Tuesday, April 24, 2012

ഭൂമികുംഭകോണം; മുഖ്യമന്ത്രി പ്രതികരിക്കാത്തത് ദുരൂഹമെന്ന് വിഎസ്


കലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഭൂമികുംഭകോണം സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണോയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. സര്‍വ്വകലാശാലയുടെ 40 ഏക്കറോളം ഭൂമി പാണക്കാട് തങ്ങള്‍, മന്ത്രിമാരായ കുഞ്ഞാലിക്കുട്ടി, മുനീര്‍ എന്നിവരുടെ ബന്ധുക്കള്‍ ചെയര്‍മാന്‍മാരായ സ്വകാര്യ ട്രസ്റ്റുകള്‍ക്ക് നല്‍കിയത് ഒന്നാം ഘട്ടമാണെന്നും ഇനിയും ഭൂമി നല്‍കുമെന്നുമാണ് പുറത്തുവന്ന വിവരം. ഇത്രയും വലിയ ഭൂമികുംഭകോണ വാര്‍ത്ത പുറത്തുവന്നിട്ടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിക്കാത്തത് ദുരൂഹമാണെന്നും വിഎസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സര്‍വ്വകലാശാല കാമ്പസില്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് ഭൂമി നല്‍കുകയെന്നത് യുജിസി നയത്തിന്റെ ഭാഗമാണെന്നാണ് വൈസ് ചാന്‍സലര്‍ പറയുന്നത്. സര്‍വ്വകലാശാല ഭൂമി അന്യാധീനപ്പെടുത്തുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും വി എസ് പറഞ്ഞു. സര്‍വ്വകലാശാലയുടെ ഒരിഞ്ച് ഭൂമിയും സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാന്‍ അനുവദിക്കില്ല. വിദ്യാഭ്യാസ വകുപ്പ് ലീഗിന് തീറെഴുതിക്കൊടുത്തതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ കോണ്‍ഗ്രസിനെ ലീഗിന്റെ തൊഴുത്തില്‍ കെട്ടിയപോലെയല്ല ഭൂമികുംഭകോണമെന്നും വിഎസ് പറഞ്ഞു.

മാര്‍ച്ച് 28ന് ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗം 36 സ്വാശ്രയകോളേജുകള്‍ക്ക് അഫിലിയേഷന്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നു. കേരള ചരിത്രത്തില്‍ ഇത്രയധികം കോളേജുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടില്ല. ഇത് സര്‍ക്കാര്‍ നയമാണോ എന്നും മുഖ്യമന്ത്രി വ്യക്തമാക്കണം. കോണ്‍ഗ്രന്റയും ലീഗിന്റെയും വെടിനിര്‍ത്തല്‍ പ്രഖ്യാപനം ജനങ്ങളുടെ കണ്ണില്‍ പൊടിയിടലാണെന്നും വി എസ് വ്യക്തമാക്കി. പരസ്യപ്രസ്താവനകള്‍ പാടില്ലെന്ന് കെപസിസി പ്രസിഡന്റ് പറഞ്ഞിട്ടും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ പരസ്യപ്രസ്താവനകളുമായി രംഗത്തുണ്ട്.

തിങ്കളാഴ്ച അന്തരിച്ച നവോദയ അപ്പച്ചന്റെ നിര്യാണത്തില്‍ വി എസ് അനുശോചനം രേഖപ്പെടുത്തി.

deshabhimani 240412

1 comment:

  1. കലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഭൂമികുംഭകോണം സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണോയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. സര്‍വ്വകലാശാലയുടെ 40 ഏക്കറോളം ഭൂമി പാണക്കാട് തങ്ങള്‍, മന്ത്രിമാരായ കുഞ്ഞാലിക്കുട്ടി, മുനീര്‍ എന്നിവരുടെ ബന്ധുക്കള്‍ ചെയര്‍മാന്‍മാരായ സ്വകാര്യ ട്രസ്റ്റുകള്‍ക്ക് നല്‍കിയത് ഒന്നാം ഘട്ടമാണെന്നും ഇനിയും ഭൂമി നല്‍കുമെന്നുമാണ് പുറത്തുവന്ന വിവരം. ഇത്രയും വലിയ ഭൂമികുംഭകോണ വാര്‍ത്ത പുറത്തുവന്നിട്ടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിക്കാത്തത് ദുരൂഹമാണെന്നും വിഎസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete