കേന്ദ്രത്തിന്റെ പുതിയ വൈദ്യുതപദ്ധതികളില്‍നിന്ന് സംസ്ഥാനങ്ങള്‍ക്ക് വിഹിതം നല്‍കരുതെന്ന് പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി സമീപനരേഖ. നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍ (എന്‍ടിപിസി) അടക്കമുള്ള പൊതുമേഖലാ ഉല്‍പ്പാദകര്‍ മുഴുവന്‍ വൈദ്യുതിയും കമ്പോളത്തില്‍ നേരിട്ട് വൈദ്യുതി വില്‍ക്കണമെന്നും ആസൂത്രണ കമീഷന്‍ നിര്‍ദേശിക്കുന്നു. ഇതു നടപ്പാക്കുന്നതോടെ രാജ്യത്തെ വൈദ്യുതിരംഗം പൂര്‍ണമായും കമ്പോളവല്‍ക്കരിക്കപ്പെടും. പുതിയ നിലയങ്ങളില്‍നിന്ന് കേന്ദ്രവിഹിതമില്ലാതെ വരുന്നത് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകും. നാലു പതിറ്റാണ്ടായി രാജ്യത്ത് സന്തുലിത വൈദ്യുതി വികസനം ഉറപ്പാക്കിയിരുന്ന ഗാഡ്ഗില്‍ ഫോര്‍മുലയും ഇതോടെ അട്ടിമറിക്കപ്പെടും.
1970കളുടെ തുടക്കത്തിലാണ് എന്‍ടിപിസിയും എന്‍എച്ച്പിസിയും രൂപീകരിച്ച് പൊതുമേഖലയില്‍ വൈദ്യുതപദ്ധതികള്‍ക്ക് കേന്ദ്രം തുടക്കമിട്ടത്. പദ്ധതി സ്ഥാപിക്കുന്ന സംസ്ഥാനത്തിന്് 10 ശതമാനവും പദ്ധതി നിലനില്‍ക്കുന്ന മേഖലയിലെ സംസ്ഥാനങ്ങള്‍ക്ക് 75 ശതമാനവും വൈദ്യുതിയാണ് ഗാഡ്ഗില്‍ ഫോര്‍മുലയനുസരിച്ച് വിതരണംചെയ്തിരുന്നത്. അവശേഷിക്കുന്ന 15 ശതമാനം ഓരോ സമയത്തെയും വൈദ്യുതി ആവശ്യകത നോക്കി സംസ്ഥാനങ്ങള്‍ക്ക് വിതരണംചെയ്യാന്‍ അണ്‍ അലോക്കേറ്റഡ് വിഹിതമായും നീക്കിവച്ചിരുന്നു. ഇതില്‍ മാറ്റംവരുത്തി 2011 ജനുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. അതനുസരിച്ച് പദ്ധയില്‍ നിലനില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് 50 ശതമാനംവരെ വൈദ്യുതി ലഭിക്കുമായിരുന്നു. എന്നാല്‍, പുതിയ നയം ഇതെല്ലാം അപ്രസക്തമാക്കും. പുതിയ നിലയങ്ങളില്‍നിന്നുള്ള വൈദ്യുതി കമ്പോളത്തില്‍ വില്‍ക്കണമെന്നാണ് നിര്‍ദേശം. ഇതോടെ കൂടുതല്‍ വൈദ്യുതി കമ്പോളത്തില്‍നിന്ന് വാങ്ങാന്‍ സംസ്ഥാനങ്ങള്‍ നിര്‍ബന്ധിതരാകും. വൈദ്യുതിവില കുത്തനെ ഉയരാനും ഇതിടയാക്കും. കമ്പോളം നിയന്ത്രിക്കുന്ന കുത്തകകള്‍ക്ക് കൊള്ളലാഭം കൊയ്യാന്‍ അവസരമൊരുക്കുന്നതാണ് പുതിയ നിര്‍ദേശം.
ശരാശരി മൂന്നു രൂപയില്‍ താഴെ നിരക്കിലാണ് കേന്ദ്രനിലയങ്ങളില്‍നിന്ന് കേരളത്തിന് വൈദ്യുതി ലഭിക്കുന്നത്. കമ്പോളവില കഴിഞ്ഞ വേനലില്‍ യൂണിറ്റിന് 17 രൂപവരെ എത്തിയിരുന്നു. പ്രസരണ വൈദ്യുതി നഷ്ടം കുറയ്ക്കാനായി സ്വകാര്യ പങ്കാളിത്തം കൊണ്ടുവരിക, ഓപ്പണ്‍ അക്സസ് വ്യാപകമാക്കുക തുടങ്ങി നിരവധി നിര്‍ദേശങ്ങളും പദ്ധതിരേഖയിലുണ്ട്.
(ആര്‍ സാംബന്‍)
deshabhimani 040213
No comments:
Post a Comment