ആലപ്പുഴ: ആത്മഹത്യചെയ്ത കയര്‍ത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കയര്‍മന്ത്രിയും സര്‍ക്കാരും തയാറാകാതെ ധാര്‍ഷ്ട്യനിലപാട് സ്വീകരിച്ചതിനാലാണ് നാലരക്കോടി മുടക്കിയുള്ള ആര്‍ഭാട കയര്‍മേള ബഹിഷ്കരിക്കുന്നതെന്ന് കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ സിഐടിയു പ്രസിഡന്റ് ഡോ. ടി എം തോമസ് ഐസക് എംഎല്‍എയും ജനറല്‍സെക്രട്ടറി ആനത്തലവട്ടം ആനന്ദനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിലവിലുള്ള കയര്‍ സംഘങ്ങള്‍ക്ക് സഹായം നല്‍കാതെ പുതിയതായി 130 സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് 30 ലക്ഷം രൂപ വീതം നല്‍കുന്ന നടപടി നിര്‍ത്തിവയ്ക്കണം. എല്‍ഡിഎഫ് സര്‍ക്കാര്‍ കയര്‍ഫെഡിനായി മാറ്റിവച്ച 20 കോടി രൂപ ഉടനെ നല്‍കണം. ഇതുള്‍പ്പെടെ മൂന്ന് ആവശ്യങ്ങളാണ് കയര്‍വര്‍ക്കേഴ്സ് സെന്റര്‍ കയര്‍മന്ത്രിക്ക് നല്‍കിയത്. എന്നാല്‍ ഇതില്‍ ഒന്നുപോലും പരിഗണിച്ചില്ല. കയര്‍ വ്യവസായം പ്രതിസന്ധിയിലാണ്. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഈ വ്യവസായം അസ്തമിച്ചു. സംസ്ഥാനത്താകെ നാലുലക്ഷത്തോളം പേര്‍ കയര്‍ വ്യവസായത്തില്‍ പണിയെടുത്തിരുന്ന സ്ഥാനത്ത് ഇന്ന് ഒരുലക്ഷത്തിന് താഴെയാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കയര്‍ മേഖലയ്ക്കായി 100 കോടി രൂപയാണ് നീക്കിവച്ചത്. കയറുമായി ഒരു ബന്ധവുമില്ലാത്ത കോന്നിയില്‍ പുതിയ ഫാക്ടറി സ്ഥാപിക്കുമെന്ന് നയപ്രസംഗത്തില്‍ ഗവര്‍ണര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മഹാഭൂരിപക്ഷം തൊഴിലാളികളും പട്ടിണിയെ അഭിമുഖീകരിക്കുമ്പോള്‍ സര്‍ക്കാര്‍ പൂര്‍ണ നിസംഗതയിലാണ്. ഇതിനാലാണ് കയര്‍മേളയുമായി സഹകരിക്കാത്തത്. കയര്‍ സെന്ററിന്റെ പ്രവര്‍ത്തകരോ തൊഴിലാളികളോ ഇതില്‍ പങ്കെടുക്കില്ലെന്നും തോമസ് ഐസക് പറഞ്ഞു.
കയര്‍മേളയില്‍ സര്‍ക്കാര്‍ പണം ദുര്‍വിനിയോഗം ചെയ്യുന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആനത്തലവട്ടം ആനന്ദന്‍ ആവശ്യപ്പെട്ടു. റോഡ് മുഴുവന്‍ ഫ്ളക്സ് വച്ചാല്‍ കയര്‍വ്യവസായം രക്ഷപെടില്ല. കയര്‍മേളയുടെ പ്രധാന ഗേറ്റിന് മാത്രം 20 ലക്ഷം രൂപയാണ് ചെലവഴിച്ചത്. തിരുവനന്തപുരത്തെ ഈവന്‍ മാനേജ്മെന്റിനാണ് ഇതിന്റെ ചുമതല നല്‍കിയിട്ടുള്ളത്. കള്ളക്കണക്കുകള്‍ കാട്ടി കയര്‍ കയറ്റുമതി വര്‍ധിച്ചുവെന്ന് വരുത്തിതീര്‍ക്കുകയാണ്. പിവിസി ഉല്‍പ്പന്നങ്ങള്‍ ഫൈബര്‍ മാറ്റ്സിന്റെ അക്കൗണ്ടില്‍പ്പെടുത്തിയാണ് കണക്കുകള്‍ പെരുപ്പിച്ചുകാട്ടുന്നത്. തൊണ്ടും ചകിരിയും സംഭരിക്കാന്‍ സംവിധാനമില്ല. കഴിഞ്ഞ സര്‍ക്കാര്‍ 18 കോടി മുടക്കി നിര്‍മിച്ച യന്ത്രനിര്‍മാണ ഫാക്ടറി തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയാറാകുന്നില്ല. കയര്‍മേള ബഹിഷ്കരിക്കുന്നത് സംബന്ധിച്ച് പാര്‍ടിയില്‍ അഭിപ്രായ വ്യത്യാസമൊന്നുമില്ലെന്ന് ചോദ്യത്തിന് മറുപടിയായി ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.
കയര്‍തൊഴിലാളിരോഷം അണപൊട്ടി
ആലപ്പുഴ: നാലരക്കോടി രൂപ ചെലവഴിച്ചുള്ള ആര്‍ഭാട കയര്‍മേളയ്ക്ക് തിരിതെളിഞ്ഞപ്പോള്‍ തൊഴിലില്ലായ്മ മൂലം പട്ടിണിയിലായ കയര്‍പിരിതൊഴിലാളികളും കയര്‍ഫാക്ടറി തൊഴിലാളികളും ചെറുകിട ഉല്‍പ്പാദകരും ഉദ്ഘാടന നഗറിന് മുന്നില്‍ ശവമഞ്ചവും പേറി പ്രതിഷേധമാര്‍ച്ച് നടത്തി. അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ ചെറുകിട കയര്‍തൊഴിലാളികളും ഉല്‍പ്പാദകരും നടത്തിയ മാര്‍ച്ച് കയര്‍സെന്റര്‍ സെക്രട്ടറി ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്തു. വൈഎംസിഎ ജങ്ഷനില്‍ നിന്ന് മാര്‍ച്ച് ആരംഭിച്ചു. വ്യവസായ ഓഫീസിന് സമീപം ചേര്‍ന്ന സമ്മേളനത്തില്‍ ടി കെ ദേവകുമാര്‍, വി എസ് മണി, കെ ആര്‍ ഭഗീരഥന്‍, ജി വേണുഗോപാല്‍, പി പി ചിത്തരഞ്ജന്‍, സി കെ ഭാസ്കരന്‍, പി കെ സോമന്‍, കയര്‍ഫെഡ് പ്രസിഡന്റ് സജികുമാര്‍, എം സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ആര്‍ നാസര്‍ സ്വാഗതം പറഞ്ഞു.
deshabhimani 020213
No comments:
Post a Comment