Monday, April 23, 2012

മണ്ണെണ്ണവിഹിതം വെട്ടിക്കുറയ്ക്കല്‍: തീരദേശം പട്ടിണിയിലേക്ക്


മണ്ണെണ്ണവിഹിതം സര്‍ക്കാര്‍ വെട്ടിക്കുറച്ചതിനെത്തുടര്‍ന്ന് തീരദേശം പട്ടിണിയിലേക്ക്. പൊതുവിപണിയില്‍ മണ്ണെണ്ണയ്ക്ക് പൊള്ളുന്ന വിലയായതോടെ മത്സ്യബന്ധനത്തിനിറങ്ങാന്‍ കഴിയാത്ത സ്ഥിതിയിലായി തൊഴിലാളികള്‍. അതേസമയം, റേഷന്‍കട വഴിമാത്രം വിതരണംചെയ്യേണ്ട നീലമണ്ണെണ്ണ കരിഞ്ചന്തയില്‍ വില്‍ക്കുന്നതായി കണ്ടെത്തി. പൊതുവിതരണ ശൃംഖല വഴിയുള്ള മണ്ണെണ്ണവിതരണത്തില്‍ ഏഴുശതമാനത്തിന്റെ കുറവാണ് ദേശീയതലത്തിലുണ്ടായത്. 37 ശതമാനത്തിന്റെ കുറവ് നേരിട്ട കേരളത്തിനാണ് ഇതില്‍ ഏറ്റവും കനത്ത ആഘാതം. എന്നാല്‍, ഡല്‍ഹിക്ക് 18 ശതമാനത്തിന്റെയും ഗുജറാത്തിന് എട്ടു ശതമാനത്തിന്റെയും വര്‍ധനയുണ്ടായി. മാര്‍ച്ചില്‍ 15590 കിലോലിറ്ററാണ് കേരളത്തിന് കിട്ടിയിരുന്നതെങ്കില്‍ ഏപ്രിലില്‍ വിഹിതം 10016 കിലോലിറ്ററായി കുറഞ്ഞു. എന്നാല്‍, അതുപോലും ശാസ്ത്രീയമായി വിതരണംചെയ്യാതെ കരിഞ്ചന്തയ്ക്ക് കൂട്ടുനില്‍ക്കുകയാണ് ഉദ്യേഗസ്ഥര്‍. എല്ലാ കാര്‍ഡുടമകള്‍ക്കും ഒരു ലിറ്റര്‍വീതം നല്‍കാന്‍ ഇപ്പോഴും കഴിയുമെങ്കിലും അരലിറ്ററായി അത് പരിമിതപ്പെടുത്തുകയായിരുന്നു.

വൈദ്യുതീകരിച്ച വീടുള്ളവര്‍ക്കും പാചകവാതക കണക്ഷനുള്ളവര്‍ക്കും മണ്ണെണ്ണവിതരണം പൂര്‍ണമായി നിര്‍ത്താനായിരുന്നു ആദ്യ തീരുമാനം. ലോഡ്ഷെഡിങ് പ്രഖ്യാപിച്ച് കേരളത്തെ ഇരുളിലാക്കിയതിനിടെ മണ്ണെണ്ണവിഹിതവും പൂര്‍ണമായി നിലച്ചത് ജനങ്ങളെ വലച്ചിരുന്നു. മണ്ണെണ്ണവിതരണത്തിലെ ഈ തിരിമറികള്‍ കരിഞ്ചന്തക്കാര്‍ക്ക് നേട്ടമായി. റേഷന്‍കടകളില്‍ 14.50 രൂപമാത്രം വിലയുള്ള മണ്ണെണ്ണ 100 രൂപയ്ക്കാണ് കരിഞ്ചന്തയില്‍ വില്‍ക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക വിഹിതമുണ്ടെങ്കിലും കണക്കുകള്‍ സമര്‍പ്പിച്ച് അത് വാങ്ങാന്‍ കേരളത്തിന് കഴിഞ്ഞില്ല. തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ സര്‍ക്കാരുകള്‍ സബ്സിഡി നല്‍കി 20 രൂപാ നിരക്കില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ വിതരണംചെയ്യുന്നുണ്ട്.

മണ്ണെണ്ണപ്രതിസന്ധി പരിഹരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ ഉപേക്ഷിക്കുകയായിരുന്നു. ലിറ്ററിന് 45 രൂപാ നിരക്കില്‍ ഐഒസിയില്‍നിന്ന് മണ്ണെണ്ണ വാങ്ങി 20 രൂപയ്ക്ക് മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണംചെയ്യാനാണ് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിരുന്നത്. ലിറ്ററിന് 25 രൂപ സര്‍ക്കാര്‍ സബ്സിഡി നല്‍കിയായിരുന്നു ഇത്. പദ്ധതിക്കായി 15 കോടി രൂപ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റില്‍ വകകൊള്ളിച്ചിരുന്നു. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ വന്നതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

deshabhimani 230412

No comments:

Post a Comment