Monday, February 4, 2013

പെണ്‍വാണിഭക്കാര്‍ക്കുവേണ്ടി കേരളമുഖ്യന്‍ വിങ്ങിപ്പൊട്ടുന്നു: എം എം മണി

പെണ്‍വാണിഭക്കാര്‍ക്കുവേണ്ടി കേരളമുഖ്യന്‍ വിങ്ങിപ്പൊട്ടുകയാണെന്ന് സിപിഐ എം സംസ്ഥാനക്കമ്മിറ്റിയംഗം എം എം മണി പറഞ്ഞു. സൂര്യനെല്ലിക്കേസിലെ പെണ്‍കുട്ടി തന്നെപീഡിപ്പിച്ചെന്ന് പറയുന്ന പി ജെ കുര്യനെ രക്ഷപ്പെടുത്താനാണ് ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നതെന്ന് മണി വ്യക്തമാക്കി. ഡിവൈഎഫ്ഐ കണ്ണൂര്‍ ബ്ലോക്ക് സമ്മേളനത്തിന്റെ ഭാഗമായി കോട്ടക്കുന്നില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മണി.

എന്‍എസ്എസ് ജനറല്‍സെക്രട്ടറി സുകുമാരന്‍ നായരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പി ജെ കുര്യനെ അന്ന് കോടതി വെറുതെ വിട്ടത്. ഹൈക്കോടതി വിധി സുപ്രീംകോടതി തള്ളിക്കളഞ്ഞസ്ഥിതിക്ക് പി ജെ കുര്യന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. കോണ്‍ഗ്രസ് രാജ്യം ഭരിക്കുമ്പോള്‍ പെണ്‍വാണിഭക്കാര്‍ നിറഞ്ഞാടുകയാണ്. കഴിഞ്ഞ മൂന്നുമാസത്തിനിടയില്‍ 766 സ്ത്രീകള്‍ ബലാത്സംഗത്തിന് വിധേയമായി കൊല്ലപ്പെട്ടു എന്നാണ് കണക്കുകള്‍ പറയുന്നത്. മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് 1700 ലധികം സ്ത്രീപീഡനക്കേസുകള്‍ കേരളത്തില്‍ ഒരുവര്‍ഷം രജിസ്റ്റര്‍ ചെയ്തെന്നാണ്. കുറ്റവാളികള്‍ക്ക് സൗകര്യമൊരുക്കുന്ന ഉമ്മന്‍ചാണ്ടിയുടെ പൊലീസ് കമ്യൂണിസ്റ്റ്കാരെ കള്ളക്കേസില്‍പെടുത്തി വേട്ടയാടുകയാണ്. വിലക്കയറ്റംമൂലം പൊറുതി മുട്ടുന്ന ജനം നടത്തുന്ന സമരത്തെ വഴി തിരിച്ചുവിടാനാണ് ഉമ്മന്‍ചാണ്ടി കമ്യൂണിസ്റ്റ്കാരെ കള്ളക്കേസില്‍പെടുത്തി ജയിലിലടക്കുന്നത്. രണ്ടുതരം നീതിയാണിവിടെ. കള്ളന്‍മാരും പെണ്‍വാണിഭക്കാരും ഉള്‍പ്പെട്ട കോണ്‍സ് നേതൃത്വം ജനങ്ങളെ പറ്റിച്ചുപോകുമ്പോള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന സംഭവങ്ങളെ തേടിപ്പിടിച്ച് കള്ളക്കേസ് ഉണ്ടാക്കാന്‍ സാധിക്കുമോ എന്ന ഗവേഷണത്തിലാണ് ഉമ്മന്‍ ചാണ്ടി. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന എല്ലാജനക്ഷേമപ്രവര്‍ത്തനങ്ങളും അട്ടിമറിച്ചു. ജനങ്ങള്‍ ജീവിക്കാന്‍ വഴിയില്ലാതെ തെരുവിലിറങ്ങുകയാണ്. എന്നാല്‍ അത്തരം സമരങ്ങളെപ്പോലും വിലകുറച്ച് കാട്ടാനാണ് ശ്രമം. എം എം മണി പറഞ്ഞു.


കുര്യന്‍ രാജിവെക്കണം: ബൃന്ദ കാരാട്ട്

ന്യൂഡല്‍ഹി: സൂര്യനെല്ലിക്കേസില്‍ പുനരന്വേഷണം നടത്തണമെന്നും കേസില്‍ ആരോപണവിധേയനായ രാജ്യസഭ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ രാജിവെക്കണമെന്നും സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. യുഡിഎഫും കോണ്‍ഗ്രസും പെണ്‍കുട്ടിയ്ക്ക് നീതി നിഷേധിക്കുകയാണ്. ഹൈക്കോടതി നടപടി വേഗത്തില്‍ ആരംഭിക്കണമെന്നും വിഷയത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ ഇരട്ടാത്താപ്പ് സമീപനമാണ് സ്വീകരിക്കുന്നതെന്നും ബൃന്ദ കാരാട്ട് അഭിപ്രായപ്പെട്ടു.

കുര്യന് പിന്തുണയുമായി ചിദംബരം

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യനെതിരായ സൂര്യനെല്ലി പെണ്‍വാണിഭക്കേസില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ലെന്ന് കേന്ദ്ര ധനമന്ത്രി പി ചിദംബരം. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ വിഷയം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മന്ത്രിയുടെ മറുപടി. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ഹൈക്കോടതി വിധിയുടെയും സുപ്രീംകോടതി വിധിയുടെയും അടിസ്ഥാനത്തിലാണ് കേരള മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മറുപടി പറഞ്ഞതെന്നും ചിദംബരം വിശദീകരിച്ചു.


deshabhimani 

No comments:

Post a Comment