സിപിഐ എമ്മിനെ അപകീര്‍ത്തിപ്പെടുത്താനും നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ഗൂഢാലോചനയില്‍ ചില മാധ്യമ പ്രധാനികളും ഉണ്ടായിരുന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഷുക്കൂര്‍ വധക്കേസില്‍ ലീഗ് പ്രവര്‍ത്തകന്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലൂടെ ഇക്കാര്യവും വെളിവായി. സിപിഐ എം ചേലക്കര ഏരിയ കമ്മിറ്റി ഓഫീസും കെ പത്മനാഭന്‍ സ്മാരക ഹാളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാര്‍ടിക്കെതിരെ തെറ്റായ പ്രചാരണങ്ങള്‍ ബോധപൂര്‍വം അഴിച്ചുവിടുകയായിരുന്നു. ഒരു മാധ്യമധര്‍മവും ബാധകമായിരുന്നില്ല. കള്ളക്കഥയ്ക്ക് തെളിവുണ്ടാക്കാന്‍ ഭാവനയില്‍ കഥ മെനഞ്ഞു. ആശുപത്രിയില്‍ പി ജയരാജന്‍ കിടന്ന മുറിക്കുപുറത്ത് നില്‍ക്കുന്നയാള്‍, വീട്ടില്‍ തടഞ്ഞുവച്ചിരിക്കുന്ന ലീഗുകാരെ വേണ്ടവിധം കൈകാര്യം ചെയ്യാന്‍ പറയുന്നത് കേട്ടു എന്നായിരുന്നു കഥ. എന്നാല്‍ ഈ കഥയില്‍ പറയുന്ന അബു താന്‍ ജയരാജനെ കാണാന്‍ പോയിട്ടില്ലെന്ന് സത്യവാങ്മൂലം നല്‍കി. മാത്രമല്ല ആശുപത്രി പരിസരത്തുപോലും പോയിട്ടില്ലെന്നും പറഞ്ഞു. യാഥാര്‍ഥ പ്രതികളെ രക്ഷിക്കാനും അന്വേഷണം അട്ടിമറിക്കാനുമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നത്. ഇതിനെതിരെ എല്ലാ രാഷ്ട്രീയ പാര്‍ടികളും രംഗത്തുവരണം. ഇത്തരത്തില്‍ നിയമം സര്‍ക്കാര്‍തന്നെ ലംഘിച്ച് കാര്യങ്ങള്‍ നീക്കിയാല്‍ എന്താവും സ്ഥിതിയെന്ന് ആലോചിക്കണം. മുന്‍ നിശ്ചയപ്രകാരം അന്വേഷണം കൊണ്ടുപോവുന്നത് നാടിനെ എവിടെ എത്തിക്കുമെന്ന് ആലോചിക്കണം.
കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ സംസ്ഥാന സര്‍ക്കാരും അതേപടി നടപ്പാക്കുകയാണ്. ബാങ്കിങ് മേഖലയാകെ സ്വകാര്യവല്‍ക്കരിച്ച് കോര്‍പറേറ്റുകള്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതി. സ്വകാര്യപങ്കാളിത്തം 26 ശതമാനം നല്‍കാന്‍ തീരുമാനിച്ചതുവഴി ബാങ്കിങ് മേഖല കോര്‍പറേറ്റുകളുടെ കുടുംബ സ്വത്താക്കി മാറ്റും. കേന്ദ്രനയംമൂലം സഹകരണമേഖലയുടെ മരണമണി മുഴങ്ങിക്കഴിഞ്ഞു. എന്തു ജനാധിപത്യവിരുദ്ധ നടപടിയിലൂടെയും ബാങ്കുകള്‍ പിടിച്ചെടുക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. ഇതിനായി കള്ളരേഖകള്‍ ഉണ്ടാക്കുകയുമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇത്തരം നയങ്ങള്‍ക്കെതിരായ ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് സിപിഐ എം നീങ്ങുകയാണ്. ഓരോ പ്രക്ഷോഭത്തിനും പിന്തുണ കൂടുകയാണ്. എന്നാല്‍ പ്രക്ഷോഭങ്ങള്‍ക്ക് ആളില്ലെന്ന പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നത്. അതുകൊണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ നടക്കുന്ന ദേശീയ പണിമുടക്കും സിപിഐ എം നേതൃത്വത്തിലുള്ള അഖിലേന്ത്യാ ജാഥയും വന്‍വിജയമാക്കണമെന്ന് പിണറായി അഭ്യര്‍ഥിച്ചു.
deshabhimani 150213
No comments:
Post a Comment