ഇറ്റലിക്കുവേണ്ടി സര്‍ക്കാര്‍
ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന ഇറ്റാലിയന്‍ സൈനികരെ രക്ഷിക്കാന്‍ സുപ്രീംകോടതിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഒത്തുകളി. ഇറ്റലിക്കാര്‍ക്കെതിരെ കേസെടുക്കാന്‍ കേരളത്തിന് അവകാശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചു. കേന്ദ്ര നിലപാടിനെ സുപ്രീംകോടതി പോലും വിമര്‍ശിച്ചെങ്കിലും കേരളത്തിന്റെ അഭിഭാഷകന് എം ടി ജോര്‍ജ് മൗനംപാലിച്ചു.
ഫെബ്രുവരി പതിനഞ്ചിന് മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസിലെ പ്രതികളായ ഇറ്റാലിയന്‍ സൈനികര്‍ ലസ്റ്റോറെ മാസ്സി മിലാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരെ രക്ഷിക്കുന്നതിനുള്ള വാദമാണ് കേന്ദ്രം സുപ്രിംകോടതിയില്‍ ഉന്നയിച്ചത്. കൊല്ലം മൂതാക്കര സ്ലംകോളനിയില് ജലസ്റ്റിന്‍ എന്ന വാലന്റൈന്‍ (45), കന്യാകുമാരി ജില്ലയിലെ ഇരയിമ്മന്‍തുറ സ്വദേശി സിങ്കു എന്നിവരാണ് മത്സ്യബന്ധനത്തിനിടെ എന്റിക്ക ലെക്സി എന്ന കപ്പലില്‍ നിന്നുള്ള വെടിയേറ്റ് മരിച്ചത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, നിയമവകുപ്പ് കൈകാര്യം ചെയ്യുന്ന ധനമന്ത്രി കെ എം മാണി, ഗ്രാമവികസനമന്ത്രി കെ സി ജോസഫ് എന്നിവര്‍ ഡല്‍ഹിയിലുള്ളപ്പോഴാണ് സുപ്രീംകോടതിയിലെ നാടകീയ നീക്കം. കെ എം മാണിയും കെ സി ജോസഫും പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് കേരളത്തിനു വേണ്ടി കോടതിയില്‍ ഹാജരാകേണ്ടിയിരുന്ന സ്റ്റാന്‍ഡിങ് കോണ്‍സല്‍ രമേശ്ബാബുവിനെ തിടുക്കത്തില്‍ ചുമതലയില്‍നിന്നു മാറ്റി എം ടി ജോര്‍ജിനെ നിയമമന്ത്രി കെ എം മാണി നിയോഗിക്കുകയായിരുന്നു. മാണിയും വിശ്വസ്തനായ ജോര്‍ജും വ്യാഴാഴ്ച രാത്രി കേരളാ ഹൗസില്‍ പ്രത്യേക കൂടിക്കാഴ്ചയും നടത്തി.
പൂജപ്പുര ജയിലില്‍ കഴിയുന്ന ഇറ്റാലിയന്‍ സൈനികരെ മോചിപ്പിക്കണമെന്നും കേസെടുക്കാന്‍ കേരളത്തിന് അവകാശമില്ലെന്നും ചൂണ്ടിക്കാട്ടി ഇറ്റലി സര്‍ക്കാരിന്റെ അഭിഭാഷകന് സുപ്രീംകോടതിയില്‍ ഹാജരായ ദിവസം തന്നെയാണ് സമാനമായ വാദം കേന്ദ്രം മുന്നോട്ടുവച്ചത്. പ്രതികളെ വിട്ടുകിട്ടാന്‍ വത്തിക്കാന്റെയും സോണിയയുടെയും സഹായം ഇറ്റാലിയന്‍ സര്‍ക്കാര്‍ നേരത്തെ തന്നെ തേടിയിരുന്നു.
കപ്പല്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് എന്റിക്ക ലെക്സി ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്ര അഭിഭാഷകന് വിഷയത്തില്‍ നിന്നു മാറി, കേരളാ പൊലീസ് എടുത്ത കേസിന്റെ ന്യായാന്യായങ്ങളിലേക്ക് കടന്നത്. കപ്പല്‍ വിട്ടുകൊടുക്കുന്ന കാര്യത്തില്‍ എല്ലാവരുടെയും അഭിപ്രായം കേട്ടശേഷം കോടതി തീരുമാനത്തിലേക്ക് കടക്കാനൊരുങ്ങുമ്പോള്‍ തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് അറിയിച്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരേന്‍ പി റാവല്‍ എഴുന്നേല്‍ക്കുകയായിരുന്നു. ഇറ്റാലിയന്‍ സൈനികര്‍ക്കെതിരെ കേസെടുക്കാന്‍ കേരളാ പൊലീസിന് അധികാരമില്ലെന്ന് റാവല്‍ പറഞ്ഞു. തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈലിനുള്ളില്‍ നടക്കുന്ന സംഭവങ്ങളില്‍ മാത്രമേ കേരളത്തിലെ പൊലീസ് സ്റ്റേഷനില്‍ കേസെടുക്കാനാകൂ. ഇവിടെ വെടിവയ്പ് നടന്നിരിക്കുന്നത് 20.5 നോട്ടിക്കല്‍ മൈല്‍ അകലെയാണ്- റാവല്‍ പറഞ്ഞു. കേരളം എടുത്ത കേസ് നിലനില്‍ക്കുന്നതല്ലെന്നാണോ പറയുന്നതെന്ന് ഈ ഘട്ടത്തില്‍ കോടതി ചോദിച്ചു. അതെ എന്ന് റാവല്‍ പ്രതികരിച്ചു.
സൈനികരെ രക്ഷിക്കുന്നതിനുള്ള കേന്ദ്രനീക്കം ബോധ്യപ്പെട്ട ജസ്റ്റിസുമാരായ ആര് എം ലോധ, എച്ച് എല്‍ ഗോഖലെ എന്നിവരുള്‍പ്പെട്ട ബെഞ്ച് ക്ഷോഭത്തോടെയാണ് പ്രതികരിച്ചത്. കേന്ദ്രം എന്തിനാണ് ഈ നിലപാട് സ്വീകരിച്ചതെന്ന് കോടതി ആരാഞ്ഞു. ഇത് പ്രതീക്ഷിച്ചതല്ല. മരിച്ചവര്‍ ഇന്ത്യക്കാരാണെന്നത് മറക്കരുത്. ശരിയായ നിലപാടല്ലിത്. കേന്ദ്രം ഇത്തരത്തില്‍ പറയുന്നത് ദൗര്‍ഭാഗ്യകരമാണ്. മാത്രമല്ല വെടിവയ്പ് എവിടെ നടന്നുവെന്നത് ഇപ്പോഴും തര്‍ക്കവിഷയമാണ്. 12 നോട്ടിക്കല്‍ മൈലെന്നും 20.5 നോട്ടിക്കല്‍ മൈലെന്നും വാദമുണ്ട്. ഇക്കാര്യം കൃത്യതയിലെത്തും മുമ്പ് എന്തിനാണ് ഈ നിലപാട്- കോടതി ആരാഞ്ഞു. ഹരേന്‍ റാവല്‍ ഇറ്റലിക്കായി വാദിക്കുമ്പോള്‍ സംസ്ഥാന സ്റ്റാന്‍ഡിങ് കോണ്‍സല്‍ എം ടി ജോര്‍ജ് മൗനംപാലിച്ചു. കേന്ദ്രനിലപാടിനെ സുപ്രീംകോടതി ശക്തമായി വിമര്‍ശിച്ചപ്പോള്‍ പോലും വാ തുറക്കാന്‍ സ്റ്റാന്‍ഡിങ് കോണ്‍സല്‍ തയ്യാറായില്ല. നാവികരുടെ വെടിയേറ്റു മരിച്ച വലന്റൈന്റെ ഭാര്യയും കേസില്‍ കക്ഷിയുമായ ഡോറയ്ക്കു വേണ്ടി ആരും ഹാജരാകാതിരുന്ന സാഹചര്യത്തില്‍ ഏപ്രില്‍ മുപ്പതിലേക്ക് കേസ് മാറ്റി.
(എം പ്രശാന്ത്)
കടലിലെ വെടിവയ്പ്: തുടക്കംമുതല്‍ യുഡിഎഫ് കൊലയാളികള്‍ക്കൊപ്പം
മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ സൈനികരെ രക്ഷിക്കാന്‍ തുടക്കംമുതല്‍ സര്‍ക്കാര്‍ വഴിവിട്ട് പ്രവര്‍ത്തിച്ചു. പ്രതികള്‍ക്ക് എല്ലാ സൗകര്യവും ഒരുക്കിക്കൊടുത്ത യുഡിഎഫ് സര്‍ക്കാര്‍ കേസ് ദുര്‍ബലമാക്കാനുള്ള നീക്കമാണ് നടത്തിയത്. ഇറ്റലിക്കാരുടെ വാദം സാധൂകരിക്കുംവിധം എഫ്ഐആറും തയ്യാറാക്കി. പിറവത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലായിരുന്നെങ്കില്‍ കൊലയാളികള്‍ ഇപ്പോഴും ഗസ്റ്റ്ഹൗസിലെ സൗകര്യങ്ങളില്‍ പഞ്ചനക്ഷത്രഭക്ഷണം കഴിച്ച് താമസിക്കുമായിരുന്നു. ഇറ്റലിക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും യുഡിഎഫ് മന്ത്രിമാരുടെയും കാപട്യമാണ് ഇപ്പോള്‍ പുറത്തുവന്നത്.
നിരായുധരായ രണ്ടു തൊഴിലാളികളെ വെടിവച്ചുകൊന്ന് നാലുദിവസത്തിനുശേഷമാണ് കൊലയാളികളെ പൊലീസ് അറസ്റ്റുചെയ്തത്. ഇറ്റാലിയന്‍ കപ്പല്‍ പരിശോധിച്ച് തോക്ക് കസ്റ്റഡിയിലെടുക്കുന്നതാകട്ടെ പത്തുനാള്‍ കഴിഞ്ഞും. കൊലക്കേസ് പ്രതികളെ ജയിലിലയക്കുന്നത് തടയാന്‍ സംസ്ഥാനസര്‍ക്കാര്‍ ആവുന്നതു ശ്രമിച്ചു. 15 ദിവസം പ്രതികള്‍ കൊച്ചിയിലെ സിഐഎസ്എഫ് ഗസ്റ്റ്ഹൗസില്‍ സുഖമായി കഴിഞ്ഞു. ഫെബ്രുവരി 15നാണ് മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്നത്. 19നാണ് രണ്ടു സൈനികരെ അറസ്റ്റ് ചെയ്യുന്നത്. 20ന് പ്രതികളെ കരുനാഗപ്പള്ളി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ടിന്റെ വസതിയില്‍ ഹാജരാക്കി. അവധിദിവസമായിട്ടും അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ വരുത്തിയശേഷം ഹാജരാക്കുന്ന അസാധാരണനടപടിയാണ് പൊലീസില്‍നിന്നുണ്ടായത്. സാധാരണയായി വസതിയില്‍ ഹാജരാക്കിയാല്‍ ജയിലിലേക്ക് അയക്കുകയും അടുത്ത ദിവസം വീണ്ടും കോടതിയില്‍ ഹാജരാക്കുകയുമാണ് പതിവ്. ഇറ്റലിക്കാരെ ജയിലിലയച്ചുകൂടെന്ന കര്‍ശനിര്‍ദേശം പൊലീസിന് ലഭിച്ചിരുന്നു. അന്നുതന്നെ പ്രതികളെ ഫെബ്രുവരി 23വരെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി കൊച്ചിയിലെ ഗസ്റ്റ്ഹൗസില്‍ സുഖവാസത്തിനു വിട്ടു. 23ന് ഏഴുദിവസത്തേക്കുകൂടി കസ്റ്റഡി നീട്ടിവാങ്ങി. മാര്‍ച്ച് ഒന്നിന് വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടുകയും മാര്‍ച്ച് അഞ്ചുവരെ ഗസ്റ്റ്ഹൗസില്‍ പാര്‍പ്പിക്കുകയുംചെയ്തു.
അടിക്കടി കസ്റ്റഡിയില്‍ വാങ്ങി അതിഥിമന്ദിരത്തില്‍ സുഖവാസത്തിന് അവസരമൊരുക്കിയതിനെതിരെ പ്രതിഷേധമുയര്‍ന്നതോടെയാണ് സര്‍ക്കാര്‍ പിന്തിരിഞ്ഞത്. മാര്‍ച്ച് അഞ്ചിന് പ്രതികളെ പ്രത്യേക സൗകര്യങ്ങളോടെ പൂജപ്പുര ജയിലിലേക്ക് മാറ്റി. ഉപതെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരെ വികാരമുയരുന്നത് തടയുകമാത്രമായിരുന്നു ഇതിന്റെ ലക്ഷ്യം.
കപ്പല്‍ പരിശോധിക്കുന്നതിലും തോക്ക് കണ്ടെടുക്കുന്നതിലും യുഡിഎഫ് സര്‍ക്കാര്‍ ഇതേ കള്ളക്കളിയാണ് നടത്തിയത്. ഫെബ്രുവരി 24ന് കപ്പല്‍ പരിശോധിക്കാന്‍ നിശ്ചയിച്ചെങ്കിലും നാടകീയമായി 25ലേക്ക് മാറ്റി. ഇറ്റാലിയന്‍ സൈനികസംഘത്തിന്റെ ആവശ്യപ്രകാരമായിരുന്നു മാറ്റം. കേസില്‍ നിര്‍ണായക തെളിവാകേണ്ട തോക്ക് കസ്റ്റഡിയിലെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളിച്ചു. ഫെബ്രുവരി 25നാണ് തോക്ക് കസ്റ്റഡിയിലെടുത്തത്. തെളിവുകള്‍ നശിപ്പിക്കാന്‍ ഇറ്റലിക്കാര്‍ക്ക് സര്‍ക്കാര്‍ അവസരം നല്കി. പ്രത്യേക അന്വേഷണസംഘത്തോടൊപ്പം ഇറ്റാലിയന്‍ സൈനികസംഘം വെടിവയ്പിനിരയായ മത്സ്യബന്ധനബോട്ട് പരിശോധിച്ചത് അമ്പരപ്പിക്കുന്ന നടപടിയായിരുന്നു.
ഇന്ത്യന്‍ ശിക്ഷാനിയമം ലംഘിച്ച് നടത്തിയ പരിശോധനയ്ക്ക് സര്‍ക്കാര്‍ ഒത്താശചെയ്തു. ഇറ്റാലിയന്‍ കപ്പല്‍ വിട്ടുകൊടുക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടപ്പോള്‍ അതിനെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. മൂന്നു കോടി രൂപയുടെ ബോണ്ട് നല്കി ഇന്ത്യന്‍ തീരം വിടാനാണ് അനുമതി നല്‍കിയത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ഇതിനെതിരെ ഡിവിഷന് ബെഞ്ചിനെ സമീപിച്ചു. ആക്ടിങ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്തു. അപ്പീല്‍ സമര്‍പ്പിക്കാത്തതെന്തെന്ന് സര്‍ക്കാരിനോട് ആരാഞ്ഞ ഹൈക്കോടതി 50 രൂപയുടെ മുദ്രപ്പത്രത്തില്‍ നല്കുന്ന മൂന്നു കോടിയുടെ ബോണ്ടിന് എന്ത് നിയമസാധുതയാണുള്ളതെന്നും ചോദിച്ചു.
(കെ എം മോഹന്‍ദാസ്)
വെടിവയ്പ് ഇന്ത്യന്‍ അതിര്‍ത്തിയിലെന്ന് കേന്ദ്രവും പറഞ്ഞിരുന്നു
ഇറ്റാലിയന്‍ സൈനികര്‍ പ്രതികളായ കടല്‍ വെടിവയ്പ്കേസില്, വെടിവയ്പ് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലല്ലെന്ന കേന്ദ്രനിലപാട് കേന്ദ്രസര്‍ക്കാര്‍തന്നെ ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിനു കടകവിരുദ്ധം. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ ഇറ്റാലിയന്‍ സൈനികര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനു മറുപടിയായാണ് സംഭവം നടന്നത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലാണെന്നും കപ്പലിനുള്ളിലെ വാര്‍ത്താ വിനിമയ ഉപകരണങ്ങളില്‍നിന്ന് ഇക്കാര്യം വ്യക്തമാവുന്നുണ്ടെന്നും കോസ്റ്റ്ഗാര്‍ഡിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി വാദം പൂര്‍ത്തിയാക്കി വിധി പറയാനിരിക്കേ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ മലക്കംമറിഞ്ഞത് നിയമവൃത്തങ്ങളില്‍ അമ്പരപ്പുളവാക്കി.
വെടിവയ്പ് നടന്നത് ഇന്ത്യന്‍ സമുദ്രാതിര്ത്തിക്കുള്ളില്ത്തന്നെയാണെന്ന് സംസ്ഥാനസര്‍ക്കാര്‍ രേഖാമൂലം കോടതിയെ അറിയിക്കുകയും ഗൂഗിള്‍ മാപ്പ് അടക്കം ഹാജരാക്കി ഇക്കാര്യം കോടതിയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവര്‍ ഇന്ത്യന്‍ പൗരന്മാരായതിനാല് പ്രതികളായ ഇറ്റാലിയന്‍ സൈനികരെ കൊലക്കുറ്റത്തിന് വിചാരണചെയ്യാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്നും സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. ഈ ഘട്ടത്തിലൊന്നും കേസ് നിയമപരമായി നിലനില്ക്കുന്നതല്ലെന്നോ, സംസ്ഥാനസര്‍ക്കാര്‍ വാദം തെറ്റെന്നോ കേന്ദ്രം കോടതിയില്‍ നിലപാട് എടുത്തിരുന്നില്ല. വെടിവയ്പ്കേസില് ഉള്‍പ്പെട്ട ഇറ്റാലിയന്‍ കപ്പല്‍ "എന്റിക ലെക്സി" ഉപാധികളോടെ വിട്ടുനല്‍കാവുന്നതാണെന്ന് കേന്ദ്ര ഷിപ്പിങ് ഡയറക്ടറുടെയും മെര്‍ക്കന്റയില്‍ മറൈന്‍ വിഭാഗത്തിന്റെയും അഭിപ്രായപ്രകടനങ്ങള്‍ മാത്രമാണ് സംസ്ഥാനസര്‍ക്കാരിന്റെ നിലപാടില്‍നിന്ന് വ്യത്യസ്തമായി ഹൈക്കോടതിയില്‍ കേന്ദ്രം സ്വീകരിച്ചത്.
മാസങ്ങളോളം ഹൈക്കോടതിയില്‍ വിചാരണ നടന്ന കേസില്‍ ആ ഘട്ടത്തിലൊന്നും എടുക്കാതിരുന്ന നിലപാട് കേന്ദ്രം ഇപ്പോള്‍ സ്വീകരിച്ചത് രാഷ്ട്രീയ ഇടപെടല്‍മൂലമാണെന്ന അഭിപ്രായത്തിലാണ് നിയമവൃത്തങ്ങളും. അതിനിടെ മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്ന നിലപാടുമായി ഇറ്റാലിയന്‍ സര്‍ക്കാര്‍ വെള്ളിയാഴ്ച പെട്ടെന്ന് ഹൈക്കോടതിയെ സമീപിച്ചതും കേന്ദ്രസര്‍ക്കാരുമായുള്ള ധാരണയെത്തുടര്ന്നാണെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. കപ്പല്‍ കമ്പനി ഇത്തരത്തിലൊരു നിലപാട് ഇതുവരെ എടുക്കാതിരിക്കുമ്പോഴാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ പുതിയ ഒത്തുതീര്‍പ്പ് നിര്‍ദേശവുമായി വന്നത് എന്നതാണ് സംശയത്തിനിടയാക്കുന്നത്.
(അഡ്വ. പി പി താജുദ്ദീന്)
ഒത്തുകളി ആസൂത്രിതം; ഗൂഢാലോചന വ്യക്തം
മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന ഇറ്റാലിയന്‍ സൈനികരുടെ മോചനം ഉറപ്പാക്കാന്‍ കഴിഞ്ഞ ദിവസങ്ങളില്ഡല്ഹിയില് അരങ്ങേറിയത് ആസൂത്രിത ഗൂഢാലോചന. കോണ്‍ഗ്രസിന്റെ കേന്ദ്ര-സംസ്ഥാന നേതൃത്വവും കേരള കോണ്‍ഗ്രസ് നേതൃത്വവും ഇറ്റാലിയന്‍ അധികൃതരും ഇതില്‍ സജീവ പങ്കാളികള്‍. കേസ് സുപ്രീംകോടതി പരിഗണിക്കുന്നതിന് മുമ്പ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുടെ വസതി കേന്ദ്രീകരിച്ച് തിരക്കിട്ട കൂടിയാലോചനകള്‍ നടന്നു.
ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് കോണ്‍ഗ്രസ് അധ്യക്ഷയെ ആദ്യം കണ്ടത്. തുടര്‍ന്ന് വ്യാഴാഴ്ച മന്ത്രി കെ സി ജോസഫും നിയമമന്ത്രി കെ എം മാണിയും സോണിയയുമായി പ്രത്യേകം ചര്‍ച്ച നടത്തി. എന്തൊക്കെ ചര്‍ച്ചചെയ്തെന്ന് വിശദീകരിക്കാന്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം കെ എം മാണി തയ്യാറായില്ലെന്നതും ശ്രദ്ധേയം. സ്റ്റാന്‍ഡിങ് കൗണ്‍സല്‍ എം ആര് രമേശ് ബാബുവിനെയാണ് അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി ചുമതലപ്പെടുത്തിയിരുന്നത്. ഇതുപ്രകാരം രമേശ്ബാബു കോടതി രജിസ്ട്രാറെ കണ്ട് താനാണ് ഹാജരാകുന്നതെന്ന് അറിയിച്ചിരുന്നു. കേസില്‍ കേരളത്തിന്റെ വാദമുഖങ്ങള്‍ അവതരിപ്പിക്കാന്‍ രമേശ്ബാബു തയ്യാറെടുക്കവെയാണ് അണിയറയില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നാടകീയ നീക്കങ്ങള്‍. സോണിയയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സ്റ്റാന്‍ഡിങ്കൗണ്‍സല്‍ എം ടി ജോര്‍ജിനെ മന്ത്രി കെ എം മാണി കേരളഹൗസിലേക്ക് വിളിപ്പിച്ചു. കേസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് കേസിന്റെ ചുമതല ജോര്‍ജിനെ ഏല്‍പ്പിച്ച് ദണ്ഡപാണിയുടെ സന്ദേശം വെള്ളിയാഴ്ച കേസ് പരിഗണിക്കുന്നതിന് തൊട്ടുമുമ്പായി എത്തി. വെള്ളിയാഴ്ചപോലും കേസ് പഠിക്കുന്നതിന്റെ തിരക്കിലായിരുന്ന രമേശ്ബാബു കേസ് പരിഗണിക്കുന്നതിന് തൊട്ടുമുമ്പ് മാത്രമാണ് തന്നെ നീക്കിയ വിവരമറിഞ്ഞത്.
അതേസമയം, പ്രത്യേക സത്യവാങ്മൂലമൊന്നും കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് കേന്ദ്ര കപ്പല്‍കാര്യമന്ത്രാലയം അറിയിച്ചു. കോടതിയില്‍ എന്തു പറയണമെന്ന് അഭിഭാഷകനോട് നിര്‍ദേശിച്ചിട്ടില്ലെന്ന് സംഭവം വിവാദമായ പശ്ചാത്തലത്തില്‍ മന്ത്രാലയം ഡല്‍ഹിയില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
സര്‍ക്കാരുകളുടെ നിലപാടുമാറ്റം കൊടുംക്രൂരത: വാലന്റൈന്റെ കുടുംബം
"പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാന്‍ ആരുമില്ല. എന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയവരെ രക്ഷപ്പെടുത്താനാണ് രാജ്യം ഭരിക്കുന്നവര്‍ക്ക് താല്‍പ്പര്യം. ഞങ്ങടെ ജീവിതം വഴിമുട്ടി"- ഡോറയുടെ വാക്കുകള്‍ ഇടറി, കണ്ണുകള്‍ നിറഞ്ഞൊഴുകി. പപ്പയെ വെടിവച്ചുകൊന്ന ഇറ്റാലിക്കാര്ക്കുവേണ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിലപാട് മാറ്റിയത് കൊടുംവഞ്ചനയാണെന്ന് കൊല്ലപ്പെട്ട വാലന്റൈന്റെ മകന് ഡെറിക്കും (18) പറഞ്ഞു. ഇറ്റാലിയന്‍ സൈനികര്‍ക്കെതിരെ കേസെടുക്കാന്‍ കേരളത്തിന് അധികാരമില്ലെന്നും സംഭവം നടന്നത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് വെളിയിലാണെന്നും സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ വാദം ഉന്നയിച്ചതിനോട് പ്രതികരിക്കുകയായിരുന്നു ഇരുവരും. ഭര്‍ത്താവിനെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ സൈനികര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭ്യമാക്കുമെന്ന കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരുടെ ഉറപ്പ് പാഴായെന്നും ഡോറ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ തൊഴിലിനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫിഷറീസ് കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി 28ന് സംഘടിപ്പിക്കുന്ന മനുഷ്യസാഗരത്തില്‍ കുടുംബസമേതം പങ്കെടുക്കുമെന്നും അവര്‍ വ്യക്തമാക്കി.
deshabhimani 210412

മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ സൈനികരെ രക്ഷിക്കാന്‍ തുടക്കംമുതല്‍ സര്‍ക്കാര്‍ വഴിവിട്ട് പ്രവര്‍ത്തിച്ചു. പ്രതികള്‍ക്ക് എല്ലാ സൗകര്യവും ഒരുക്കിക്കൊടുത്ത യുഡിഎഫ് സര്‍ക്കാര്‍ കേസ് ദുര്‍ബലമാക്കാനുള്ള നീക്കമാണ് നടത്തിയത്. ഇറ്റലിക്കാരുടെ വാദം സാധൂകരിക്കുംവിധം എഫ്ഐആറും തയ്യാറാക്കി. പിറവത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലായിരുന്നെങ്കില്‍ കൊലയാളികള്‍ ഇപ്പോഴും ഗസ്റ്റ്ഹൗസിലെ സൗകര്യങ്ങളില്‍ പഞ്ചനക്ഷത്രഭക്ഷണം കഴിച്ച് താമസിക്കുമായിരുന്നു. ഇറ്റലിക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും യുഡിഎഫ് മന്ത്രിമാരുടെയും കാപട്യമാണ് ഇപ്പോള്‍ പുറത്തുവന്നത്.
ReplyDeleteകൊച്ചി: കടലിലെ വെടിവെപ്പ് കേസില്‍ കേന്ദ്രസര്‍ക്കാറിന്റെ നിലപാടല്ല അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ വെള്ളിയാഴ്ച തന്നെ അറ്റോര്‍ണി ജനറലിനെക്കണ്ട് സംസ്ഥാനത്തിന്റെ പ്രതിഷേധമറിയച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ReplyDeleteനിയമമന്ത്രിയുമായി ആലോചിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. കേസുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ഇനി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരണ്‍ പി റാവലിനെ നിയോഗിക്കരുതെന്ന് കേന്ദ്ര നിയമമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ത്തൊഴിലാളികളെ വെടിവെച്ച് കൊന്ന കേസില്‍ സുപ്രീം കോടതിയില്‍ കേന്ദ്രം നിലപാട് മാറ്റിയതിന് പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടലില്ലെന്ന് വീരപ്പ മൊയ് ലി. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സ്വന്തം അഭിപ്രായമാണ് കോടതിയില്‍ പറഞ്ഞത്. കേന്ദ്രസര്‍ക്കാരുമായി ആലോചിക്കാതെയാണ് അദ്ദേഹം കോടതിയില്‍ അഭിപ്രായപ്രകടനം നടത്തിയതെന്നും മൊയ് ലി അവകാശപ്പെട്ടു. 30ന് നടക്കുന്ന വിചാരണയില്‍ സോളിസിറ്റര്‍ ജനറല്‍ പ്രകടിപ്പിച്ചത് വ്യക്തിപരമായ അഭിപ്രായമെന്ന് തിരുത്തുമെന്നും മൊയ് ലി പറഞ്ഞു.
ReplyDeleteസുപ്രീംകോടതിയില്‍ കേന്ദ്രത്തിന്റെ നിലപാട് മാറ്റത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്നത്. സുപ്രീം കോടതി തന്നെ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഗത്യന്തരമില്ലാതെയാണ് കോണ്‍ഗ്രസ് അഡീഷണല്‍ സോളിസിറ്ററെ തള്ളിപ്പറയാന്‍ തയ്യാറാവുന്നത്.