Friday, February 15, 2013

കോട്ടയം ബ്ലേഡ് മാഫിയയുടെ തടവില്‍


പിടിച്ചുകഴിഞ്ഞപ്പോഴാണ് പൊലീസിനും മനസ്സിലായത്. ചീര ശിവന്‍ ചെറിയ മീനല്ലെന്ന്. തുടക്കം നാഗമ്പടത്തെ ചെറിയ മുറുക്കാന്‍ കടയില്‍നിന്ന്. ഇവിടെനിന്നുള്ള വരുമാനം ഒന്നുമാവില്ലെന്ന് മനസ്സിലായപ്പോഴാണ് ഇയാള്‍ കളം മാറ്റി ചവിട്ടാന്‍ തീരുമാനിച്ചത്. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. അഞ്ചു വര്‍ഷം; റോക്കറ്റ് പോലെയായിരുന്നു ഇയാളുടെ ഉയര്‍ച്ച. കൈയിലുണ്ടായിരുന്ന പുത്തനെടുത്ത് പലിശക്കളത്തില്‍ എറിഞ്ഞു. അവിടെനിന്ന് ലഭിച്ചത് പച്ചനോട്ടിന്റെ ചാകര. ഗുണ്ടായിസവും ഭീഷണിയും പലിശ പിരിച്ചെടുക്കാന്‍ കുട്ടിപ്പട്ടാളവുമെല്ലാം ആയതോടെ ചീര ശിവന്റെ സാമ്രാജ്യം അതിവിപുലമായി. കൈയില്‍ വന്നുമറിഞ്ഞത് കണക്കില്ലാത്ത കോടികള്‍. ആവശ്യക്കാര്‍ക്ക് മുന്നില്‍ ഒരിക്കലും "നോ" പറയില്ല. കൃത്യമായി ആധാരം ഈടു വേണമെന്നും മാത്രം. ഈ ചൂണ്ടയില്‍ കൊത്തുന്നവര്‍ക്ക് പിന്നെ രക്ഷയില്ല. വാങ്ങിയ പണവും അതിന്റെ പലിശയും പലിശയ്ക്കു മേല്‍ പലിശയും നല്‍കിയാലും ചീര ശിവന്‍ ആധാരം കൈയില്‍വെച്ച് നിവര്‍ന്നു നിന്നു ചിരിക്കും. പിന്നെ വായ്പ വാങ്ങിയവര്‍ വിധിയില്‍ പരിതപിച്ച് തെരുവിലേക്ക്.

അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് ചാലുകുന്ന് തൈപ്പറമ്പില്‍ ശിവപ്രസാദി(ചീരശിവന്‍-45)നെ കോട്ടയം ഈസ്റ്റ് സിഐ റിജോ പി തോമസ് അറസ്റ്റ് ചെയ്തത്. ഏതാനും ദിവസമായി കോട്ടയം നഗരത്തില്‍ പൊലീസ് ബ്ലേഡ്മാഫിയക്കെതിരെ പ്രവര്‍ത്തനത്തിലാണ്. പൊലീസിന് ദിവസവും ലഭിക്കുന്നത് ബ്ലേഡുകാരുടെ ഭീഷണി സംബന്ധിച്ച് നൂറുകണക്കിന് ഫോണ്‍കോളുകള്‍. അത്തരമൊരു സന്ദേശമാണ് ചീര ശിവനെയും കുടുക്കിയത്. പൊലീസ് ഞെട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഒരു പെട്ടിക്കടക്കാരന് അഞ്ചു വര്‍ഷംകൊണ്ട് ഇത്രയും ആസ്തിയോ. കോട്ടയം നഗരത്തിലെ ചാലുകുന്നില്‍ മൂന്നുനില ഫ്ളാറ്റും വീടും. ഫോക്സ്വാഗന്റെയും മാരുതി സ്വിഫ്റ്റിന്റെയും രണ്ടു കാറുകള്‍, കൂടാതെ നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി വേറെയും വസ്തുവകകള്‍. ഇയാളുടെ വീട്ടില്‍നിന്ന് നിയമവിരുദ്ധമായി സൂക്ഷിച്ചിരുന്ന ഒന്നേകാല്‍ ലക്ഷം രൂപയുടെ 152 ചെക്കും നിരവധി ആധാരങ്ങളും പ്രോമിസറി നോട്ടുകളും പിടിച്ചെടുത്തിരുന്നു. കോട്ടയം നഗരത്തിന് സമീപം താമസിക്കുന്ന ഒരു അലക്കുകാരിയുടെ പേരിലാണത്രെ ഇയാള്‍ ചെക്കുകേസുകള്‍ നടത്തുന്നത്. പണം മടക്കി നല്‍കാത്തവരെ ഭീഷണിപ്പെടുത്താന്‍ ഇവരെയും ഇയാള്‍ ഉപയോഗിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാളെ ജാമ്യത്തില്‍ ഇറക്കാനുള്ള സാധ്യത തേടി അലക്കുകാരി പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു.

ഫെബ്രുവരി അഞ്ചിന് കോട്ടയം വെസ്റ്റ് സിഐ എ ജെ തോമസ് അറസ്റ്റ് ചെയ്ത വടവാതൂര്‍ സ്വദേശി വി സി ചാണ്ടി(ചാണ്ടിഷാജി)യാണ് ചീരശിവന്റെ ഗുരു. ഇയാളുടെ കൈയില്‍നിന്ന് വായ്പ വാങ്ങി പുറത്ത് കൂടുതല്‍ പലിശയ്ക്ക് നല്‍കിയായിരുന്നു തുടക്കം. ഇടയ്ക്ക് ഇവര്‍ തമ്മില്‍ തെറ്റി. പിന്നെ സംക്രാന്തി സ്വദേശിയുമായി ചേര്‍ന്നാണ് ഇയാള്‍ ബിസിനസ് വ്യാപിപ്പിച്ചത്. ഇയാള്‍ ബ്ലേഡുപലിശയ്ക്ക് പണം നല്‍കിയിരുന്നവരില്‍നിന്ന് പൊലീസ് തെളിവുകള്‍ ശേഖരിച്ചു വരികയാണ്.

മണര്‍കാട്ടെ ബ്ലേഡിന് തണല്‍ വല്ല്യേമാന്‍

കോട്ടയം: കോട്ടയത്ത് ഇപ്പോഴും കഴുത്തറപ്പന്‍ ബ്ലേഡുമായി വിലസുന്ന മണര്‍കാടുകാരനായ വമ്പന്‍സ്രാവിന് തണലൊരുക്കുന്നത് ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍. ഇയാള്‍ സ്ഥലം മാറിയാല്‍ അന്ന് ഈ ബ്ലേഡുകാരനെ ഒതുക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണ് മറ്റു ചില പൊലീസ് ഉദ്യോഗസ്ഥര്‍. ഷാപ്പിലെ കറിക്കച്ചവടക്കാരനായി ജീവിതം ആരംഭിച്ചയാളാണ് മണര്‍കാട് സ്വദേശിയായ ബ്ലേഡുപലിശക്കാരന്‍. ചുരുങ്ങിയ കാലംകൊണ്ട് ഇയാള്‍ തഴച്ചു വളര്‍ന്നു. ഇയാളുടെ അതിരില്ലാത്ത സഹായം ഏമാനും ലഭിച്ചു. അതിന്റെ പ്രത്യുപകാരത്തിലാണ് ഇപ്പോഴും ഇയാള്‍ക്ക് വിലസാന്‍ കഴിയുന്നത്. കുറേനാള്‍ മുന്‍പ് കോട്ടയം നഗരത്തോട് ചേര്‍ന്നുള്ള പൊലീസ് സ്റ്റേഷനിലെ എസ്ഐക്ക് നടപടി വാങ്ങിക്കൊടുത്തതും ഇതേ ബ്ലേഡുകാരനുമായുള്ള ചങ്ങാത്തമാണ്. എസ്ഐക്ക് കോട്ടയം നഗരമധ്യത്തില്‍ 40 ലക്ഷം രൂപ വിലമതിക്കുന്ന സ്ഥലവും വീടും ഇയാള്‍ പ്രത്യുപകാരമായി വാങ്ങി നല്‍കിയെന്നായിരുന്നു ആരോപണം. ഇതു സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടന്നു വരികയാണ്. അതിനിടെ ഇയാള്‍ ചില ഉന്നതരെ പിടിച്ച് സര്‍വീസില്‍ തിരികെ കയറിയെങ്കിലും പഠിച്ച പണി മറക്കാന്‍ കഴിഞ്ഞില്ല. മറ്റൊരു ആരോപണത്തിന്റെ പേരില്‍ വീണ്ടും സസ്പെന്‍ഷനിലാണിപ്പോള്‍.

2005-06 കാലയളവില്‍ ഈ ബ്ലേഡുപലിശക്കാരന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ പൊലീസ് സംഘം നിരവധി രേഖകള്‍ പിടിച്ചെടുത്തിരുന്നു. മാത്രമല്ല, ഇയാള്‍ക്കെതിരെ സിബിഐയുടെ രണ്ട് അന്വേഷണവും നടന്നു വരികയാണ്. ഇയാളുടെ ആദ്യഭാര്യയുടെ സ്വത്തില്‍ നിന്നായിരുന്നു പലിശ ഇടപാടിന്റെ തുടക്കം. ഒരേസ്ഥലം രണ്ടു ബാങ്കുകളില്‍ പണയംവച്ച് ഇയാള്‍ 20 ലക്ഷം രൂപ വാങ്ങിയത്രെ. ജില്ലയിലെ രണ്ടു ബാങ്കു മാനേജര്‍മാരുടെ പണിയും ഇയാളുമായി ചേര്‍ന്നുള്ള കച്ചവടത്തിലൂടെ വെള്ളത്തിലായി. റിയല്‍ എസ്റ്റേറ്റ് ബിസിനസെന്ന ലേബലിലാണ് ഇയാളുടെ പ്രവര്‍ത്തനങ്ങളത്രയും. നിരവധി ടിപ്പറും ഇയാള്‍ക്ക് സ്വന്തമായുണ്ട്.

സാമ്പത്തികപ്രതിസന്ധിയുള്ളവരെ കണ്ടെത്തി സഹായിക്കാനെന്ന വ്യാജേന അടുത്തു കൂടും. തുടര്‍ന്ന് ആധാരവും മറ്റു രേഖകളും തന്ത്രപൂര്‍വം കൈക്കലാക്കി അവര്‍ക്ക് ആവശ്യമുള്ള പണം നല്‍കും. എന്നിട്ട് ഈ ആധാരം ബാങ്കില്‍ പണയംവച്ച് കൂടിയ തുക വായ്പയെടുക്കുന്ന പരിപാടിയും ഇയാള്‍ക്കുണ്ട്. ഇങ്ങനെ വാങ്ങിക്കൂട്ടിയ നിരവധി ഹൗസ് പ്ലോട്ടുകള്‍ മണര്‍കാട്ടും പരിസരപ്രദേശങ്ങളിലുമായി ഇയാള്‍ക്കുണ്ട്. കോട്ടയം ഈസ്റ്റ്, മണര്‍കാട്, മണിമല, ചിങ്ങവനം പൊലീസ് സ്റ്റേഷനുകളിലായി മണര്‍കാട് സ്വദേശിക്കെതിരെ നിരവധി ക്രിമിനല്‍ കേസുകളുണ്ട്.


ബ്ലേഡുകാരനെതിരെ പൊലീസ് ചീഫിന് നല്‍കിയ പരാതിക്കും പുല്ലുവില

കോട്ടയം: ഭര്‍ത്താവ് കടം വാങ്ങിയ പണം തിരികെ നല്‍കിയിട്ടും വീട്ടമ്മയ്ക്കെതിരെ ബ്ലേഡുകാരന്‍ തമിഴ്നാട്ടില്‍ കേസ് നല്‍കിയ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് ചീഫിന് നല്‍കിയ പരാതിക്കും പുല്ലുവില. പേരൂര്‍ കുഴിയാട്ട് വീട്ടില്‍ സാബുവിന്റെ ഭാര്യ ബിനുവാണ് കഴിഞ്ഞദിവസം ജില്ലാപൊലീസ് ചീഫിന് പരാതി നല്‍കിയത്. പേരൂരിലെ ബ്ലേഡ് പലിശക്കാരനായ വിജയനെതിരെയായിരുന്നു പരാതി. എന്നാല്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ പൊലീസ് തയ്യാറായിട്ടില്ല. കേസ് ഒത്തുതീര്‍ക്കാമെന്ന് പറഞ്ഞ് വ്യാഴാഴ്ച ഒരു പൊലീസുകാരന്‍ ബിനുവിനെ സമീപിച്ചിരുന്നു. ഇതില്‍ ദുരൂഹതയുണ്ടെന്നാണ് ഇവര്‍ പറയുന്നത്. എസ്പിയ്ക്ക് നല്‍കിയ പരാതിയില്‍ മൊഴി രേഖപ്പെടുത്തുകയോ ബ്ലേഡുകാരനെ ചോദ്യംചെയ്യുകയോ ചെയ്യാതെ കേസ് ഒത്തുതീര്‍ക്കാമെന്ന് പറയുന്നത് ബ്ലേഡുകാരനെ സംരക്ഷിക്കാനെന്ന് സംശയമുണര്‍ന്നിട്ടുണ്ട്.

ബിനുവിന്റെ ഭര്‍ത്താവ് സാബു ഏതാനും വര്‍ഷം മുമ്പ് വിജയനില്‍നിന്ന് 10,000 രൂപ പലിശയ്ക്ക് വാങ്ങി. ഭാര്യയുടെ പേരിലുള്ള ചെക്ക് നിര്‍ബന്ധിപ്പിച്ച് ഈടായി വാങ്ങി. പലിശയടക്കം 15,000 രൂപ കൊടുത്തശേഷം ചെക്ക് മടക്കി ചോദിച്ചെങ്കിലും നല്‍കിയില്ല. പിന്നീട് വീട്ടമ്മയുടെ പേരില്‍ തമിഴ്നാട് കുഴിത്തുറ കൊല്ലങ്കോട് മര്‍ഷന്‍പുരം തഴവിലവീട്ടില്‍ സത്യരാജ് എന്നയാളുടെ പേരില്‍ വക്കീല്‍ നോട്ടീസ് വന്നു. ഇയാള്‍ക്ക് വീട്ടമ്മ രണ്ടുലക്ഷം രൂപ കൊടുക്കാനുണ്ടെന്ന് കാട്ടിയായിരുന്നു നോട്ടീസ്. തനിക്കോ ഭര്‍ത്താവിനോ അറിയില്ലാത്ത സത്യരാജിന്റെ പേരില്‍ വക്കീല്‍ നോട്ടീസ് അയപ്പിച്ചതിന് പിന്നില്‍ വിജയനാണെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. ഒരുവര്‍ഷമായി ഇവര്‍ വ്യാജക്കേസിന്റെ പേരില്‍ കുഴിത്തുറയിലെ കോടതി കയറിയിറങ്ങുകയാണ്.

deshabhimani 150213

No comments:

Post a Comment