Monday, April 23, 2012

കോഴിക്കോട് സര്‍വകലാശാലയില്‍ ലീഗിന്റെ അടിയന്തരാവസ്ഥ: വി എസ്


കോഴിക്കോട് സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറെ ഉപയോഗിച്ച് മുസ്ലിംലീഗ് അടിയന്തരാവസ്ഥ നടപ്പാക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്സ് സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി "ഇന്ത്യന്‍ നീതിവ്യവസ്ഥയുടെ സ്വകാര്യവല്‍ക്കരണം" സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോടതി ഉത്തരവിനെ മറയാക്കിയാണ് ഇവരുടെ വിളയാട്ടം. യുഡിഎഫ് അധികാരത്തില്‍ വന്നതുമുതല്‍ സര്‍വകലാശാലകളുടെ ജനാധിപത്യത്തെ തകര്‍ക്കുകയാണ്. മുഹമ്മദ്കോയ ഗവേഷണകേന്ദ്രത്തിന്റെ മറവില്‍ പത്തേക്കര്‍ സ്ഥലമാണ് സര്‍വകലാശാലവളപ്പില്‍ ലീഗിന് പതിച്ചു നല്‍കിയത്. വൈസ്ചാന്‍സലറുടെ ജനാധിപത്യവിരുദ്ധതക്കെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ ജീവനു ഭീഷണിയാണെന്നു കാണിച്ച് അദ്ദേഹം കോടതിയെ സമീപിച്ചു. സര്‍വകലാശാല കെട്ടിടത്തിനു നിശ്ചിതദൂരത്തില്‍ സമരം പാടില്ലെന്ന കോടതി ഉത്തരവിനെ മറയാക്കി ഫാസിസം നടപ്പാക്കുകയാണ് വിസിയും ലീഗുമെന്ന് വി എസ് പറഞ്ഞു.

ഭരണകൂടം തെറ്റായ നയം നടപ്പാക്കുമ്പോള്‍ പ്രതിഷേധിക്കുന്നത് ജനങ്ങളുടെ അവകാശമാണ്. പ്രതിഷേധങ്ങളെ തടയലാണ് ഇപ്പോള്‍ കോടതിരീതി. തങ്ങളെ വിമര്‍ശിക്കുന്നവരോടും കോടതി അസഹിഷ്ണുത കാണിക്കുന്നു. വിധിപ്രസ്താവങ്ങളില്‍ അപ്രസക്തരാഷ്ട്രീയവും ജഡ്ജിയുടെ രാഷ്ട്രീയാഭിപ്രായങ്ങളും അതിര് ലംഘിക്കുന്നത് സമീപകാലത്തെ പ്രവണതയാണ്. സ്വാശ്രയവിദ്യാഭ്യാസകച്ചവടം സംബന്ധിച്ച കേസുകളില്‍ കോടതി പലപ്പോഴും മുതല്‍മുടക്കുകാരന്റെ താല്‍പ്പര്യമാണ് സംരക്ഷിച്ചത്. നിലം നികത്തുന്ന പ്രശ്നങ്ങളിലുള്‍പ്പെടെ ഒട്ടേറെ വിഷയങ്ങളില്‍ ഇതേ രീതിയില്‍ വിധികളുണ്ടായി. ജഡ്ജിമാരില്‍ ചെറിയ വിഭാഗം അഴിമതിക്കാരുണ്ട്. സുപ്രീം കോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസിനെതിരായ ആരോപണത്തിലും കുഞ്ഞാലിക്കുട്ടി കോഴ കൊടുത്ത സംഭവത്തിലും ഇതു തെളിഞ്ഞതാണ്. ജനകീയസമരങ്ങളെ ദ്രോഹമായി മുദ്രകുത്തുന്നത് പഴയനിയമങ്ങളുടെ ഭാഗമാണ്. പുതിയ ബോധങ്ങള്‍ സൃഷ്ടിക്കാന്‍ പുതിയ നിയമങ്ങള്‍തന്നെ വേണമെന്ന് വി എസ് പറഞ്ഞു. സെമിനാറില്‍ കെ പി രാജേന്ദ്രന്‍ അധ്യക്ഷനായി.

deshabhimani

1 comment:

  1. കോഴിക്കോട് സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറെ ഉപയോഗിച്ച് മുസ്ലിംലീഗ് അടിയന്തരാവസ്ഥ നടപ്പാക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്സ് സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി "ഇന്ത്യന്‍ നീതിവ്യവസ്ഥയുടെ സ്വകാര്യവല്‍ക്കരണം" സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete