Monday, April 23, 2012

മനുഷ്യസാഗരത്തില്‍ അണിചേരാന്‍ ഹെലനും മകള്‍ അനീഷയും

തീരദേശത്ത് മനുഷ്യസാഗരം: ജനലക്ഷങ്ങള്‍ കണ്ണിചേരും

ഉപജീവനത്തിനായി ജീവന്‍ പണയംവച്ച് തിരമാലകളോട് മല്ലിടുന്ന മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി 28നു സംഘടിപ്പിക്കുന്ന മനുഷ്യസാഗരത്തിനുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി. മനുഷ്യസാഗരത്തിന്റെ പ്രചാരണാര്‍ഥമുള്ള തീരദേശ പ്രചാരണജാഥകള്‍ ഞായറാഴ്ച സമാപിച്ചു. മത്സ്യത്തൊഴിലാളിഗ്രാമങ്ങളിലാകെ ആവേശം നിറഞ്ഞ സ്വീകരണമാണ് ജാഥകള്‍ക്ക് ലഭിച്ചത്. 28ന് വൈകിട്ട് അഞ്ചിനാണ് മനുഷ്യസാഗരം. 222 തീരദേശമത്സ്യഗ്രാമത്തിലും പ്രതിജ്ഞയെടുക്കും. പ്രധാനകേന്ദ്രങ്ങളില്‍ പൊതുസമ്മേളനങ്ങളും നടക്കും.

കുടുംബം പോറ്റാന്‍ കടലില്‍ മത്സ്യബന്ധനത്തിനു പോയ പാവപ്പെട്ട രണ്ടു മത്സ്യത്തൊഴിലാളികളെ നിഷ്കരുണം വെടിവച്ചുകൊന്ന രണ്ട് ഇറ്റലിക്കാരെ രക്ഷിക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നടപടിക്കെതിരെ പ്രചാരണജാഥകളില്‍ രോഷമിരമ്പി. ഇറ്റാലിയന്‍ കപ്പലില്‍നിന്ന് വെടിയേറ്റു മരിച്ച സിങ്കുവിന്റെ നാടായ കന്യാകുമാരി ഇരയിമ്മന്‍ത്തുറ മുതല്‍ കാസര്‍കോട് മഞ്ചേശ്വരം വരെ മനുഷ്യസാഗരം നീളും. ഇറ്റലിക്കാര്‍ക്കു വേണ്ടി മത്സ്യത്തൊഴിലാളികളെ ഒറ്റുകൊടുത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ താക്കീതാകും 590 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള മനുഷ്യസാഗരം.

25നും 26നും മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ സ്ക്വാഡുകള്‍ ഭവനസന്ദര്‍ശനം നടത്തും. 27നു രാത്രി ഏഴിന് എല്ലാ മത്സ്യത്തൊഴിലാളി ഭവനത്തിലും തീരദേശപാതകളിലും ദീപം തെളിക്കും. കടലില്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള സുരക്ഷ ശക്തിപ്പെടുത്തുക, മത്സ്യമേഖലാ പ്രാതിനിധ്യം ഉറപ്പാക്കി സംസ്ഥാന തീരദേശ ജാഗ്രതാസമിതി രൂപീകരിക്കുക, മരിച്ച മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും ഫിഷിങ് ബോട്ട് ഉടമകള്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കുക, അറേബ്യന്‍ സമുദ്രം ഹൈ അലര്‍ട്ട് ഏരിയയായി പ്രഖ്യാപിച്ചത് പുനഃപരിശോധിക്കുക, 60 നോട്ടിക്കല്‍ മൈലിനപ്പുറം മാത്രമേ കപ്പല്‍ യാത്രചെയ്യാന്‍ അനുവദിക്കാവൂ എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മനുഷ്യസാഗരം സംഘടിപ്പിക്കുന്നത്.

മനുഷ്യസാഗരത്തില്‍ അണിചേരാന്‍ ഹെലനും മകള്‍ അനീഷയും

കൊല്ലം: "എനിക്കും എന്റെ കുടുംബത്തിനുമുണ്ടായ ദുരനുഭവം ഇനി ആര്‍ക്കുമുണ്ടാകരുത്"- മത്സ്യബന്ധനത്തിനിടെ ബോട്ടില്‍ കപ്പല്‍ ഇടിച്ചു മരിച്ച മത്സ്യത്തൊഴിലാളി പള്ളിത്തോട്ടം ബെര്‍ണാഡ് എന്ന ബേബിച്ചന്റെ (37) ഭാര്യ ഹെലന്റെ കണ്ണുകളില്‍ ഭാവിയെക്കുറിച്ചുള്ള ചിന്തകള്‍ തിരയടിച്ചു. ഏക മകള്‍ അനീഷ (ഒമ്പത്)യെ പഠിപ്പിച്ച് വലിയ നിലയിലാക്കണമെന്നായിരുന്നു ബേബിച്ചന്റെ മോഹം. മൂന്നു മാസംമുമ്പ് വാങ്ങിയ വീടിന്റെ കടവും ബാക്കിയാണ്. ബാധ്യതകളില്‍നിന്ന് കരകയറാനും മകളെ പഠിപ്പിക്കാനുമായി ആഴ്ചയില്‍ ആറുദിവസവും കടലില്‍ പണിയെടുത്തു. എന്നാല്‍, പ്രതീക്ഷകളെയെല്ലാം അപകടം കവര്‍ന്നെടുത്തു.

കഴിഞ്ഞ മാര്‍ച്ച് ഒന്നിന് ആലപ്പുഴ തോട്ടപ്പള്ളി ഭാഗത്ത് പ്രഭുദയ കപ്പല്‍ ഡോണ്‍- ഒന്ന് ബോട്ടില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ബേബിച്ചന്‍ ഉള്‍പ്പെടെ അഞ്ചു മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. മരിച്ചവരില്‍ പള്ളിത്തോട്ടം സ്വദേശി ജോസ് സ്റ്റീഫനും കോവില്‍തോട്ടം സ്വദേശി ജസ്റ്റിനും ബേബിച്ചന്റെ ബന്ധുക്കളാണ്. ബേബിച്ചന്റെ കുടുംബത്തിന് കപ്പല്‍ ഉടമയില്‍നിന്ന് നഷ്ടപരിഹാരം ലഭിച്ചെങ്കിലും ഹെലന് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം നടപ്പായില്ല. മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണംനല്‍കണമെന്ന് ആവശ്യപ്പെട്ട് 28ന് തീരദേശത്ത് സംഘടിപ്പിക്കുന്ന മനുഷ്യസാഗരത്തില്‍ കുടുംബസമേതം പങ്കെടുക്കുമെന്ന് ഹെലന്‍ പറഞ്ഞു.

"കടല്‍പ്പണിക്കുപോകുന്നവരുടെ കുടുംബങ്ങള്‍ ഇപ്പോള്‍ ആശങ്കയോടെയാണ് കഴിയുന്നത്. ജീവനോടെ തിരികെവരുമെന്ന് ഒരു ഉറപ്പും ഇല്ലാതായി" - ഹെലന്‍ പറഞ്ഞു. മനുഷ്യസാഗരത്തിന്റെ പ്രചാരണ ജാഥയ്ക്ക് സ്വീകരണം നല്‍കാന്‍ ഹെലന്‍ മകള്‍ക്കൊപ്പമാണ് പോയത്.
(സനല്‍ ഡി പ്രേം)

deshabhimani 230412

1 comment:

  1. "എനിക്കും എന്റെ കുടുംബത്തിനുമുണ്ടായ ദുരനുഭവം ഇനി ആര്‍ക്കുമുണ്ടാകരുത്"- മത്സ്യബന്ധനത്തിനിടെ ബോട്ടില്‍ കപ്പല്‍ ഇടിച്ചു മരിച്ച മത്സ്യത്തൊഴിലാളി പള്ളിത്തോട്ടം ബെര്‍ണാഡ് എന്ന ബേബിച്ചന്റെ (37) ഭാര്യ ഹെലന്റെ കണ്ണുകളില്‍ ഭാവിയെക്കുറിച്ചുള്ള ചിന്തകള്‍ തിരയടിച്ചു. ഏക മകള്‍ അനീഷ (ഒമ്പത്)യെ പഠിപ്പിച്ച് വലിയ നിലയിലാക്കണമെന്നായിരുന്നു ബേബിച്ചന്റെ മോഹം. മൂന്നു മാസംമുമ്പ് വാങ്ങിയ വീടിന്റെ കടവും ബാക്കിയാണ്. ബാധ്യതകളില്‍നിന്ന് കരകയറാനും മകളെ പഠിപ്പിക്കാനുമായി ആഴ്ചയില്‍ ആറുദിവസവും കടലില്‍ പണിയെടുത്തു. എന്നാല്‍, പ്രതീക്ഷകളെയെല്ലാം അപകടം കവര്‍ന്നെടുത്തു.

    ReplyDelete