Monday, April 23, 2012

ജാതിമത ശക്തികളുടെ തടവറയിലായ സംസ്ഥാന ഭരണം


മന്ത്രിസഭയില്‍ നടത്തിയ വകുപ്പു പുനര്‍ വിഭജനം, ലീഗിന് നല്‍കിയ അഞ്ചാം മന്ത്രിസ്ഥാനം എന്നിവയിലൂടെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവും വിശിഷ്യാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തങ്ങള്‍ ജാതി-മത ശക്തികളുടെ തടവറയിലാണെന്ന് ഒന്നുകൂടി വ്യക്തമാക്കിയിരിക്കുകയാണ്. ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം നല്‍കിയതിലൂടെ മന്ത്രിസഭയില്‍ മത ന്യൂനപക്ഷങ്ങളുടെ പ്രതിനിധികള്‍ക്ക് ഭൂരിപക്ഷം കിട്ടിയിരിക്കുന്നു എന്ന ആക്ഷേപത്തെ മറികടക്കാനാണ് മുഖ്യമന്ത്രിയുടെ കൈയിലിരുന്ന ആഭ്യന്തരം, ഈ ആക്ഷേപം ശക്തിയായി ഉന്നയിച്ച എന്‍ എസ് എസിെന്‍റ വത്സലപുത്രന്‍ തിരുവഞ്ചൂരിന് ഉമ്മന്‍ചാണ്ടി നല്‍കിയത്. പക്ഷേ അതുകൊണ്ട് എന്‍എസ്എസ് നേതൃത്വം അടങ്ങിയില്ല എന്നത് വേറെ കാര്യം. എന്‍എസ്എസിന്റെ വത്സലപുത്രന്‍ തിരുവഞ്ചൂരാണെന്ന് അദ്ദേഹം തെറ്റിദ്ധരിക്കുകയോ അല്ലെങ്കില്‍ അദ്ദേഹം തെറ്റിദ്ധരിപ്പിക്കപ്പെടുകയോ ആയിരുന്നു. ചെന്നിത്തലയ്ക്ക് ആഭ്യന്തരവകുപ്പോടെ ഉപ മുഖ്യമന്ത്രിപദവും പിന്നീട് മുഖ്യമന്ത്രിപദവും എന്നതായിരുന്നു എന്‍എസ്എസിെന്‍റ മനസ്സിലിരുപ്പ് എന്ന് മനസ്സിലായാലും മനസ്സിലാക്കിയതായി നടിക്കാന്‍ ഉമ്മന്‍ചാണ്ടിക്കാവില്ലല്ലോ?

എന്തായാലും വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നത് സത്യം. എന്‍എസ്എസ് ചെന്നിത്തല പക്ഷത്താണെന്നതുകൊണ്ടുതന്നെ എസ്എന്‍ഡിപി ഇക്കാര്യത്തില്‍ ചാണ്ടി പക്ഷത്താണ്. എന്നാല്‍ ലീഗിന് അഞ്ചാം മന്ത്രികൊടുത്തതൊട്ട് ദഹിച്ചിട്ടുമില്ല. അതുകൊണ്ട് തരാതരം നോക്കി പ്രസ്താവിച്ചുകൊണ്ടിരിക്കുകയാണ് വെള്ളാപ്പള്ളി. എന്തായാലും പിറവം ഉപതെരഞ്ഞെടുപ്പില്‍ കാണിച്ച ആ വേഗമൊന്നും വെള്ളാപ്പള്ളിക്ക് ഇപ്പോള്‍ യുഡിഎഫിനോടില്ല. അനുവദിച്ച ബാറുകളില്‍ ന്യായമായ പ്രാതിനിധ്യവും മുരുകന്‍മലയിലെ പട്ടയവും ആയപ്പോള്‍ സാമൂഹ്യനീതി നടപ്പായി എന്നായിരുന്നു അന്നത്തെ വെള്ളാപ്പള്ളി നിലപാടെങ്കില്‍ ഇപ്പോള്‍ അതല്ല സ്ഥിതി. തെക്കന്‍ കേരളത്തില്‍ സ്വാധീനമുള്ള വിഎസ്ഡിപിയാണിപ്പോള്‍ രംഗത്തു വന്നിട്ടുള്ള മറ്റൊരു ശക്തി. യുഡിഎഫ് മന്ത്രിസഭാ രൂപീകരണകാലത്തുതന്നെ ശക്തന്‍നാടാര്‍ക്കൊരു മന്ത്രിസ്ഥാനം എന്നത് അവരുടെയൊരു മുദ്രാവാക്യമായിരുന്നു. അതിന്റെ ചിറകിലേറി ശക്തനും കുറെ ദൂരം സഞ്ചരിച്ചതാണ്. അവസാനം ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കിയാണ് അന്ന് ശക്തനെ ഒതുക്കിയത്. എന്നാല്‍ അന്നേ മന്ത്രി സ്ഥാനം മുഖ്യമന്ത്രി വാഗ്ദാനം നല്‍കിയിരുന്നുവെന്നാണ് വിഎസ്ഡിപി പറയുന്നത്. മുഖ്യമന്ത്രിയാവട്ടെ മറുത്തൊന്നും പറഞ്ഞിട്ടുമില്ല. ഇതില്‍നിന്നൊക്കെ വ്യക്തമാകുന്ന ഒരു കാര്യം മുമ്പെന്നത്തേക്കാളുപരി കോണ്‍ഗ്രസ് ജാതി-മത ശക്തികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുന്ന സ്ഥിതിയിലെത്തിക്കഴിഞ്ഞിരിക്കുന്നുവെന്നാണ്. കോണ്‍ഗ്രസ്സിന്റെ ചരിത്രം പരിശോധിച്ചാല്‍ സ്വാതന്ത്ര്യസമരകാലംമുതല്‍തന്നെ ജാതി-മത ശക്തികളെ പ്രീണിപ്പിക്കുകയും ഒപ്പംതന്നെ കോണ്‍ഗ്രസ് നേതാക്കളില്‍ പലരും ജാതി മത ശക്തികളുടെ മാനസപുത്രന്മാരായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി വരികയുമാണ് ചെയ്തിരുന്നതെന്ന് കാണാന്‍ കഴിയും.

""കോണ്‍ഗ്രസിെന്‍റ ഉത്ഭവത്തിന് മുമ്പും പിന്‍പും - അതിനകത്ത് വ്യക്തമായ ഒരു തീവ്രവാദി വിഭാഗം ഉയര്‍ന്നു വന്നപ്പോള്‍ പോലും ഹിന്ദുക്കളായ ദേശീയവാദികളുടെ വീക്ഷണത്തില്‍ ഹൈന്ദവ പുനരുജ്ജീവനത്തിന്റെ അംശങ്ങള്‍ ധാരാളം ഉണ്ടായിരുന്നു"" എന്നും ""ഹിന്ദു മഹാസഭയും, ആര്‍എസ്എസും മറ്റും ഉയര്‍ന്നുവരുന്നതിന് സഹായകമായിത്തീര്‍ന്ന ഹൈന്ദവ രാഷ്ട്രീയത്തിന്റെ തുടക്കം ഈ തീവ്രവാദി നേതാക്കളുടെ രാഷ്ട്രീയ വീക്ഷണത്തില്‍തന്നെ കാണാം"" എന്നും ഇ എം എസ് ""ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രം"" എന്ന തന്റെ ബൃഹദ്ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയാല്‍ ഹൈന്ദവ ഭരണമാണുണ്ടാവുക എന്ന രീതിയിലേക്ക് മുസ്ലീങ്ങളെ നയിക്കുകയും അത് പിന്നീട് ലീഗിന്റെ രൂപീകരണത്തിലേക്ക് നയിക്കുകയും ചെയ്തത് ഇതാണ്. സ്വാതന്ത്ര്യസമരത്തിന്റെ സര്‍വ്വസൈന്യാധിപനായിരുന്ന മഹാത്മാഗാന്ധിയടക്കം ഉയര്‍ത്തിപ്പിടിച്ച ഭഗവത്ഗീത ചാതുര്‍വര്‍ണ്യ വ്യവസ്ഥയ്ക്ക് ന്യായീകരണം നല്‍കുന്നതായിരുന്നു. ചാതുര്‍വര്‍ണ്യ-ജാതി വ്യവസ്ഥകള്‍ക്കുള്ളില്‍ അടിച്ചമര്‍ത്തല്‍ അനുഭവിച്ചു വന്നിരുന്ന ദളിത്-പിന്നോക്ക വിഭാഗങ്ങളുടെ വഴിമാറിപ്പോക്കിന് ഇതും ഇടയാക്കിയിരിക്കും. സ്വാതന്ത്ര്യാനന്തരം അധികാരമേറ്റെടുത്ത കോണ്‍ഗ്രസ് ബൂര്‍ഷ്വാ ജനാധിപത്യ വിപ്ലവത്തിന്റെ കടമ പൂര്‍ത്തീകരിക്കാനോ ജാതി വ്യവസ്ഥ അവസാനിപ്പിക്കാനോ തയ്യാറായില്ല. രാഷ്ട്രീയത്തില്‍ മതം ഇടപെടുന്നതൊഴിവാക്കലാണ് മതനിരപേക്ഷത എന്ന് അംഗീകരിക്കാന്‍പോലും കോണ്‍ഗ്രസ് തയ്യാറായില്ല. എല്ലാ ജാതി-മത ശക്തികളേയും പ്രീണിപ്പിച്ച് സ്വന്തം ഭരണാധികാരം നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് തയ്യാറായത്.

1957-ല്‍ ഇന്ത്യയിലാദ്യമായി കോണ്‍ഗ്രസിന്റേതിന് ബദലായ സാമ്പത്തികനയമുള്ള ഒരു പാര്‍ടി കേരളത്തില്‍ അധികാരത്തിലേറിയപ്പോള്‍ അതിനെതിരായി ജാതി-മത ശക്തികളുടെ നേതൃത്വത്തില്‍ തട്ടിക്കൂട്ടിയ "വിമോചന" സമരത്തില്‍ പങ്കാളിയായിനില്‍ക്കാനും വഴങ്ങി ജനാധിപത്യക്കശാപ്പ് നടത്താനും കോണ്‍ഗ്രസ് തയ്യാറായി. എണ്ണമറ്റ നവോത്ഥാന നായകര്‍ നടത്തിയ സമരങ്ങളിലൂടെ കേരളത്തില്‍ ഉയര്‍ന്നുവന്ന ജാതി വിരുദ്ധ മത നിരപേക്ഷ ചിന്താഗതിയുടെ വളര്‍ച്ച തടയുകയാണ് വിമോചന സമരത്തെ പിന്തുണയ്ക്കുന്നതിലൂടെ കോണ്‍ഗ്രസ് ചെയ്തത്. അവസാനം എന്‍എസ്എസ് സ്പോണ്‍സര്‍ ചെയ്ത എന്‍ഡിപിയും എസ്എന്‍ഡിപി സ്പോണ്‍സര്‍ചെയ്ത എസ്ആര്‍പിയും കോണ്‍ഗ്രസിനൊപ്പമിരുന്ന് കേരളം ഭരിക്കുന്ന സ്ഥിതിവരെ ഇവിടെയുണ്ടായി. ആഗോളവല്‍ക്കരണനയങ്ങള്‍ നടപ്പിലാക്കപ്പെട്ടുകഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലം കേരളം ഒട്ടേറെ മാറ്റങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. കേരളത്തിലെ ഇടത്തരക്കാരില്‍ ഒരു വിഭാഗം കൂടുതല്‍ സമ്പന്നരാവുകയും മറ്റൊരു വിഭാഗത്തിന് അങ്ങനെയാവാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടാവുകയും ചെയ്തിട്ടുണ്ട്. ദരിദ്ര ജനവിഭാഗങ്ങളില്‍ ഒരു വിഭാഗമാളുകള്‍ കൂടുതല്‍ ദരിദ്രരായി തീര്‍ന്നിട്ടുമുണ്ട്. ഇത് ജാതിമത രാഷ്ട്രീയത്തിന്റെ വളര്‍ച്ചയ്ക്ക് അനുപൂരകമായാണ് പ്രവര്‍ത്തിക്കുന്നു എന്ന് സൂക്ഷ്മമായി പരിശോധിച്ചാല്‍ കാണാനാവും.

നവ സമ്പന്ന വിഭാഗം സാമൂഹികമായ അംഗീകാരം നേടിയെടുക്കുന്നതിനായി ജാതി-മത സംഘടനകളിലേക്ക് ആകര്‍ഷിക്കപ്പെടുന്ന സ്ഥിതിയുണ്ട്. മറുഭാഗത്ത് കൂടുതല്‍ ദരിദ്രരായി മാറിക്കൊണ്ടിരിക്കുന്നവരാകട്ടെ തങ്ങളുടെ ദുഃസ്ഥിതിക്ക് ഉത്തരവാദികള്‍ തങ്ങള്‍ക്ക് മോചനമാര്‍ഗ്ഗം കാണിച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങളാണെന്ന് തെറ്റിദ്ധരിപ്പിക്കപ്പെടുകയും ചെയ്യുന്നു. ജാതി-മത രാഷ്ട്രീയ നേതൃത്വമാകട്ടെ ഈ സ്ഥിതിവിശേഷത്തെ തരാതരംപോലെ ഉപയോഗപ്പെടുത്തി സ്വാര്‍ത്ഥ താല്‍പര്യം സംരക്ഷിക്കുന്നതിനുവേണ്ടിയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. സമദൂരത്തില്‍നിന്ന് ശരിദൂരത്തിലേക്കും നിഷ്പക്ഷതാ നാട്യത്തിലേക്കുമൊക്കെ വ്യവസ്ഥാപിത ജാതി നേതൃത്വം ആടിക്കളിക്കുന്നത് സ്വാര്‍ത്ഥ താല്‍പര്യ സംരക്ഷണത്തിനല്ലാതെ മറ്റൊന്നിനുമല്ല. ഈ സംഘടനകളിലണിനിരക്കുന്ന സാധാരണ ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനായി, കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ സാമ്പത്തിക നയത്തിനെതിരായി ഒരു വരി പ്രസ്താവനപോലും ഇറക്കാന്‍ ഇവരാരും തയ്യാറാവാറില്ല എന്നത് വ്യക്തമാക്കുന്നത് ഇതാണ്.

കെ എ വേണുഗോപാലന്‍ chintha 270412

1 comment:

  1. മന്ത്രിസഭയില്‍ നടത്തിയ വകുപ്പു പുനര്‍ വിഭജനം, ലീഗിന് നല്‍കിയ അഞ്ചാം മന്ത്രിസ്ഥാനം എന്നിവയിലൂടെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവും വിശിഷ്യാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തങ്ങള്‍ ജാതി-മത ശക്തികളുടെ തടവറയിലാണെന്ന് ഒന്നുകൂടി വ്യക്തമാക്കിയിരിക്കുകയാണ്. ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം നല്‍കിയതിലൂടെ മന്ത്രിസഭയില്‍ മത ന്യൂനപക്ഷങ്ങളുടെ പ്രതിനിധികള്‍ക്ക് ഭൂരിപക്ഷം കിട്ടിയിരിക്കുന്നു എന്ന ആക്ഷേപത്തെ മറികടക്കാനാണ് മുഖ്യമന്ത്രിയുടെ കൈയിലിരുന്ന ആഭ്യന്തരം, ഈ ആക്ഷേപം ശക്തിയായി ഉന്നയിച്ച എന്‍ എസ് എസിെന്‍റ വത്സലപുത്രന്‍ തിരുവഞ്ചൂരിന് ഉമ്മന്‍ചാണ്ടി നല്‍കിയത്. പക്ഷേ അതുകൊണ്ട് എന്‍എസ്എസ് നേതൃത്വം അടങ്ങിയില്ല എന്നത് വേറെ കാര്യം. എന്‍എസ്എസിന്റെ വത്സലപുത്രന്‍ തിരുവഞ്ചൂരാണെന്ന് അദ്ദേഹം തെറ്റിദ്ധരിക്കുകയോ അല്ലെങ്കില്‍ അദ്ദേഹം തെറ്റിദ്ധരിപ്പിക്കപ്പെടുകയോ ആയിരുന്നു. ചെന്നിത്തലയ്ക്ക് ആഭ്യന്തരവകുപ്പോടെ ഉപ മുഖ്യമന്ത്രിപദവും പിന്നീട് മുഖ്യമന്ത്രിപദവും എന്നതായിരുന്നു എന്‍എസ്എസിെന്‍റ മനസ്സിലിരുപ്പ് എന്ന് മനസ്സിലായാലും മനസ്സിലാക്കിയതായി നടിക്കാന്‍ ഉമ്മന്‍ചാണ്ടിക്കാവില്ലല്ലോ

    ReplyDelete