Monday, April 23, 2012

അമേരിക്കന്‍ വ്യവസായികളുടെ ആശങ്കകള്‍ പരിഹരിക്കും: പ്രണബ്


വാഷിങ്ടണ്‍: ഇന്ത്യന്‍ സര്‍ക്കാര്‍ സാമ്പത്തിക പരിഷ്കരണത്തിന് ബാധ്യസ്ഥമാണെന്നും അമേരിക്കന്‍ വ്യവസായികളുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി വ്യക്തമാക്കി. ബാങ്കിങ്, പെന്‍ഷന്‍, ഇന്‍ഷുറന്‍സ് എന്നീ രംഗങ്ങളില്‍ പരിഷ്കരണ നിയമങ്ങള്‍ ഈ വര്‍ഷംതന്നെ പാസാക്കാനാകുമെന്നും പ്രണബ് വിശ്വാസം പ്രകടിപ്പിച്ചു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുമായി ചേര്‍ന്ന് പീറ്റര്‍ ജി പീറ്റേഴ്സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍നാഷണല്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിച്ചശേഷം അമേരിക്കക്കാരുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടികളിലാണ് ധനമന്ത്രി ഈ ഉറപ്പുകള്‍ നല്‍കിയത്.

ചില കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. പെന്‍ഷന്‍ നിധി നിയന്ത്രണനിയമം, ഇന്‍ഷുറന്‍സ് നിയമം, ബാങ്കിങ് ഭേദഗതി നിയമം എന്നിവയുടെ പ്രാഥമിക നടപടി പൂര്‍ത്തിയായതായും ഈ വര്‍ഷംതന്നെ ഈ നിയമങ്ങള്‍ പാസാക്കാനാകുമെന്നു കരുതുന്നതായും പ്രണബ് പറഞ്ഞു. കൂട്ടുകക്ഷി ജനാധിപത്യത്തിന്റെ സമ്മര്‍ദങ്ങളുണ്ടെന്നും ചില പരിഷ്കാര നടപടി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പിന്നോട്ടടിച്ചെന്നും പറഞ്ഞ പ്രണബ് പല കാര്യങ്ങളിലും സര്‍ക്കാര്‍ ഭരണപരവും നിയമപരവുമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടതായി വ്യക്തമാക്കി. ഭക്ഷ്യരംഗത്തൊഴികെ മുഴുവന്‍ സബ്സിഡികളും ഇല്ലാതാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രണബ് പറഞ്ഞു.

പാചകവാതക സബ്സിഡി ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്ക് മാത്രമായി ചുരുക്കുന്നതിനുള്ള നടപടി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചതായും ഈ പരിഷ്കരണം ഉടന്‍ സാര്‍വത്രികമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുപോലെ രാസവളങ്ങളുടെയും മണ്ണെണ്ണയുടെയും സബ്സിഡികളും ലഭിക്കുന്നവരുടെ എണ്ണം വെട്ടിക്കുറയ്ക്കും. ഇപ്പോള്‍ ജിഡിപിയുടെ രണ്ടു ശതമാനമുള്ള സബ്സിഡികള്‍ മൂന്നുവര്‍ഷംകൊണ്ട് 1.75 ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യം. യൂറോപ്യന്‍ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം കണക്കിലെടുക്കുമ്പോള്‍ അത് പരിഹരിക്കുന്നതിനുള്ള രാഷ്ട്രീയ സമവായമുണ്ടാക്കുക പ്രയാസമാണെന്ന് പ്രണബ് പറഞ്ഞു.

deshabhimani 230412

1 comment:

  1. പാവങ്ങളാണേലും ഞങ്ങള് പായസചോറു തരാം...

    ReplyDelete