരുന്നു ലക്ഷ്യം. നിലവില്‍ ജോലിചെയ്യുന്ന ശാഖകളില്‍നിന്ന് കിലോമീറ്റര്‍ അകലെയാണ് പലര്‍ക്കും പ്രത്യേക ഡ്യൂട്ടി നിശ്ചയിച്ചത്. പണിമുടക്കിനെത്തുടര്‍ന്ന് വാഹനസൗകര്യമില്ലാതിരുന്നതിനെ തുടര്‍ന്ന് വനിതാ ഓഫീസര്‍മാര്‍ ഉള്‍പ്പെടെ ബുദ്ധിമുട്ടിലായി. പൊതുപണിമുടക്കുവേളയില്‍ ബാങ്കുകളില്‍നിന്ന് ഇത്തരം നീക്കമുണ്ടാകുന്നതും ആദ്യമായാണ്.
സ്റ്റേറ്റ് ബാങ്കാകട്ടെ സമരത്തിന് ആഹ്വാനംചെയ്ത യൂണിയന്‍ അംഗങ്ങളായ സ്റ്റേജ് നാല്, അഞ്ച് ഓഫീസര്‍മാരോടുപോലും ജോലിക്ക് ഹാജരാകാന്‍ നിര്‍ദേശിച്ചു. പ്രൊബേഷണറി ഓഫീസര്‍മാരോട് റീജണല്‍ ഓഫീസുകളിലെത്താനായിരുന്നു നിര്‍ദേശം. സര്‍ക്കാരിന്റെ സമ്മര്‍ദത്തിനുവഴങ്ങിയാണ് ഉന്നത ഉദ്യോഗസ്ഥരില്‍നിന്നും ഇത്തരം നീക്കമുണ്ടായത്. എന്നാല്‍, ഇതൊക്കെയായിട്ടും സംസ്ഥാനത്തെ മുഴുവന്‍ ബാങ്ക് ശാഖകളും പണിമുടക്കില്‍ നിശ്ചലമായി.
deshabhimani 210213
No comments:
Post a Comment