Monday, April 16, 2012

ലാംപ്സ് അട്ടിമറിച്ചത് സങ്കുചിതം മാലിന്യപ്രശ്നം പരിഹരിക്കാത്തത് ക്രൂരത: സിപിഐ എം


നഗരമാലിന്യ വിഷയത്തില്‍ നഗരവാസികളോട് കോര്‍പറേഷന്‍ കാട്ടുന്ന ക്രൂരതക്കെതിരെ ജനമനഃസാക്ഷി ഉണരണമെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി അഭ്യര്‍ഥിച്ചു. മൂന്നുമാസമായി നഗരത്തിലെ മാലിന്യനീക്കം നിലച്ചിരിക്കയാണ്. പൊതുസ്ഥലങ്ങളിലും വഴിയോരങ്ങളിലും മാലിന്യം കുന്നുകൂടി. ആരോഗ്യവകുപ്പ് തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ഭരണനേതൃത്വം അനങ്ങുന്നില്ല. തൃശൂര്‍ പൂരവും മഴക്കാലവും മുന്നില്‍ക്കണ്ട് മാലിന്യം ലാലൂരില്‍ തള്ളാനുള്ള സൂത്രപ്പണികളാണ് ഇപ്പോള്‍ നടക്കുന്നത്. എല്ലാവരും അംഗീകരിച്ച വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിലധിഷ്ഠിതമായ ലാംപ്സ് പദ്ധതി അട്ടിമറിച്ച ഇക്കൂട്ടര്‍ ഇപ്പോള്‍ പുതിയ നയങ്ങളോ നിലപാടുകളോ ഇല്ലാതെ ഇരുട്ടില്‍ തപ്പുന്നു. മാലിന്യ പ്രശ്നത്തിന്റെ പേരുപറഞ്ഞ് ജനത്തെ തെറ്റിദ്ധരിപ്പിച്ച് അധികാരത്തില്‍ വന്ന യുഡിഎഫ് ഒന്നരവര്‍ഷം പിന്നിട്ടിട്ടും ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് മാത്രമല്ല വികേന്ദ്രീകൃത മാലിന്യസംസ്കരണ പദ്ധതി അട്ടിമറിക്കാന്‍ കരാറുകാരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുകയാണ്. ജനങ്ങളില്‍നിന്നും ഭരണകക്ഷിയില്‍തന്നെയും ഒറ്റപ്പെട്ട നിലയിലാണ് മേയറും കൂട്ടരും. ഇതില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് ലാലൂരിലെ മാലിന്യമല നീക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐ എമ്മിനെതിരെ ആക്ഷേപം ചൊരിയുന്നത്.

കേന്ദ്ര-സംസ്ഥാന-കോര്‍പറേഷന്‍ ഭരണത്തിന് നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസ് കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. ഭരണ സംവിധാനമാകെ സംയോജിപ്പിച്ച് പ്രശ്നം പരിഹരിക്കാനുള്ള ആര്‍ജവം ഡിസിസി നേതൃത്വം കാണിക്കണം. ഉത്തരവാദിത്വം കോര്‍പറേഷന്‍ ഭരണാധികാരികളിലെ ചിലരില്‍ മാത്രം ഒതുക്കി നിര്‍ത്താതെ സ്ഥലം എംഎല്‍എയും ജില്ലാ ഭരണനേതൃത്വവും പുറംതിരിഞ്ഞുനില്‍പ്പ് അവസാനിപ്പിക്കണം. തൃശൂര്‍ പൂരത്തിനും അവധിക്കാലത്തും ജനലക്ഷങ്ങളാണ് നഗരത്തിലെത്തുക. മഴ എപ്പോള്‍ വേണമെങ്കിലും വന്നുപെടാം. അടിയന്തരമായി എല്ലാ വിഭാഗം ജനങ്ങളെയും വിളിച്ചുചേര്‍ത്ത് പ്രശ്നം പരിഹരിക്കണം. മുന്‍വിധികളില്ലാത്ത ക്രിയാത്മകമായ പിന്തുണ സിപിഐ എമ്മിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ പറഞ്ഞു. സൂത്രപ്പണികൊണ്ട് നഗരവാസികളെയും ലാലൂര്‍ ജനതയെയും വഞ്ചിക്കാനാണ് ശ്രമമെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് സിപിഐ എം നിര്‍ബന്ധിതമാകുമെന്നും അദ്ദേഹം പറഞ്ഞു.

ലാലൂരിലെ മാലിന്യമല നീക്കണം

തൃശൂര്‍: ലാലൂരില്‍ പതിറ്റാണ്ടുകളായി തള്ളിയ മാലിന്യം നീക്കം ചെയ്യണമെന്നുതന്നൊണ് സിപിഐ എം ആവശ്യപ്പെടുന്നതെന്ന് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ഇത് ആദ്യം ആവശ്യപ്പെട്ടത് സിപിഐ എമ്മാണ്. മുന്‍ഭരണസമിതിയുടെ കാലത്തും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ദൗര്‍ഭാഗ്യവശാല്‍ മാലിന്യം നീക്കം ചെയ്യല്‍ തടയുന്നത് പതിവായി. കോണ്‍ഗ്രസ്-യുഡിഎഫ് നേതൃത്വം ഇത് പ്രോത്സാഹിപ്പിച്ചു. വികേന്ദ്രീകൃത മാലിന്യ സംസ്കരണ കേന്ദ്രങ്ങളായി നിശ്ചയിക്കപ്പെട്ടിടത്തും എതിര്‍പ്പുകള്‍ ഉയര്‍ത്തിവിട്ടു. മുന്നൊരുക്കമില്ലാതെ രാത്രിയും മറ്റും മാലിന്യം തള്ളുന്നത് പ്രദേശവാസികളുടെ എതിര്‍പ്പിനിടയാക്കുന്നുണ്ട്. നീര്‍ത്തടങ്ങളിലും കോള്‍പാടങ്ങളിലും ജനവാസമേഖലകളിലും മാലിന്യം തള്ളുന്നത് അപലപനീയമാണ്. ഇതിനെ എതിര്‍ക്കുന്ന പൊതുസമൂഹത്തോടൊപ്പം സിപിഐ എം പ്രവര്‍ത്തകരും ഉണ്ടാകുന്നത് സ്വാഭാവികം.

ഏകപക്ഷീയമായ മാലിന്യം തള്ളലിനെ പ്രതിരോധിക്കാന്‍ വ്യാപാരികളും യുഡിഎഫ് -കോണ്‍ഗ്രസ് നേതാക്കളുമൊക്കെ രംഗത്തുവന്നത് സിപിഐ എം പ്രേരണയിലാണോ എന്ന് കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കണം. പൊതുസമൂഹത്തിന് ദ്രോഹം ഉണ്ടാകാത്തവിധം ചര്‍ച്ചകള്‍ നടത്തി ജനത്തെ വിശ്വാസത്തിലെടുത്താണ് ലാലൂരിലെ മാലിന്യം നീക്കേണ്ടത്. ആദ്യഘട്ടത്തില്‍ കോര്‍പറേഷന്‍ പരിധിയിലെ തന്നെ തെരഞ്ഞെടുക്കപ്പെട്ട ജനസാന്ദ്രത കുറഞ്ഞ കേന്ദ്രങ്ങളിലേക്ക് മാലിന്യം നീക്കണം. അതിനുശേഷമേ മറ്റുപ്രദേശങ്ങളിലേക്ക് കൊണ്ടുപോകാവൂ. പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പാക്കി ജനങ്ങളെ ബോധ്യപ്പെടുത്തണം. സംസ്കരിച്ച മാലിന്യം അന്യസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാനുമുള്ള സാധ്യതയും പരിശോധിക്കണം. മാലിന്യമല നീക്കാനുള്ള കോര്‍പറേഷന്‍ അധികൃതരുടെ നടപടി ആത്മാര്‍ത്ഥതയുള്ളതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ലാലൂരിലെ മാലിന്യം നീക്കാന്‍ സിപിഐ എമ്മാണ് തടസ്സമെന്ന് വരുത്തിത്തീര്‍ക്കാന്‍ കോര്‍പറേഷന്‍ അധികൃതരും മറ്റുചിലരും നടത്തുന്ന പ്രകോപനപരമായ നിലപാട് തിരുത്താന്‍ ഭരണനേതൃത്വം തയ്യാറാകണം.

deshabhimani 160412

No comments:

Post a Comment