Tuesday, April 24, 2012

ലീഗ് വീണ്ടും നാണംകെട്ടു


തേഞ്ഞിപ്പലം: കലിക്കറ്റ് സര്‍വകലാശാലയില്‍ വിവാദ ഭൂമി കൈമാറ്റം സംബന്ധിച്ച തുടര്‍നടപടി നിര്‍ത്തിവയ്ക്കാന്‍ തയ്യാറായതിലൂടെ ലീഗ് വീണ്ടും നാണംകെട്ടു. വൈസ് ചാന്‍സലറായി മുസ്ലിംലീഗ് പ്രാദേശിക നേതാവിനെ നിയമിക്കാന്‍ നീക്കം നടത്തി പരാജയപ്പെട്ട ലീഗിന് പുതിയ നീക്കം വീണ്ടും തിരിച്ചടിയായി. അഴിമതിക്കും സ്വജനപക്ഷപാതത്തിനും വേണ്ടി ഏതറ്റം വരെയും പോകുന്ന ലീഗിന്റെ വൃത്തികെട്ട മുഖമാണ് ഒരിക്കല്‍ക്കൂടി വെളിപ്പെട്ടത്.

മുന്‍ പിഎസ്സി അംഗവും റിട്ട. ഹൈസ്കൂള്‍ അധ്യാപകനുമായ പള്ളിക്കല്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി പി അബ്ദുല്‍ ഹമീദിനെ വി സിയാക്കാനാണ് ലീഗ് അധികാരമേറ്റയുടന്‍ ശ്രമിച്ചത്. വന്‍ എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് തീരുമാനം ഉപേക്ഷിക്കാന്‍ ലീഗ് തയ്യാറായത്. അതിനുശേഷവും അഴിമതിയും സ്വജനപക്ഷപാതവുമായാണ് ലീഗ് മുന്നോട്ടുപോയത്. സിന്‍ഡിക്കേറ്റിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് ലീഗ് നേതാക്കളും ബന്ധുക്കളും ഭാരവാഹികളായ ട്രസ്റ്റുകള്‍ക്ക് ഏക്കര്‍കണക്കിന് ഭൂമി കൈമാറാനായിരുന്നു നീക്കം. ഭൂമി കൈമാറ്റം സംബന്ധിച്ച് കലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയീസ് യൂണിയന്‍ തുടക്കം മുതല്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. അപേക്ഷിക്കുന്നവര്‍ല്ലൊം ഭൂമി നല്‍കുന്നതിനുപിന്നില്‍ വന്‍ അഴിമതിയുണ്ടെന്നായിരുന്നു ആരോപണം. ഇതിനെ വകവയ്ക്കാതെയാണ് സിന്‍ഡിക്കേറ്റും വിസിയും മുന്നോട്ടുപോയത്. എന്ത് പ്രതിഷേധമുണ്ടായാലും തീരുമാനവുമായി മുന്നോട്ടുപോകുമെന്നായിരുന്നു സിന്‍ഡിക്കേറ്റംഗങ്ങളുടെ പ്രതികരണം.

എന്നാല്‍ അഞ്ചാം മന്ത്രി വിവാദവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ സര്‍വകലാശാലയിലും പ്രതിധ്വനിച്ചു. സിന്‍ഡിക്കേറ്റിലെ കോണ്‍ഗ്രസ് അംഗങ്ങളായ ആര്‍ എസ് പണിക്കറും പ്രശാന്ത്കുമാറും ഭൂമി കൈമാറ്റത്തിനെതിരെ രംഗത്തുവന്നത് ഇതിന്റെകൂടെ ഭാഗമായാണ്. ലീഗിനെ പ്രതിരോധത്തിലാക്കാന്‍ ലഭിച്ച അവസരം അവര്‍ സമര്‍ഥമായി ഉപയോഗിച്ചു. ചാനലുകള്‍ക്കുമുന്നിലെത്തി ഭൂമിവിവാദവുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിക്കാനും ആര്‍ എസ് പണിക്കര്‍ തയ്യാറായി. ചാനലുകളിലും പത്രങ്ങളിലും തുടര്‍ച്ചയായി വാര്‍ത്തകള്‍ വന്നതും ലീഗിനെ പ്രതിരോധത്തിലാക്കി. ഒടുവില്‍, നിവൃത്തികെട്ടാണ് തുടര്‍ നടപടി ഉപേക്ഷിക്കാനുള്ള നീക്കങ്ങള്‍ക്ക് സിന്‍ഡിക്കേറ്റ് നിര്‍ബന്ധിതമായത്.

വിഷയത്തില്‍ സര്‍വകലാശാലയിലെ കോണ്‍ഗ്രസ് സര്‍വീസ് സംഘടനയായ കുസോക്ക് ആര്‍ എസ് പണിക്കരുടേതില്‍ നിന്നും വ്യത്യസ്തമായ നിലപാടാണുള്ളത്. യുഡിഎഫ് സിന്‍ഡിക്കേറ്റിനെ പ്രതിരോധത്തിലാക്കുന്ന നിലപാടുമായി മുന്നോട്ടുപോകരുതെന്നാണ് ഇവരുടെ നിലപാട്. എന്നാല്‍ സംഘടനയിലെ പലര്‍ക്കും ആര്‍ എസ് പണിക്കരുടെ മാനസികമായ പിന്തുണയുണ്ട്. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും രണ്ടുതട്ടിലാണ്. തിങ്കളാഴ്ച കുസോ വിളിച്ച യോഗത്തിലും പണിക്കര്‍ തന്റെ നിലപാടില്‍നിന്ന് പിന്നോട്ട് പോകുന്നില്ലെന്നാണ് അറിയിച്ചത്. വിവാദ ഭൂമികൈമാറ്റ നടപടി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് പറയാന്‍ സിന്‍ഡിക്കേറ്റംഗങ്ങള്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലും പണിക്കരും പ്രശാന്ത്കുമാറും പങ്കെടുത്തില്ല. വിവാദമുണ്ടായിട്ടില്ലായിരുന്നുവെങ്കില്‍ സര്‍വകലാശാലയുടെ ഏക്കര്‍കണക്കിന് ഭൂമി അന്യാധീനപ്പെട്ടുപോകുമായിരുന്നു എന്നാണ് പണിക്കര്‍ പിന്നീട് വാര്‍ത്താലേഖകരോട് പ്രതികരിച്ചത്. രണ്ട് പാര്‍ടികള്‍ക്കുമിടയിലെ അഭിപ്രായഭിന്നത വരുംനാളുകളില്‍ കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത.

ഗൂഢാലോചനയെന്ന് വി സി

മലപ്പുറം: കലിക്കറ്റ് സര്‍വകലാശാലയില്‍ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നില്‍ ഗൂഢാലോചന നടന്നതായി വൈസ്ചാന്‍സലര്‍ ഡോ. അബ്ദുള്‍ സലാം പ്രസ്താവനയില്‍ പറഞ്ഞു. 1968ല്‍ സര്‍വകലാശാല സ്ഥാപിതമായപ്പോള്‍, അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ആരോപണങ്ങളും ഗൂഢാലോചനകളും നടന്നിരുന്നു. അതിന്റെ തുടര്‍ച്ചമാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. വിദ്യാഭ്യാസരംഗത്ത് മലബാറിന്റെ പുരോഗതിക്ക് തുരങ്കംവയ്ക്കുകയാണ് ഇവരുടെ ലക്ഷ്യം. ഭൂമി കൈമാറാന്‍ സര്‍വകലാശാല തീരുമാനിച്ചിട്ടില്ല. ഒളിമ്പിക് അസോസിയേഷന്‍ നല്‍കിയ അപേക്ഷയില്‍ കേന്ദ്രþസംസ്ഥാന സര്‍ക്കാരുകള്‍, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ എന്നിവരുമായി ചര്‍ച്ചചെയ്യാന്‍ മാത്രമാണ് തീരുമാനിച്ചത്. സി എച്ച് ചെയറിനുവേണ്ടി ഗ്രേസ് അസോസിയേഷന്‍ നല്‍കിയ അപേക്ഷയില്‍ നിര്‍ദേശം പരിഗണിക്കാം എന്നുമാത്രമാണ് ഉറപ്പുനല്‍കിയത്. ബാഡ്മിന്റണ്‍ ട്രസ്റ്റ് നല്‍കിയ അപേക്ഷ പരിശോധിക്കാന്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയെ ചുമതലപ്പെടുത്തിയതേയുള്ളു. മറ്റുള്ള വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നും വി സി അറിയിച്ചു.

വി സിയെ പുറത്താക്കണം: എംപ്ലോയീസ് യൂണിയന്‍

മലപ്പുറം: കലിക്കറ്റ് സര്‍വകലാശാലാ ഭൂമി അനധികൃതമായി കൈമാറാന്‍ കൂട്ടുനിന്ന വൈസ് ചാന്‍സലര്‍ ഡോ. അബ്ദുള്‍ സലാമിനെ ഗവര്‍ണര്‍ ഇടപെട്ട് തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്ന് കലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയീസ് യൂണിയന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങള്‍പോലും അംഗീകരിക്കാത്ത വൈസ് ചാന്‍സലര്‍ ഭൂമി കൈമാറ്റത്തില്‍ അനാവശ്യ തിടുക്കം കാണിച്ചതില്‍ ദുരൂഹതയുണ്ട്. ഇതുസംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ അധികൃതര്‍ തയ്യാറാകണം. സര്‍വകലാശാലയിലെ അനധികൃത ഭൂമി കൈമാറ്റം യൂണിയന്‍ നേരത്തെതന്നെ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്. ഭൂമി കൈമാറ്റത്തിനെതിരെ സിന്‍ഡിക്കേറ്റിലെ രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍തന്നെ രംഗത്തെത്തിയത് ശ്രദ്ധേയമാണ്. വഴിവിട്ട നീക്കങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. അതിനാല്‍ വി സിയെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്നും യൂണിയന്‍ ജനറല്‍ സെക്രട്ടറി എസ് സദാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം ചേരും

മലപ്പുറം: കലിക്കറ്റ് സര്‍വകലാശാലയുടെ കോടികള്‍ വിലമതിക്കുന്ന ഭൂമിദാനത്തിന് പിന്നിലെ വന്‍ തട്ടിപ്പ് പുറത്തായതോടെ വിഷയം ചര്‍ച്ചചെയ്യാന്‍ പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം ചേരു മെന്ന് അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സര്‍വകലാശാലയുടെ ദേശീയപാതയോട് ചേര്‍ന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമിയാണ് കൃത്യമായ വ്യവസ്ഥകളോ മാനദണ്ഡങ്ങളോ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോ ഇല്ലാതെ കൈമാറുന്നത്. ഭൂമി കൈമാറ്റത്തിനെതിരെ വിവിധ സംഘടനകള്‍ പ്രക്ഷോഭം തുടങ്ങിയതും സര്‍വകലാശാലക്ക് ഭൂമി വിട്ടുനല്‍കിയവര്‍ കോടതിയെ സമീപിക്കാനൊരുങ്ങിയതും അധികൃതരെ കുഴക്കി.

ഇതിനിടെ യൂത്തുകോണ്‍ഗ്രസും കെഎസ്യുവും പ്രക്ഷോഭത്തിനൊരുങ്ങിയതോടെ സി എച്ച് ചെയര്‍, ഒളിമ്പിക് അസോസിയേഷന്‍, ബാഡ്മിന്റണ്‍ ട്രസ്റ്റ് എന്നിവയ്ക്ക് ഭൂമി കൈമാറുന്നതിന്റെ തുടര്‍ നടപടി നിര്‍ത്തിവയ്ക്കാന്‍ തിങ്കളാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ അനൗദ്യോഗിക യോഗം തീരുമാനിക്കുകയായിരുന്നു. സര്‍വകലാശാലയില്‍ അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്ന ഭരണം നടത്തുന്ന വൈസ് ചാന്‍സലര്‍ ഡോ. അബ്ദുള്‍സലാമാണ് ഭൂമിദാനത്തിന് പിന്നിലെ ബുദ്ധികേന്ദ്രമെന്നും ആരോപണമുണ്ട്. ഇദ്ദേഹത്തെ പുറത്താക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

തുടര്‍നടപടി മരവിപ്പിക്കുമെന്ന് സിന്‍ഡിക്കേറ്റംഗങ്ങള്‍

തേഞ്ഞിപ്പലം: കലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസിലെ ഏക്കര്‍ കണക്കിന് ഭൂമി സ്വകാര്യ ബിസിനസ്സുകാര്‍ക്ക് നല്‍കാനുള്ള തീരുമാനം താല്‍ക്കാലികമായി മരവിപ്പിക്കുമെന്ന് സിന്‍ഡിക്കേറ്റംഗങ്ങള്‍ വ്യക്തമാക്കി. സി എച്ച് ചെയര്‍, ഒളിമ്പിക്സ് അസോസിയേഷന്‍, ബാഡ്മിന്റണ്‍ ട്രസ്റ്റ് എന്നിവയ്ക്ക് സര്‍വകലാശാലാ ഭൂമി നല്‍കാനുള്ള തീരുമാനമാണ് മരവിപ്പിക്കുക. ഭൂമിദാനം സംബന്ധിച്ച തുടര്‍നടപടി നിര്‍ത്തിവയ്ക്കാന്‍ വൈസ് ചാന്‍സലറോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര സിന്‍ഡിക്കേറ്റ് യോഗം വിളിച്ച് കാര്യങ്ങള്‍ ചര്‍ച്ചചെയ്യും. പ്രാഥമിക നടപടികളേ സ്വീകരിച്ചിട്ടുള്ളൂ. അന്തിമതീരുമാനം കൈക്കൊണ്ടിട്ടില്ല. തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് പരിഹരിച്ച് മുന്നോട്ടുപോകും. വേണ്ടിവന്നാല്‍ ഭൂമികൈമാറ്റ തീരുമാനം ഉപേക്ഷിക്കുമെന്നും സിന്‍ഡിക്കേറ്റംഗങ്ങള്‍ വ്യക്തമാക്കി.

സിന്‍ഡിക്കേറ്റിലെ കോണ്‍ഗ്രസ് അംഗങ്ങളായ ആര്‍ എസ് പണിക്കര്‍, പ്രശാന്ത്കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍നിന്ന് വിട്ടുനിന്നു. മറ്റ് 11 അംഗങ്ങളാണ് പങ്കെടുത്തത്.

deshabhimani 240412

1 comment:

  1. കലിക്കറ്റ് സര്‍വകലാശാലയില്‍ വിവാദ ഭൂമി കൈമാറ്റം സംബന്ധിച്ച തുടര്‍നടപടി നിര്‍ത്തിവയ്ക്കാന്‍ തയ്യാറായതിലൂടെ ലീഗ് വീണ്ടും നാണംകെട്ടു. വൈസ് ചാന്‍സലറായി മുസ്ലിംലീഗ് പ്രാദേശിക നേതാവിനെ നിയമിക്കാന്‍ നീക്കം നടത്തി പരാജയപ്പെട്ട ലീഗിന് പുതിയ നീക്കം വീണ്ടും തിരിച്ചടിയായി. അഴിമതിക്കും സ്വജനപക്ഷപാതത്തിനും വേണ്ടി ഏതറ്റം വരെയും പോകുന്ന ലീഗിന്റെ വൃത്തികെട്ട മുഖമാണ് ഒരിക്കല്‍ക്കൂടി വെളിപ്പെട്ടത്.

    ReplyDelete