Saturday, April 21, 2012

സാമ്പത്തിക പ്രതിസന്ധി രൂക്ഷം സ്പെയിനിലും ചെലവുചുരുക്കല്‍


മാഡ്രിഡ്: യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി സ്പെയിന്‍ കൂടുതല്‍ ചെലവുചുരുക്കല്‍ നടപടികളിലേക്ക്. ചെലവുചുരുക്കലിനും നിരക്ക് വര്‍ധനയ്ക്കുമായി 1300 കോടി ഡോളറിന്റെ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. രാജ്യത്തിന്റെ സാമ്പത്തികനില പരുങ്ങലിലാണെന്ന നിക്ഷേപകരുടെ ധാരണ തിരുത്താനും തങ്ങള്‍ പ്രതിസന്ധിയെ മികച്ച രീതിയില്‍ നേരിടുന്നെന്ന് ബോധ്യപ്പെടുത്താനുമാണ് തിരക്കിട്ട നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങിയത്.

ഖജനാവ് കാലിയാകുന്നതുകൊണ്ടാണ് കടുത്ത നടപടികളിലേക്ക് കടക്കുന്നതെന്ന് പ്രധാനമന്ത്രി മരിയാനോ റജോയ് മന്ത്രിസഭായോഗശേഷം പറഞ്ഞു. പൊതുസേവനങ്ങള്‍ക്ക് ചെലവിടാന്‍ ഇനി പണമൊന്നും ഇല്ലെന്നും കഴിഞ്ഞകാലത്ത് ഒട്ടേറെ പണം ചെലവിട്ടതുകൊണ്ടാണ് ഈ പ്രതിസന്ധി ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലാണ് സര്‍ക്കാര്‍ പ്രധാനമായും ചെലവുചുരുക്കല്‍ നടപടി പ്രഖ്യാപിച്ചത്. മരുന്നുകള്‍ക്ക് നല്‍കിയിരുന്ന ധനസഹായം നിര്‍ത്തലാക്കും. ഇതോടെ മരുന്നുവില ഗണ്യമായി ഉയരും. സര്‍വകലാശാലകളില്‍ പ്രവേശന ഫീസ് വര്‍ധിപ്പിക്കാനും നിര്‍ദേശം നല്‍കി. സ്കൂളുകളില്‍ വിദ്യാര്‍ഥി-അധ്യാപക അനുപാതം ഉയര്‍ത്താനും അധ്യാപകരുടെ ജോലിസമയം വര്‍ധിപ്പിക്കാനും തീരുമാനിച്ചു. സര്‍ക്കാരിന്റെ ചെലവുചുരുക്കല്‍ തീരുമാനത്തിനെതിരെ തൊഴിലാളി യൂണിയനുകള്‍ 29ന് പ്രതിഷേധ ദിനം ആചരിക്കാന്‍ ആഹ്വാനംചെയ്തിട്ടുണ്ട്.

സ്പെയിനില്‍ തദ്ദേശ ഭരണസ്ഥാപനങ്ങളാണ് വിദ്യാഭ്യാസവും ആരോഗ്യവും ഏറെയും കൈകാര്യംചെയ്യുന്നത്. ഭൂരിപക്ഷവും ഭരണകക്ഷിയായ പോപ്പുലര്‍ പാര്‍ടിയുടെതന്നെ നേതൃത്വത്തിലായതിനാല്‍ ഇവയില്‍നിന്ന് വലിയ പ്രതിഷേധം ഉയരാന്‍ ഇടയില്ല. ധനകമ്മി 2011ലെ 8.5 ശതമാനത്തില്‍നിന്ന് അടുത്തവര്‍ഷം മൂന്നു ശതമാനമാക്കി കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കമ്മി കുറയ്ക്കല്‍ നടപടിയുടെ ഭാഗമായി ഇതിനകം 5200 കോടി ഡോളറിന്റെ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴില്‍-സാമ്പത്തിക മേഖലകളില്‍ പരിഷ്കരണങ്ങള്‍ക്കും തുടക്കംകുറിച്ചു. എന്നാല്‍, ഈ നടപടികളെല്ലാം അമ്പേ പരാജയപ്പെട്ടെന്നാണ് വിലയിരുത്തല്‍. സ്പെയിനിന്റെ കടം വര്‍ധിച്ചുകൊണ്ടിരിക്കുകയുമാണ്. യൂറോപ്യന്‍ യൂണിയന്റെ ജാമ്യം തേടിയ ഗ്രീക്ക്, അയര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളുടെ പാതയിലാണ് സ്പെയിന്‍ എന്നാണ് റിപ്പോര്‍ട്ട്.

deshabhimani 210412

No comments:

Post a Comment