Friday, February 15, 2013

കാഴ്ചയുടെ സ്വച്ഛത പകര്‍ന്ന് ഹെയില്‍ കലാപ്രദര്‍ശനം


കൊച്ചി: ലോകരാഷ്ട്രീയ സംഭവവികാസങ്ങളിലേക്കും അതിന്റെ ഉള്‍ക്കാഴ്ചയിലേക്കും തന്റെ വീഡിയോ പ്രദര്‍ശനത്തിലൂടെ കാഴ്ചക്കാരെ കൂട്ടുകയാണ് ജിജി സ്കറിയ. അബുല്‍കലാം ആസാദാകട്ടെ "വിലക്കുകളും കുലീന ചിഹ്നങ്ങളും" എന്ന സൃഷ്ടികളിലൂടെ പല സാമൂഹ്യബിംബങ്ങളെ ഒറ്റക്യാന്‍വാസില്‍ ഓര്‍മപ്പെടുത്തുകയാണ്.

യന്ത്രസഹായമില്ലാതെ ജനിക്കാനാവാത്ത പട്ടുനൂല്‍പുഴുക്കളുടെ നൊമ്പരമാണ് വി മധു പകര്‍ത്തുന്നത്. ശാന്തസ്വഛന്ദമായ കാഴ്ചസുഖം പകരുകയാണ് ഇടപ്പള്ളി മാധവന്‍നായര്‍ ഫൗണ്ടേഷന്‍ ആര്‍ട്ട് ഗ്യാലറിയിലെ "ഹെയില്‍" എന്ന കലാപ്രദര്‍ശനം. ദേശീയ, രാജ്യാന്തര ശ്രദ്ധയാകര്‍ഷിച്ച 36 കലാകാരന്മാരുടെ സൃഷ്ടികളാണ് ഒരുക്കിയിട്ടുള്ളത്. വെനീസ് ബിനാലെയില്‍ സൃഷ്ടി അവതരിപ്പിച്ച് ശ്രദ്ധേയനായ മലയാളി ജിജി സ്കറിയ ലോകത്തെ പിടിച്ചുകുലുക്കിയ സംഭവവികാസങ്ങളിലേക്കാണ് നമ്മെ ക്ഷണിക്കുന്നത്. വിലക്കപ്പെട്ട പന്നിയെയും നായയെയും പ്രധാന കാഴ്ചയാക്കിയും പ്രധാനമെന്ന് നാം കരുതുന്നവയെ അപ്രധാനമാക്കിയുമുള്ള ഇപ്പോള്‍ തിരുവണ്ണാമലയില്‍ താമസമാക്കിയ കൊച്ചി സ്വദേശിയായ ആസാദിന്റെ ഇരുസൃഷ്ടികള്‍ പോയകാല മൂല്യങ്ങളെ ഓര്‍മപ്പെടുത്തുന്നവയാണ്.

മാറ് മറക്കാത്ത കേരളത്തിലെ പൗരാണിക സ്ത്രീകളുടെ ഛായാചിത്രപ്പകര്‍പ്പുകള്‍ക്കൊപ്പം വിശ്വാസം മുഖാവരണം സമ്മാനിച്ച ആധുനിക സ്ത്രീയെയും ചേര്‍ത്തുവച്ചാണ് രതീദേവി പ്രദര്‍ശനത്തിലെ സ്ത്രീപക്ഷക്കാഴ്ച ഒരുക്കിയിട്ടുള്ളത്.

കൊച്ചിവിട്ട് തിരുവണ്ണാമലയില്‍ താമസമാക്കിയ സ്പാനിഷ് ചിത്രകാരി ഗായത്രി ഗാമുസ്, കെ രഘുനാഥന്‍, വിവേക് വിലാസിനി, ഐശ്വര്യ സുല്‍ത്താന, രാധ ഗോമതി, വി കെ രാജന്‍, വീര്‍ മുന്‍ഷി, സുമേദ് രാജേന്ദ്രന്‍, സി എന്‍ സനം, ബെനിത പെര്‍സിയാല്‍, ബിനു ഭാസ്കര്‍ തുടങ്ങിയവരുടെ സൃഷ്ടികളും സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. 28 വരെ നീളുന്ന പ്രദര്‍ശനം സെലിബ്രേറ്റ് കേരളം ഹാപ്പിനസ് ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് ഒരുക്കിയിട്ടുള്ളത്. സിദ്ധാര്‍ഥ് ഭരതന്‍, രാജശേഖരന്‍ വി ദാസ് എന്നിവരാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍മാര്‍. വി മധുവാണ് പ്രദര്‍ശനത്തിന്റെ ക്യൂറേറ്റര്‍.

deshabhimani 150213

No comments:

Post a Comment